‘എങ്ങനെ ഉണ്ട്.. കൊള്ളാമോ..?
‘ഉയ്യോ… ശരിക്കും റോക്കി ഭായിയെ പോലെ തന്നെ..!
‘ഉസ്തല്ലേ…’
അവളുടെ കളിയാക്കി ഡയലോഗിനെ പ്രതിരോധിച്ചു ഞാൻ പറഞ്ഞു
‘ശരിക്കും.. യാഷിന്റെ ഒരു ഷേപ്പ് ഒക്കെ എവിടെയോ ഉണ്ട്..’
‘യാഷിന്റെ….’
ഞാൻ മുഴുവൻ പൂരിപ്പിച്ചില്ല.. പുറത്തെ കണ്ണാടിയിൽ നോക്കി
‘ഈ താടി ആയിരിക്കും അല്ലെ യാഷിനെ പോലെ..’
‘അയ്യടാ..’
ഇഷാനി എന്നെ കളിയാക്കി
‘ഇത് കളയണം.. കുറെയായി.. ക്ലീൻ ഷേവ് ചെയ്യണം..’
ഞാൻ താടിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു
‘അയ്യേ താടി മീശ ഒന്നും കളയണ്ട. ഇതാണ് നല്ലത്..’
ഇഷാനി എന്റെ താടിയിൽ നോക്കി പറഞ്ഞു. ഞാൻ ഷർട്ട് മാറാൻ റൂമിൽ കയറി തിരിച്ചു വന്നപ്പോൾ അവൾ ഡ്രെസ്സിന്റെ പൈസ കൊടുത്തു കഴിഞ്ഞിരുന്നു.
‘എന്റെ ചേച്ചിയുടെ കല്യാണത്തിന്റെ ചിലവ്..’
തിരിച്ചു ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ലൈറ്റ് ഒക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. ഞാനും കുറച്ചു നേരം അവിടെയൊക്കെ ഹെല്പ് ചെയ്തു നിന്നു. പിന്നെ തഞ്ചം കിട്ടിയപ്പോൾ ഇഷാനി ഞാനുമായി പിറകിലെ തൊടിയിലേക്ക് ഇറങ്ങി. അതിനും പിന്നിൽ വയലായിരുന്നു. ആ വഴി ആണ് ഇഷാനി ഒക്കെ അമ്പലത്തിൽ പോകുന്നത്. അതാണ് എളുപ്പം. വണ്ടിയിൽ ആണ് കുറച്ചു കറങ്ങി പോകണം. പിന്നെയും ഒരുപാട് സ്‌ഥലങ്ങൾ അവളെനിക്ക് കാണിച്ചു തരാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യണതലേന്നത്തെ തിരക്ക് കാരണം അവളെക്കൊണ്ട് അതൊന്നും നടക്കില്ല. അത് കൊണ്ട് അത് പിന്നെ ഒരിക്കൽ ആകാമെന്ന് അവൾ പറഞ്ഞു. ആ “പിന്നെ” എന്നായിരിക്കും എന്ന് ഞാൻ ഓർത്തു
തിരിച്ചു വീട്ടിൽ വന്നു ഞാൻ അവളുടെ റൂമിൽ ചെന്നു. അവളുടെ റൂമിൽ ഇപ്പൊ ശ്രുതി ആണ്. എന്നാലും ഇഷാനിയുടെ അത്യാവശ്യം സാധനങ്ങൾ ഒക്കെ ഇപ്പോളും ഇവിടെ ഉണ്ട്. പ്രത്യേകിച്ച് അവളുടെ വയലിൻ. എനിക്ക് ബോറടിക്കാതെ ഇരിക്കാനായി അവൾ അവരുടെ ആൽബം എടുത്തു കൊണ്ട് വന്നു എന്നെ കാണിച്ചു. ഇഷാനിയുടെ ചെറുപ്പത്തിലേ ഫോട്ടോ എല്ലാം കണ്ടു എനിക്ക് വല്ലാത്ത വാത്സല്യം അവളോട് തോന്നി. അപ്പോളാണ് ഒരു പേജ് മറിച്ചപ്പോൾ അവൾ തുണിയില്ലാതെ നിലത്തു കിടക്കുന്ന കുഞ്ഞിലത്തെ ഫോട്ടോ വന്നത്. അത് കണ്ടതും അവൾ പെട്ടന്ന് ആൽബം അടച്ചു എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങി