‘ഈ എന്റെ…!
ഇഷാനി സ്വയം വിരൽ ചൂണ്ടി പറഞ്ഞു.
‘നിന്റെയോ.. ശരിക്കും നിന്റെ പേരിൽ ഉള്ളതാ..?
‘ആ.. എന്റെ അച്ഛന്റെ പേരിൽ ആയിരുന്നു. ഇപ്പൊ എന്റെ പേരിലാണ്.. അവിടെ ഇപ്പൊ വേറെ വാടകക്കാർ ആണ് താമസിക്കുന്നത്. ചെറിയൊരു വാടക എനിക്ക് കിട്ടും.. അവരില്ലായിരുന്നു എങ്കിൽ നമുക്ക് അവിടെ പോയി നോക്കാമായിരുന്നു..’
ഇഷാനി പിന്നെയും എനിക്ക് അവളുടെ വീട് പരിസരമെല്ലാം കാണിച്ചു തന്നു. ഈ നാട്ടിൽ എല്ലാ വീട്ടിലും ചെറുതായെങ്കിലും ഒരു പൂന്തോട്ടം ഉള്ളത് പോലെ തോന്നി. വേലി പോലെ കെട്ടുന്ന ഗന്ധരാജൻ ചെടി മുതൽ തൊടിയിൽ പൂത്തു നിൽക്കുന്ന പനിനീർപൂവ് വരെ.. ആരോ ഈ നാടിന് അറിഞ്ഞിട്ട പേരാണ് പൂക്കുട എന്നത്. വീട് മുഴുവൻ ചുറ്റി കണ്ടതിനു ശേഷം വിട പറയാൻ ഞാൻ തയ്യാറെടുത്തു.. അവളില്ലാതെ ഇനി തിരിച്ചു ഇത്രയും ദൂരം പോകണം എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി.. അവളുടെ മുഖത്തും ഒരു വിഷമം ഉണ്ടായിരുന്നു. അതെന്തിനാണ് എന്ന് എനിക്ക് അറിയില്ല. പോകുന്നതിന് മുമ്പ് അവളുടെ വീട്ടിൽ ഉള്ളവരോട് യാത്ര പറയാമെന്നു കരുതി ഞാൻ ആദ്യം രവിയച്ഛന്റെ അടുക്കൽ ചെന്നു
‘ഞാൻ എന്നാ ഇറങ്ങട്ടെ..’
‘ആഹാ പോകുവാണോ..?
രവിയച്ഛൻ സംശയത്തോടെ എന്നെ നോക്കി
‘ഇപ്പൊ പോയാൽ ഒത്തിരി വൈകാതെ അങ്ങ് ചെല്ലാമായിരുന്നു..’
‘കല്യാണവീട്ടിൽ വന്നിട്ട് നീ ഫ്രണ്ടിനെ കല്യാണം കാണിക്കാതെ പറഞ്ഞു വിടുവാണോ ഇഷ മോളെ..?
രവിയച്ഛൻ ആ ചോദ്യം അവളോടാണ് ചോദിച്ചത്.. ഇഷാനി എന്ത് പറയണം എന്നറിയാതെ എന്നെ നോക്കി
‘അയ്യോ ഞാൻ സത്യം പറഞ്ഞാൽ അവളെ ഇവിടെ ആക്കാൻ വന്നതാണ്.. വേറെ വണ്ടി ഇല്ലാഞ്ഞത് കൊണ്ട്.. ‘
‘ദൂരം ആയത് കൊണ്ട് കൂട്ടുകാർ ഒന്നും വരില്ല എന്ന് നീ പറഞ്ഞു. ഇപ്പൊ അത്രയും ദൂരത്തു നിന്ന് ഒരാൾ വന്നിട്ട് നീ ഫ്രണ്ട്നോട് പോകണ്ട എന്ന് പോലും പറയുന്നില്ലേ..?
രവിയച്ഛൻ വീണ്ടും സംസാരിച്ചത് അവളോടാണ്.. ഇത്തവണ അവൾ ഉത്തരം കൊടുത്തു