‘നിന്റെ ചേച്ചിക്ക് എന്തായാലും നാളെ വേറെ മുടി വക്കേണ്ടി വരില്ലല്ലോ കല്യാണത്തിന്..!
‘ആന്നെ.. പാറുവിന് കല്യാണത്തിന് തിരുപ്പൻ വക്കേണ്ടി വരില്ലെന്ന് ഞാൻ ഈയിടെ വിളിച്ചപ്പോ കൂടി പറഞ്ഞു..’
‘മുടി മുറിച്ചില്ലായിരുന്നേൽ നിനക്കും വേണ്ടി വരില്ലായിരുന്നു.. ഇത്രയും മുടി ഉണ്ടായിരുന്നോ ഇഷാനി നിനക്ക്..?
‘ഉണ്ടായിരുന്നോന്നോ… ഇവൾക്കായിരുന്നു ഏറ്റവും ഉള്ളും ഭംഗിയും ഒക്കെ.. ഒരു തവണ അവധിക്ക് വന്നപ്പോൾ ദേ നിക്കുന്നു എന്റെ മുന്നിൽ മുടിയും മുറിച്ചു… ഇവളുടെ രവിയച്ഛൻ എന്നെ കൊല്ലും, അല്ലേൽ ഞാൻ അന്നിവളെ ശരിക്കും തല്ലിയേനെ..’
ഞങ്ങളുടെ വർത്തമാനം കേട്ടോണ്ട് വന്ന അവളുടെ പേരമ്മ ആണ് ഈ കാര്യം പറഞ്ഞത്.. പേരപ്പനെ രവിയച്ഛൻ എന്ന് വിളിക്കുന്ന പോലെ പേരമ്മയെ രവിയമ്മ എന്നാണ് അവൾ വിളിക്കുന്നത്.. ചെറുപ്പം മുതൽ വിളിച്ചു ശീലിച്ചു പോയതാണ്. രവിയമ്മ അവിടേക്ക് വന്നപ്പോൾ ഇഷാനി നൂനുവിനെ തറയിൽ നിർത്തി എഴുന്നേറ്റു. രവിയമ്മ വിഷമത്തോടെ അവളുടെ മുടിയിൽ തലോടി
‘ഇപ്പോളും എനിക്ക് ഇവളെ കാണുമ്പോൾ സങ്കടമാ..’
രവിയമ്മ എന്നെ നോക്കി പറഞ്ഞു.
‘ചേച്ചി മുടി ക്യാൻസർ രോഗികൾക്ക് കൊടുക്കാൻ വേണ്ടി മുറിച്ചത് അല്ലെ.. അതൊരു നല്ല കാര്യം അല്ലെ..’
അവിടേക്ക് വന്ന ശ്രുതി ഇഷാനിയെ സപ്പോർട്ട് ചെയ്തു. ക്യാൻസർ രോഗികളുടെ കാര്യം ഞാൻ ഇപ്പോളാണ് അറിയുന്നത്. ഇഷാനി ഇത് വരെ അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവളെ നോക്കിയപ്പോ അവൾ മുഖം മാറ്റി..
‘എന്തോരം എണ്ണ ഇടിച്ചു കൊടുത്തിട്ടുള്ളതാ ഞാൻ.. എന്നോട് ഒന്ന് ചോദിച്ചു പോലുമില്ല..’
ഇഷാനിയുടെ മുടിയെ പറ്റി സംസാരം വരുമ്പോൾ രവിയമ്മ എപ്പോളും ഇമോഷണൽ ആകുമെന്ന് ഇഷാനി എന്നോട് പറഞ്ഞു. ക്യാൻസർ രോഗികൾക്ക് കൊടുത്ത കാര്യത്തെ പറ്റി ഞാൻ തിരക്കിയപ്പോൾ അവൾ മറ്റെന്തോ പറഞ്ഞു ഒഴിഞ്ഞു മാറി. ഞങ്ങൾ മെല്ലെ വീടിന് വെളിയിൽ ഇറങ്ങി. അവിടെ കുറച്ചു മാറി താഴെയായി ഒരു വീട് ചൂണ്ടി കാണിച്ചു ഇഷാനി എന്നോട് അതാരുടെ വീടാണെന്ന് ചോദിച്ചു
‘എനിക്കെങ്ങനെ അറിയാം.. നീ പറ..’