ഫുഡ് അകത്തു ടേബിളിൽ ആയിരുന്നു. അവിടെ വച്ചാണ് എല്ലാവരെയും പരിചയപ്പെട്ടത്. ഇഷാനിയുടെ പേരമ്മ അവളെ കണ്ട ഉടനെ തന്നെ രണ്ട് ദിവസം മുമ്പ് വരാഞ്ഞതിന് അവളെ ശകാരിച്ചു. ബാക്കിയുള്ള പരിചയപ്പെടൽ എല്ലാം ഭക്ഷണം കഴിച്ചതിനു ശേഷം ആയിരുന്നു.
കല്യാണപ്പെണ്ണിനെ ആണ് ആദ്യം അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. തമ്മിൽ കണ്ട ഉടനെ അവർ രണ്ടും കെട്ടിപിടിച്ചു വട്ടം കറങ്ങി. ഇഷാനിയുടെ ഇവിടുത്തെ ഏറ്റവും വലിയ കൂട്ടായിരുന്നു അവളുടെ പാറു ചേച്ചി. ഈ ചേച്ചിയുടെ ഫേസ്ബുക് ഐഡിയിൽ ആണ് ഞാൻ പണ്ട് ഇഷാനി വയലിൻ വായിക്കുന്നത് കണ്ടത്.
‘നീ വന്നില്ലെങ്കിൽ ആര് എനിക്ക് മൈലാഞ്ചി ഇട്ടു തരുമെന്ന് ഓർത്തു വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ..’
കെട്ടിപ്പിടുത്തം വിടാതെ പാറു പറഞ്ഞു
‘ഞാൻ വരാതെ നിന്റെ കല്യാണം നടക്കുവോ മോളെ..’
ഇഷാനി പാറുവിനെ ഞെക്കി പൊട്ടിക്കുന്ന പോലെ കെട്ടിപിടിച്ചു. ചേച്ചി ആണെങ്കിലും ഇഷാനിയുടെ അത്രയും നീളം പാർവതിക്ക് ഇല്ലായിരുന്നു. നിറവും ഇഷാനിക്ക് തന്നെ ആയിരുന്നു. എന്നാൽ ഇഷാനി ശരിക്കും അവളുടെ ചേച്ചിയുടെ മുന്നിൽ തോറ്റു പോകുന്നത് നീണ്ടു വിടർന്ന പനങ്കുല പോലെ എന്നൊക്കെ പറയാവുന്ന മുടിയുടെ കാര്യത്തിൽ ആണ്.. ഞങ്ങളുടെ പരിചയപ്പെടലിന് ഇടയിൽ ആണ് പാർവതിയുടെ അനിയത്തി ശ്രുതി അവിടേക്ക് ഓടി വരുന്നത്. ഇഷാനിയെ കണ്ട സന്തോഷത്തിൽ അവൾ കെട്ടിപ്പിടുത്തം മാത്രമല്ല ഒരു ഉമ്മയും കൊടുത്തു. അത് കഴിഞ്ഞാണ് ഞാൻ അവിടെ നിൽക്കുന്നത് അവൾ ശ്രദ്ധിക്കുന്നത് തന്നെ. ഈ ശ്രുതിയും എന്റെ കോളേജിലെ ശ്രുതി മോളെ പോലെ നീളം കുറഞ്ഞ ഒരു സുന്ദരി ആയിരുന്നു. പാർവതിയെപ്പോലെ തന്നെ നീണ്ട മുടി അവളിലും ഞാൻ ശ്രദ്ധിച്ചു. ശ്രുതി ഇഷാനിയേക്കാൾ മൂന്ന് വയസ്സ് ഇളപ്പമാണ്.
ഇവർക്കെല്ലാം എന്നെ പരിചയപ്പെടുത്തുമ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്ത ഒരു ആകാംക്ഷ ഉണ്ടായിരുന്നു. അതെന്തിനാണ് എന്നെനിക്ക് മനസിലായില്ല..
അടുത്തത് ഞങ്ങൾ പരിചയപ്പെട്ടത് എന്റെ ഒരു ചെറിയ ശത്രുവിനെ ആണ്. ഇവിടെ വരുമ്പോൾ ഒക്കെ ഇഷാനിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങാറുള്ള ഒരു കക്ഷി. എല്ലാവരും ഇഷാനിയെ കണ്ടു ഓടി വന്നു കെട്ടിപ്പിടിച്ചു എങ്കിൽ കക്ഷി മാത്രം ജാഡ ഇട്ടിരുന്നു. കയ്യിൽ വാരിയെടുത്തു മടിയിലിരുത്തി തലയിൽ തടവിയപ്പോൾ ആണ് നൂനു കുറച്ചെങ്കിലും അവളെ മൈൻഡ് ചെയ്തത്. ഈ സമയം അവിടെ ടിവിക്ക് മുകളിൽ ഇരുന്ന ഫോട്ടോകളിലേക്ക് എന്റെ ശ്രദ്ധ പോയി. ഇഷാനിയും പാർവതിയും ശ്രുതിയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ആയിരുന്നു. മൂന്ന് പേരും ഒരേ നിറത്തിലുള്ള പട്ട് പാവാട ആയിരുന്നു ധരിച്ചിരുന്നത്. ഇഷാനിയുടെ സഹോദരിമാർ നല്ല സുന്ദരികൾ ആയിരുന്നിട്ട് കൂടി ഈ ചിത്രത്തിൽ അവർ ഇഷാനിയുടെ സൗന്ദര്യത്തിന് മുന്നിൽ ഒന്നും അല്ല എന്ന് തോന്നി പോയി. ഫോട്ടോയിലെ ഇഷാനിയുടെ മുടി കണ്ടു ഞാൻ അതിശയപ്പെട്ടു.