ബൈക്ക് സത്യത്തിൽ മുറ്റം വരെ എത്തില്ലായിരുന്നു. ബൈക്ക് ചെല്ലുന്നിടത്ത് നിന്നും മുകളിൽ ആണ് വീട്. അവിടേക്ക് കല്ല് വെട്ടിയ പടവുകൾ. പടവുകൾക്ക് ഇരു വശവും പൂക്കൾ നിറഞ്ഞ ചെടികൾ. മുകളിൽ വീട്ടിൽ പടുത ഇട്ടിട്ടുണ്ട്. കല്യാണം ഇവിടെ അടുത്തുള്ള അമ്പലത്തിൽ വച്ചാണ്. വീട്ട് മുറ്റത്ത് എത്തുന്നതിനു മുന്നേ തന്നെ കല്യാണത്തിന് വന്ന പരിചയക്കാർ ഇഷാനിയോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. ഒപ്പം തന്നെ അവരൊക്കെ എന്നെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ഞങ്ങൾ പടവുകൾ കയറി വീടിന് മുന്നിലെത്തി. പൂഴി മണലും മുറ്റത്തിന് നടുവിൽ ഒരു തുളസിത്തറയും, കാട് പോലെ തഴച്ചു വളർന്ന നന്ദ്യാർവട്ടവും വീടിന് ഒരു മൂലയ്ക്കായി അശോകവും പൂത്തു നിന്നു. അശോകം പൂക്കുന്ന കാലം ഇതാണോ എന്ന് ഞാൻ ചിന്തിച്ചു. ഒരിക്കൽ വീട് വിട്ടറങ്ങി നാടോടികളുടെ ഒപ്പവും കള്ളന്മാരുടെ ഒപ്പവും സന്യാസിമാരുടെ ഒപ്പവും ഒക്കെ എനിക്ക് കഴിയേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരു ആശ്രമത്തിൽ ഇത് പോലെ പൂത്തു നിൽക്കുന്ന അശോകം ഓർമയുണ്ട്. പക്ഷെ ഇത് കാലം തെറ്റി പൂത്തത് പോലെ ആണ് എനിക്ക് തോന്നിയത്.. സ്ത്രീകളുടെ പാദസ്പർശം മൂലം അശോകം പുഷ്പിക്കുമെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്.. ഒരുപക്ഷെ ഇഷാനിയുടെ വരവാകാം ഈ വസന്തത്തിന് കാരണമെന്ന് എന്റെ മനസ് വെറുതെ ചിന്തിച്ചു കൂട്ടി..
വീട്ട് മുറ്റത്ത് കുറച്ചു ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അവരിൽ നിന്ന് ഒരാൾ വന്നു ഇഷാനിയെ കെട്ടിപ്പിടിച്ചു. രവിയച്ഛൻ എന്ന് അവൾ വിളിക്കുന്ന അവളുടെ പേരപ്പൻ. ഞാൻ കുറച്ചു കൂടി പ്രായം ഉള്ളൊരു രൂപമാണ് പ്രതീക്ഷിച്ചത്.
‘വഴിയിൽ വല്ല പ്രശ്നം ഉണ്ടായിരുന്നോ…?
രവിയച്ഛൻ ഇഷാനിയോട് അന്വേഷിച്ചു.ഒരു വലിയ റേസ് കഴിഞ്ഞുള്ള വരവാണെങ്കിലും ഇഷാനി ആ കാര്യം മിണ്ടിയില്ല. രവിയച്ഛൻ എന്നെ നോക്കുന്നത് എന്തോ കൗതുകത്തോടെ ഇഷാനി വീക്ഷിച്ചു.. തന്റെ സുഹൃത്താണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ രവിയച്ഛൻ എന്റെ കൈക്ക് പിടിച്ചു യാത്രയെ പറ്റി ഒക്കെ തിരക്കി. എനിക്ക് കുടിക്കാൻ ചായ എടുക്കാൻ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ഉച്ചക്ക് കഴിച്ചില്ല എന്നറിഞ്ഞത്. ഫുഡ് കഴിക്കാൻ വീട്ടിൽ കയറിയപ്പോൾ ആണ് വീടിന്റെ ചുമരിൽ താടി വച്ച ഒരാളുടെ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അത് അവളുടെ പേഴ്സിൽ ഞാൻ കണ്ടിട്ടുള്ളതാണ്. അവളുടെ അച്ഛന്റെ പടം.