‘ഇനി ഒന്ന് ചിരിക്ക് ചേട്ടാ..’
അവളെന്നോട് പറഞ്ഞു
ഞാൻ പക്ഷെ അപ്പോളും പിണക്കം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. മുഖം ഗൗരവത്തിൽ ആക്കി തന്നെ ഇരിക്കുന്ന എന്നെ വീണ്ടും മുറുക്കെ കെട്ടിപ്പിടിച്ചു അവൾ പിന്നെയും ചോദിച്ചു
‘ഇപ്പോളോ..?
എന്റെ മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാകാഞ്ഞത് കണ്ടു അവൾ മെല്ലെ എന്റെ വയറിൽ ഇക്കിളി ഇടാൻ തുടങ്ങി
‘അടങ്ങി ഇരിക്ക്.. വണ്ടി വെട്ടും..’
ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു
‘അങ്ങനെ വഴിക്ക് വാ.. എന്നാലും മോന് പെമ്പിള്ളേർ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് അത്ര ഇഷ്ടമാ അല്ലെ..?
അവൾ ഇക്കിളി ഇടുന്നത് നിർത്തിയിട്ട് എന്നോട് ചോദിച്ചു
‘അത് എനിക്ക് ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല. സേഫ് ആയി യാത്ര ചെയ്യാൻ ഇങ്ങനെ ഇരിക്കണം എന്നാണ്..’
‘ഓ പിന്നെ നിന്റെ ഒരു സേഫ് യാത്ര..’
അവളെനിക്ക് ഒരു ചെറിയ നുള്ള് വച്ചു തന്നു. അവളുടെ ചേട്ടാ വിളി ഇടയ്ക്ക് മാറി നീ ആകുന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നി. പക്ഷെ കുറച്ചു കഴിഞ്ഞു അവൾ ചിലപ്പോൾ വീണ്ടും ചേട്ടാ എന്ന് വിളിക്കും
പിന്നീടുള്ള യാത്രയിൽ ഞങ്ങൾക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.. കുറെ നേരം ഇരുന്നു ചന്തി വേദനിച്ചത് കൊണ്ട് ഇടയ്ക്കു ഞങ്ങൾ ഒന്ന് വണ്ടി നിർത്തി വിശ്രമിച്ചു. അതിന് ശേഷം എങ്ങും നിർത്താതെ യാത്ര തുടർന്നു. പാലക്കാടൻ വീഥികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. പാലക്കാടിനെ കുറിച്ച് എനിക്ക് ഏറ്റവും ഓർമ വരുന്നത് ഖസാക്ക് വായിച്ച ഓർമ ആണ്. എവിടെയെങ്കിലും കരിമ്പനകൾ കാണുമ്പോൾ ഞാൻ ഖസാക്കിനെ ഓർക്കും. കരിമ്പനകളും പുൽ മൈതാനങ്ങളും പാടങ്ങളും കടന്ന് പോയി. ഇടയ്ക്ക് ഇഷാനി ഹെൽമെറ്റ് ഊരി അവളുടെ നാടിന്റെ ഗന്ധവും വായുവും എല്ലാം ആസ്വദിച്ചു.. കണ്ണടച്ചു തോളൊപ്പം ഉള്ള ചെറുതായ് ചുരുൾച്ച ഉള്ള മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.. ഇവിടെ പല ചെറിയ ടൌൺകളിലും കടകൾ ഒക്കെ തുറന്നിരുന്നു. ഹർത്താലിന്റെ കാഠിന്യം ഇവിടെ പൊതുവെ കുറവാണെന്നു തോന്നി. കണ്ട കടകൾ ഒന്നിൽ കയറി കഴിക്കാമെന്ന് തോന്നിയെങ്കിലും ഇവിടുന്ന് അടുത്താണ് അവളുടെ നാട് എന്ന് കേട്ടപ്പോൾ അവിടെ നിന്ന് കഴിക്കാം എന്നും കരുതി. ഗ്രാമങ്ങളും നഗരങ്ങളും ഞങ്ങൾ പിന്നെയും പിന്നിട്ട് ഒടുവിൽ “പൂക്കുട” എന്ന അവളുടെ ഗ്രാമത്തിൽ എത്തി ചേർന്നു. തനിക്ക് പരിചിതമായ വഴികൾ എത്തിയപ്പോൾ അവളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ വയറിൽ നിന്ന് കൈകൾ പിൻവലിച്ചു അവൾ കൈകൾ തോളിൽ വച്ചു. അതിനെന്തായാലും ഞാൻ പിണങ്ങാൻ പോയില്ല. അവൾ പറഞ്ഞു തന്ന വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി ഒടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി ചേർന്നു.. അവളുടെ വീട് എന്ന് പറഞ്ഞാൽ സത്യത്തിൽ അവളുടെ പേരപ്പന്റെ വീട്. ആ പേരപ്പന്റെ മകളുടെ കല്യാണം ആണ് നാളെ.