‘നീ ബൈക്ക് ജമ്പ് ചെയ്യിക്കുമോ..?
പുള്ളി എന്നോട് ചോദിച്ചു. ഞാൻ സ്റ്റണ്ടിങ്ങ് ഒക്കെ അത്യാവശ്യം നടത്തിയിട്ടുണ്ട്. അതൊക്കെ എത്രയോ വർഷം മുന്നേ ആണ്. പക്ഷെ അന്ന് പോലും ഇത്രയും ദൂരം ഒന്നും ജമ്പ് ചെയ്യിക്കാൻ ഞാൻ നോക്കിയിട്ടില്ല.. ഇനി ഇപ്പൊ ഇതേ ഉള്ളോ വഴി എന്ന മട്ടിൽ കണ്ണ് മിഴിച്ചു നിൽക്കുമ്പോ ആണ് മനോജ് അണ്ണന് ചിരിച്ചത്.. പുള്ളി ഒരു തമാശക്ക് ചോദിച്ചത് ആയിരുന്നു.. കനാലിൻ കുറുകെ ഒരു പാലം പോലെ തടി ഇടനായിരുന്നു അവരുടെ പ്ലാൻ. കുറച്ചു തപ്പിയിട്ട് ആണെങ്കിലും അതിനുള്ള നീളവും വണ്ണവും ഒക്കെയുള്ള ഒരു തടി അവർ സംഘടിപ്പിച്ചു. അതിന് പക്ഷെ വീതി കുറച്ചു കുറവാണ് എന്ന് എനിക്ക് തോന്നി.
‘ഇതിലൂടെ വണ്ടി ഓടിക്കാൻ പറ്റുമോ നിനക്ക്.. ഇല്ലേൽ നമുക്ക് എങ്ങനെ എങ്കിലും തള്ളി അപ്പുറെ എത്തിക്കാം..’
അണ്ണൻ എന്നോട് ചോദിച്ചു..
എന്റെ ബൈക്കിനു പോകാനുള്ള വീതി ഉണ്ട് തടിക്ക്. ഇടയ്ക്ക് ചെറുതായ് ഒന്ന് പാളിയാൽ അടിച്ചും തല്ലി താഴത്തെ ചെളി വെള്ളത്തിൽ കിടക്കും. അതിലും ഭേദം പാർട്ടിക്കാരുടെ ഇടി കൊള്ളുന്നത് ആണ് എന്ന് തോന്നി. തള്ളലും കുറച്ചു റിസ്ക് ആണ്. വണ്ടിക്ക് നല്ല വെയിറ്റ് ഉള്ളത് കൊണ്ട് തള്ളുന്ന വഴിയിൽ കയ്യിൽ നിന്നില്ലെങ്കിൽ താഴെ കിടക്കും ബൈക്ക്. ഞാൻ ബൈക്ക് ഓടിച്ചു കയറ്റാൻ തന്നെ തീരുമാനിച്ചു..
പതിയെ റെയ്‌സ് ചെയ്തു ഞാൻ തടിയുടെ മുകളിൽ ടയർ രണ്ടും കയറ്റി. പിന്നിൽ നിന്ന് അണ്ണന്മാർ സപ്പോർട്ട് തരുന്നുണ്ട്. ഇനി കൈ കൊടുത്തു നേരെ ഒറ്റപ്പോക്ക്.. കനാലിന് അപ്പുറം എത്തിയാൽ രക്ഷപെട്ടു. ഞാൻ ഇഷാനിയെ നോക്കി. അവൾ കണ്ണടച്ചു മാറി നിൽക്കുകയാണ്. ഞാൻ ഒറ്റക്ക് ഓടിച്ചു കയറ്റാനാണ് പ്ലാൻ. ഞാൻ ബൈക്ക് റെയ്‌സ് ചെയ്തു മുന്നോട്ടു കുതിച്ചു. രണ്ട് സൈഡിലും ആളുകൾ ഉണ്ടായിരുന്നു. അഥവാ തടി പൊങ്ങി പോയാൽ ബാലൻസ് ചെയ്യാൻ.. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഞാൻ അപ്പുറം എത്തി.. ആ സമയം അവിടെ കൂടി നിന്ന കോളനിക്കാർ സന്തോഷത്തോടെ ആർപ്പ് വിളിച്ചു.. അണ്ണൻ ആണ് അവരോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു സൈലന്റ് ആക്കിയത്.. അടുത്ത ഊഴം ഇഷാനിയുടെ ആയിരുന്നു. പാലത്തിൽ കയറി ഒരുപാട് എക്സ്പീരിയൻസ് ഉള്ളതാണ് ഇഷാനിക്ക്. പാലവും തൊടുകളും ഒക്കെ എന്നേക്കാൾ കണ്ടിട്ടുള്ളത് അവളാണ്. അത് കൊണ്ട് വലിയ പേടി അവൾക്ക് തോന്നിയില്ല. എന്നാലും മനോജ് അണ്ണൻ തന്നെ അവളെ കൈ പിടിച്ചു ഇപ്പുറം എത്തിച്ചു. പോകുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു. ഞങ്ങൾ വന്നു പെട്ടത് ഇത്രയും സ്നേഹവും സഹകരണവും ഉള്ള ആളുകൾക്ക് ഇടയിൽ ആയത് ഭാഗ്യം.