‘ചേട്ടാ ഇന്ന് ഹർത്താൽ ആണ്..’
‘അത് ഞാൻ ഇന്നലെ അറിഞ്ഞതാ.. താങ്ക്സ്..’
എനിക്ക് ശരിക്കും ബോധം വന്നിരുന്നില്ല. ഞാൻ ഉറക്കച്ചടവിൽ അവളോട് പുലമ്പി
‘എനിക്ക് വീട് വരെ പോണമായിരുന്നു.. വണ്ടി ഒന്നും ഇല്ല..’
‘വണ്ടി കാണില്ല. ഹർത്താൽ അല്ലെ.. നീ പോയി കിടന്നു ഉറങ്ങ്..’
‘ചേട്ടാ എനിക്ക് പോയെ പറ്റൂ അത്യാവശ്യം ആണ്.. എന്റെ ചേച്ചിയുടെ കല്യാണം ആണ്.. എന്നെ ഒന്ന് ഹെല്പ് ചെയ്യുവോ..?
‘ചേച്ചിയുടെ കല്യാണം ആയിട്ട് നീ ഇപ്പോളാണോ പോകുന്നത്..’
ചേച്ചിയുടെ കല്യാണത്തെ പറ്റി അവൾ എന്നോട് പറഞ്ഞിരുന്നു. ഡേറ്റ് നാളെ ആണെന്ന് ഞാൻ ഓർത്തിരുന്നില്ല. ദൂരവും തനിയെ അവിടെ തനിയെ ചെല്ലാനുള്ള മടി കൊണ്ടും എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷൻ ആയിരുന്നു ഞാൻ.
‘നാളെ ആണ് കല്യാണം. ഞാൻ ഇന്നെങ്കിലും അവിടെ കാണണ്ടേ..’
എന്റെ ഉറക്കം മെല്ലെ പോയി തുടങ്ങിയിരുന്നു.. ഞാൻ പതിയെ എണീറ്റിരുന്നു കണ്ണ് തിരുമ്മി.
‘നീ ഇപ്പോൾ എവിടെയാ..?
‘ഞാൻ വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ആണ്..’
‘ഒരു അര മണിക്കൂർ അവിടെ നിൽക്ക്. ഞാൻ അങ്ങോട്ട് വരാം..’
ഞാൻ ഫോൺ കട്ട് ചെയ്തു.. ഇഷാനി ആയി അവളുടെ നാട് വരെ ഒരു ട്രിപ്പ് ആണ് ഇപ്പോൾ കയ്യിൽ വന്നിരിക്കുന്നത്. ഒരു ലിഫ്റ്റ് ആയി പോലും എന്റെ ബൈക്കിൽ കയറാത്തവളെ ഇന്ന് പിറകിലിരുത്തി കറങ്ങാം.. ആ ചിന്ത എന്റെ ചിന്തകളിൽ കുളിരണിയിച്ചത് കൊണ്ട് തണുത്ത വെള്ളം അതിരാവിലെ എന്റെ ദേഹത്ത് വീണത് ഞാൻ അറിഞ്ഞില്ല. കുളി കഴിഞ്ഞു നന്നായി ഒരുങ്ങി ഞാൻ ഇഷാനി താമസിക്കുന്ന വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് അടുത്ത് വന്നു. അവളുടെ വീട്ടിൽ കയറിയിട്ടില്ല എങ്കിലും രണ്ട് മൂന്ന് വട്ടം ഞാൻ ഇവിടെ വന്നിട്ടുണ്ട് അവളെ കാണാൻ. ഞാൻ വന്നപ്പോൾ അവൾ ബസ് ഷെഡിന് ഉള്ളിൽ ബാഗും മടിയിൽ വച്ചു ആകുലപ്പെട്ടു ഇരിക്കുകയായിരുന്നു
‘ഹർത്താൽ ആണെന്ന് നീ ഇപ്പോൾ ആണോ അറിയുന്നത്. നിനക്ക് ഇന്നലെ പൊക്കൂടായിരുന്നോ വീട്ടിൽ..’