‘അതെനിക്കറിയില്ല.. ഈ കാര്യത്തിൽ ഒക്കെ എന്നിലും വിവരം ചേട്ടന് തന്നെ അല്ലെ അറിവ്.. ചേട്ടന് ശരിക്കും എന്താണ് ശരി എന്ന് തോന്നുന്നത് അത് ചെയ്യുക..’
അന്ന് രാത്രി മുഴുവൻ ഞാൻ ആ ശരിയേ പറ്റി ആണ് ചിന്തിച്ചത്.. ഫോൺ തിരിച്ചു കൊടുക്കുന്നത് ആയിരിക്കും ശരിയെന്നു എനിക്ക് തോന്നി തുടങ്ങി. പക്ഷെ അങ്ങനെ ചെയ്താൽ അവൾക്കെതിരെ ഉള്ള എന്റെ ഏക ആയുധം ആണ് നഷ്ടം ആകുന്നത്.. അവൾക്ക് എന്നെ അതിന് ശേഷം കുടുക്കുകയും ചെയ്യാം. പക്ഷെ അതിനെ കുറിച്ച് ഞാൻ പിന്നീട് ആലോചിച്ചില്ല.. രണ്ട് ദിവസം കഴിഞ്ഞു ആണ് ഞാൻ പിന്നെ ലക്ഷ്മിയെ കാണുന്നത്. കാന്റീനിൽ ഒരു മേശയുടെ അടുത്ത് ഒറ്റക്കിരിക്കുന്ന ലക്ഷ്മിയെ കണ്ടു കൂടെയുള്ള രാഹുലിനെ നൈസ് ആയി ഒഴിവാക്കി അവളുടെ അടുത്ത് ചെന്നു. അടുത്തെങ്ങും ആരുമില്ലാത്തത് കൊണ്ട് ഇവിടെ വച്ചു തന്നെ കാര്യം സംസാരിക്കാം എന്ന് ഞാൻ കരുതി.. ലക്ഷ്മിയെ കണ്ടിട്ട് അവളുടെ ഒരു നിഴലായാണ് എനിക്ക് തോന്നിയത്. മുടി ശ്രദ്ധിക്കാതെ, ഡ്രെസ്സിങ്ങിലെ അവളുടെ ഫാഷൻ ഒന്നും ഇല്ലാതെ മുഖത്ത് മേക്കപ്പ് ഒന്നും ഇല്ലാതെ ലക്ഷ്മിയെ ഞാൻ ആദ്യമായ് കാണുകയാണ്.. അവൾ കുറച്ചൊന്നു മെലിഞ്ഞത് പോലെയും എനിക്ക് തോന്നി.. ഞാൻ വന്നു അവളുടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്നതും ലക്ഷ്മി എഴുന്നേറ്റു പോകാൻ തുടങ്ങി
‘ഞാൻ നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ് വന്നത്..’
എന്റെ സംസാരം കേൾക്കാൻ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അവൾ അവിടെ ഇരുന്നു. ലക്ഷ്മി എന്റെ മുഖത്തു പോലും നോക്കുന്നുണ്ടായിരുന്നില്ല.. ഞാൻ മെല്ലെ അവളുടെ ഫോൺ എടുത്തു മേശപ്പുറത്തു അവൾക്ക് അരികിലായ് വച്ചു. ഫോൺ കണ്ടു ഒരു ചോദ്യഭാവത്തിൽ അവളെന്നെ നോക്കി..
‘നിന്റെ ഫോൺ തിരിച്ചു തരാൻ വന്നതാണ്..’
അത് പറഞ്ഞിട്ടും അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല
‘ഫോൺ മാത്രം അല്ല. അതിൽ ഉണ്ടായിരുന്ന നിന്റെയും ഇഷാനിയുടെയും ഫോട്ടോസ് ഞാൻ കളഞ്ഞു. അതിനി റിക്കവർ ചെയ്തു എടുക്കാൻ പറ്റില്ല. അത് പോലെ ആക്കിയിട്ടുണ്ട്. ഫോണിന് കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് മറ്റേ ഫോണും നീ തന്നെ വച്ചോ..’