‘ശരിയായില്ല എന്ന് എനിക്കും അറിയാം. പിന്നെ അവൾ നിന്നോട് കാണിച്ചത് തന്നെ ഞാൻ അവളോടും കാണിച്ചു..’
‘ അത് കൊണ്ടല്ലേ അവൾ ഇപ്പോൾ ആരോടും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്. അവൾ ആ വിഷമത്തിൽ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ എന്തായേനെ..?
‘ഇതിപ്പോ കൊള്ളാം ഞാൻ നിനക്ക് വേണ്ടി ഇതൊക്കെ ചെയ്തിട്ട് നീയിപ്പോ അവളുടെ സൈഡ് പിടിക്കുവാണോ..?
എനിക്ക് മനസിലുള്ള വിഷമം പറയാതിരിക്കാൻ പറ്റിയില്ല
‘ഞാൻ ചേട്ടനെ കുറ്റപ്പെടുത്തിയത് അല്ല.. അവളുടെ സൈഡും അല്ല.. പക്ഷെ എനിക്ക് വേണ്ടി ആണ് ചേട്ടൻ ഈ മോശം കാര്യം ചെയ്യേണ്ടി വന്നത് എന്ന് ഓർക്കുമ്പോ എനിക്ക് സങ്കടം വരുന്നു.. ഇതിലും ഭേദം ഞാൻ പഠിത്തം നിർത്തുന്നത് ആയിരുന്നു..’
‘അതിനിപ്പോ ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ.. അവൾ നല്ല തന്റേടം ഉള്ള പെണ്ണാണ്. കുറച്ചു കഴിയുമ്പോ അവൾ ഓക്കേ ആയിക്കോളും..’
‘അത് ചേട്ടന് പെണ്ണുങ്ങളുടെ മനസ്സ് ശരിക്കും അറിയാഞ്ഞിട്ടാ.. എത്ര തന്റേടി ആണേലും ഉള്ളിൽ അവളിപ്പോ മരിച്ച പോലെ ആയിരിക്കും..അതല്ലേ ഇത്ര ദിവസം കഴിഞ്ഞിട്ടും അവൾ ഇങ്ങനെ ശോകമായി നടക്കുന്നെ. അന്നൊരു ദിവസം കൊണ്ട് തന്നെ ഞാൻ എത്ര അനുഭവിച്ചതാണ്.. അതായിരിക്കില്ലേ അവളും ഇപ്പോൾ അനുഭവിക്കുന്നത്..’
‘ശരി നീ പറ.. ഞാൻ ഇനി എന്താണ് ചെയ്യണ്ടത് എന്ന്. ഞാൻ ചെയ്തതിന് ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്..?
എനിക്ക് അവൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും ഈ കാര്യത്തിൽ അവളെ അനുസരിക്കാമെന്ന് ഞാൻ കരുതി
‘ചേട്ടൻ ഇപ്പോളും കരുതുന്നത് ഞാൻ ചേട്ടനെ കുറ്റപ്പെടുത്തുവാന്നാണ്.. അല്ല.. ഇതിൽ കുറ്റപ്പെടുത്തലും പ്രായശ്ചിത്തവും ഒന്നുമില്ല. ചേട്ടൻ ഇത്രയും നാൾ എനിക്ക് വേണ്ടി ചെയ്തതും രാഹുലിനും ആഷിക്കിനും വേണ്ടി ഒക്കേ ചെയ്യുന്നതും എല്ലാവരും ചെയ്യുന്ന കാര്യമല്ല. അങ്ങനെ ഒരാൾ ഈ മോശം കാര്യം എനിക്ക് വേണ്ടി ആണ് ചെയ്തത് എന്നെനിക്ക് ഉറപ്പുണ്ട്. അത് ചേട്ടൻ ശരിയായി പരിഹരിക്കണം എന്നാണ് എന്റെ ആഗ്രഹം..’
‘എങ്കിൽ നീ പറ.. ഞാൻ എന്താണ് ചെയ്യേണ്ടത്..?