‘നീ ടോക്സിക് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നിന്റെ കൂടെ കൂടിയത്.. പക്ഷെ എവിടെയോ നീ ഒരു പാവം ആണെന്ന് കൂടെ തോന്നിയിരുന്നു.. അത് തെറ്റാണ് എന്ന് എനിക്കിപ്പോ മനസിലായി. നീ ഒരു മനസാക്ഷി ഇല്ലാത്തവൾ ആണ്.. നിന്റെ കൂടെ ഇത്രയും ദിവസം നടന്നത് ഓർക്കുമ്പോ എനിക്ക് തന്നെ സ്വയം പുച്ഛം തോന്നുന്നു..’
എന്റെ കഥപ്രസംഗം അവൾ മിണ്ടാതെ മുഴുവൻ കേട്ടൂ.. പറഞ്ഞു മടുത്തു അവസാനം ഞാൻ നിർത്തി പോയി.. അടുത്ത ദിവസം അവൾ കോളേജിൽ വരില്ല എന്നെനിക്ക് തോന്നി.. പക്ഷെ അവൾ വന്നു. ഞാൻ ഗ്രീഷ്മയോട് അന്വേഷിച്ചപ്പോൾ അവരാരും പിന്നെ ശല്യം ചെയ്യാൻ വന്നിട്ടില്ല എന്ന് മറുപടി പറഞ്ഞു. രണ്ട് ദിവസം ഞങ്ങൾ പരസ്പരം മിണ്ടാതെ നടന്നു.. പക്ഷെ അവളുമായി പൂർണമായും നിർത്താൻ എനിക്ക് മനസ് വന്നില്ല.. അവൾക്കും അങ്ങനെ ആകുമെന്ന് ഞാൻ കരുതി.. അവളുടെ സൗന്ദര്യത്തിൽ ഞാനും എന്റെ കരുത്തിൽ അവളും കുറച്ചു മയങ്ങി പോയിരുന്നു.
ഞാൻ തന്നെ ആണ് മുൻകൈ എടുത്തു മിണ്ടിയത്.. അവളെന്നോട് ഒന്നും തിരിച്ചു മിണ്ടിയില്ല എങ്കിലും അവൾക്ക് എന്നോട് പിണക്കം ഇല്ലെന്ന് എനിക്ക് തോന്നി.
‘ഞാൻ അന്ന് തല്ലിയത് കൊണ്ട് ഇപ്പോളും പിണക്കം ആണോ? സത്യത്തിൽ ഞാൻ അന്ന് ചെയ്തത് ശരിയായില്ല എന്ന് തോന്നി. അതാണ് നിന്നോട് മിണ്ടില്ല എന്ന് പറഞ്ഞു പോയിട്ട് പിന്നെയും വന്നു മിണ്ടുന്നതു.’
ലച്ചു എന്റെ മുഖത്ത് നോക്കാതെ ഇരുന്നു
‘എന്നോട് ഇപ്പോളും പിണക്കമാണോ..?
അവൾ ആണെന്ന് തലയാട്ടി..
‘നിന്നോട് ഇഷ്ടം കുറച്ചു ഉള്ളത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞതും ചെയ്തതും.. ഇപ്പോൾ എങ്കിലും നിനക്ക് തോന്നുന്നില്ലേ ചെയ്തത് ശരിയല്ല എന്ന്..?
‘അതിന് ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നെ തല്ലിയത്..?
അവൾ ചെറിയ ദേഷ്യത്തോടെ എന്നോട് ചോദിച്ചു
‘നീ ആ ഗ്രീഷ്മയേ ഓരോ വേഷം കെട്ടിച്ചു നാണം കെടുത്തിയില്ലേ..?
‘അത് ഞാനാണോ.. ഞാനാണ് എന്ന് അവൾ പറഞ്ഞോ..? ഞാൻ അവളെ അന്ന് പിന്നെ കണ്ടിട്ടില്ല. ഐശ്വര്യ ഒക്കെ അവളുടെ ഹോസ്റ്റലിൽ ആണ്.. അവരാണ് രാത്രി അവളോട് ഇങ്ങനെ ഒക്കെ പറഞ്ഞത്. ഞാൻ അത് അറിയുന്നത് രാവിലെ കോളേജിൽ വന്നു കഴിഞ്ഞു. അത് കണ്ട് ചിരിച്ചു എന്നല്ലാതെ ഞാൻ അതിടാൻ ഒന്നും അവളോട് പറഞ്ഞിട്ടില്ല..’