ഞങ്ങൾ രണ്ട് പേരും ചിരിച്ചു.. മഴക്കാർ വരുന്നത് കണ്ടു ഞാൻ വള്ളം തിരിച്ചു തുഴഞ്ഞു. തുഴഞ്ഞു കറങ്ങി ഒടുവിൽ ഞങ്ങൾ തുടങ്ങിയ സ്‌ഥലത്തു തിരിച്ചു വന്നപ്പോൾ കരയിൽ രണ്ട് മൂന്ന് പേര് ഞങ്ങളെ നോക്കി നിക്കുന്നുണ്ടായിരിന്നു..
‘പണി പാളി.. വള്ളത്തിന്റെ ഓണർ ആണെന്ന് തോന്നുന്നു..’
‘അയ്യോ ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും..?
ലക്ഷ്മി പേടിയോടെ ചോദിച്ചു
അവരെങ്ങനെ ഡീൽ ചെയ്യുമെന്ന് ആലോചിച്ചു. ഞാൻ മെല്ലെ വള്ളം അടുപ്പിച്ചു. ഒരാൾ ഇത്തിരി പ്രായം ഉള്ള ഒരു മൂപ്പിലാൻ ആണ്. പിന്നെ രണ്ട് ചേട്ടന്മാരും. വള്ളം അടുത്തപ്പോൾ കയറ് മരത്തിലേക്ക് ഞാൻ എറിഞ്ഞു. അതവര് പിടിച്ചു മരത്തിൽ ചുറ്റി കെട്ടി. ലക്ഷ്മി കയറാൻ ബുദ്ധിമുട്ടിയപ്പോൾ അവിടെ നിന്ന ചേട്ടൻ കൈ കൊടുത്തു കയറ്റി. ഞാൻ വള്ളത്തിൽ നിന്ന് കരയിൽ കാലെടുത്തു വച്ചപ്പോൾ മൂപ്പിലാൻ ചീത്ത തുടങ്ങി
‘ആരോട് ചോദിച്ചിട്ടാടാ വള്ളം അഴിച്ചെടുത്തത്..’
‘ആരെയും ഇവിടെങ്ങും കണ്ടില്ല..’
ഞാൻ വിനയത്തോടെ പറഞ്ഞു
‘ആരെയും കണ്ടില്ലെങ്കിൽ അഴിച്ചോണ്ട് പോകുകയാണോ.. അതെവിടെത്തെ മര്യാദ ആണ്..’
‘ഇവൾക്ക് വള്ളത്തിൽ കയറണം എന്ന് ഒരേ നിർബന്ധം.. നമ്മുടെ നാടൊന്നും കണ്ടിട്ടില്ലാത്ത കുട്ടി ആയത് കൊണ്ട് ഞാൻ ആ ആഗ്രഹം ഒന്ന് സാധിച്ചു കൊടുത്തത് ആണ്..’
ലക്ഷ്മി ഞാനോ എന്ന മട്ടിൽ എന്നെ നോക്കി
‘നമ്മുടെ നാടോ.. ഏത് നാട്.. എടാ വള്ളം മറിഞ്ഞു വല്ലതും പറ്റിയിരുന്നെങ്കിൽ ആര് സമാധാനം പറഞ്ഞേനെ..’
അങ്ങേര് ഉറഞ്ഞു തുള്ളുവാണ്..
‘അമ്മാവൻ ക്ഷമിക്കണം..’
ഞാൻ കൈ കൂപ്പി പറഞ്ഞു. ഞാൻ തമാശക്ക് പറയുന്നതാണെന് പുള്ളി ഒഴിച്ച് അവിടെ നിന്ന എല്ലാവർക്കും പിടി കിട്ടി
‘അമ്മാവനോ.. ആരുടെ അമ്മാവൻ..’
അങ്ങേര് പിന്നെയും എന്റെ നേർക്ക് വന്നു
‘ഹാ പിള്ളേരല്ലേ വിട്ടു കള.. അവർ ഒന്ന് കറങ്ങാൻ പോയതല്ലേ..’
അടുത്ത് നിന്ന ചേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പുള്ളിയോട് പറഞ്ഞു. മൂപ്പിലാൻ വലിയ പ്രശ്നം ഒന്നുമില്ല നിങ്ങൾ പൊക്കോളാൻ ആണ് അങ്ങേര് കണ്ണിറുക്കി കാണിച്ചത്.. പെട്ടന്ന് ലക്ഷ്മി അമ്മാവന്റെ അടുത്തേക്ക് വന്നു