‘എനിക്ക് ബസിൽ പോകുന്ന ഫ്രണ്ട്സും അങ്ങനെ ഇല്ലായിരുന്നു..’
ലക്ഷ്മി ഓർത്തെടുത്ത പോലെ പറഞ്ഞു
റിച്ച് ഫാമിലിയിൽ ജനിച്ചത് കൊണ്ട് നമ്മൾ ഒരുപോലെ ആകില്ല ലക്ഷ്മി. നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ഞാൻ മനസിൽ പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം എനിക്കിപ്പോൾ മനസിലായത് ഫുട്ബോൾ ഞങ്ങൾ ഇഷ്ടപ്പെടുന്ന ക്ലബ്കൾ വച്ചായിരുന്നു. എന്റെ ഇഷ്ട ടീമായ ബാഴ്സിലോനയുടെ ചിര വൈരികളായ റയൽ മാഡ്രിഡ് ആണ് അവളുടെ ഇഷ്ടപ്പെട്ട ടീം. പെട്ടന്ന് എന്റെ ലോക്ക് സ്ക്രീൻ കണ്ടപ്പോ അവൾ ചോദിച്ച ചോദ്യമാണ് ബസ് അവസാന സ്റ്റോപ്പ് എത്തുന്ന വരേയ്ക്കും ഞങ്ങൾക്കിടയിൽ തമാശയായി ഉണ്ടായ തർക്കത്തിലേക്ക് വഴി തിരിച്ചത്..
റയൽ ആണ് ബെസ്റ്റ് ക്ലബ് എന്ന് അവളും ബാഴ്സയുടെ ഊക്ക് വണ്ടിയാണ് റയൽ എന്ന് ഞാനും.. മെസ്സി ആണ് ഗോട് (ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം ) എന്ന് ഞാനും റോണോ ആണ് ബെസ്റ്റ് എന്ന് അവളും. അങ്ങനെ ഫുട്ബോൾ ചരിത്രം മുതൽ കഴിഞ്ഞ സീസൺ വരെ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും വഴക്കുണ്ടാക്കി സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല. അവളുടെ ക്യാരക്ടറിൽ എനിക്ക് ആദ്യം തോന്നിയ ഇമ്പ്രെഷനും അവൾ അത്യാവശ്യം വിവരമൊക്കെ ഉള്ള ഫുട്ബോൾ ഫാനാണ് എന്നതാണ്.. ഫുട്ബോൾ നോളജ് ഉള്ള ഗേൾസിനെ എനിക്ക് വലിയ കാര്യമായിരുന്നു.
അങ്ങനെ ഒരുപാട് നേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ ആ ബസിന്റെ അവസാന സ്റ്റോപ്പിൽ എത്തി ചേർന്നു. ഒരു ആറ്റിറമ്പ് ആയിരുന്നു. അതിനപ്പുറത്തേക്ക് പോകാൻ പാലമില്ല. ജങ്കാർ ആണ് ആകെയുള്ളത്. അതിൽ ബസ് കയറാറില്ല, ബൈക്കും കാറുമൊക്കെ കയറാറുള്ളു. അത്കൊണ്ട് തന്നെ ബസ് ഇവിടെ വരെയുള്ളു. ജങ്കാറും ലക്ഷ്മിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു. ജങ്കാറിൽ കയറി കൈ നീട്ടി ഞാനവളെ അതിൽ പിടിച്ചു കയറ്റി.. ജങ്കാർ അനങ്ങി തുടങ്ങിയതും അത് ചുറ്റി അക്കരെ വന്നതുമൊക്കെ ലക്ഷ്മി കൗതകത്തോടെ നോക്കിക്കണ്ടു.
അക്കരെ ഇറങ്ങി കഴിഞ്ഞു ഏത് വഴി പോണമെന്നു ഞങ്ങൾക്ക് നിശ്ചയം ഇല്ലായിരുന്നു. റോഡ് വഴി പോകുന്നതിലും രസം ആറ്റിറമ്പ് വഴി പോകുന്നത് ആണെന്ന് ലക്ഷ്മി പറഞ്ഞു.. ഞങ്ങൾ ആ വഴി തന്നെ മുന്നോട്ടു നടന്നു. ആറിന്റെ തിട്ടയിലൂടെ നടക്കുമ്പോളെല്ലാം ലക്ഷ്മി ചിരിച്ചു കളിച്ചാണ് സംസാരിച്ചോണ്ട് ഇരുന്നത്. കുറെ മുമ്പ് കരഞ്ഞു നിന്ന പെണ്ണാണ് ഇവളെന്ന് ഇപ്പോൾ കണ്ടാൽ പറയില്ല. ആ വഴി കുറച്ചു ദൂരം മുന്നിലേക്ക് പോയപ്പോളാണ് ഒരു ചെറിയ വള്ളം കിടക്കുന്നത് ഞാൻ കണ്ടത്. വള്ളത്തിന്റെ കയർ അടുത്തുള്ള മരത്തിൽ ചുമ്മാ കെട്ടിയിട്ടിരിക്കുകയാണ്. ഇവിടെ അടുത്തുള്ള ആരുടെയെങ്കിലും വള്ളമാകും.