അതിന് ശേഷം ഞാനും ലക്ഷ്മിയുമായി കുറച്ചു കൂടി അടുത്തു. അത്ര വലിയ കമ്പിനി ഒന്നും ആയില്ലെങ്കിലും കോളേജിൽ എവിടെയെങ്കിലും വച്ചു കാണുമ്പോൾ ചിരിക്കുകയും വന്നു സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അന്നത്തെ ഫോൺ ഇഷ്യൂ ഞങ്ങൾ പാടെ മറന്നു. ഇഷാനി പഴയത് പോലെ എന്നോട് അധികം അടുപ്പം കാണിക്കാതെയായി. എന്ന് വച്ചു എന്നെ അവഗണിക്കൽ ഒന്നും ഇല്ലായിരുന്നു. ഇപ്പോളും അവൾക്ക് ഇവിടെയുള്ള ഏറ്റവും വലിയ കമ്പിനി ഞാൻ തന്നെ ആണ്. പക്ഷെ എപ്പോളും അടുത്ത് വന്നുള്ള ഇരുത്തവും വഴക്കുകളും ഒക്കെ ഇല്ലാതെ ആയി. അവളെന്നോട് സ്നേഹം ഒരുപാട് കാണിച്ച സമയത്താണ് എന്നോട് ഒരുപാട് പിണങ്ങിയിരുന്നത് എന്ന് ഞാൻ മനസിലാക്കി. ഇപ്പൊ കാണിക്കുന്ന ഒരു അകൽച്ചയിൽ എനിക്കവളെ കുറ്റം പറയാൻ പറ്റില്ല. അവളിപ്പോ മറ്റൊരാൾ വിവാഹം കഴിക്കാൻ ഉറച്ചു വച്ചിരിക്കുന്ന പെണ്ണാണ്. അത് കൊണ്ട് തന്നെ എന്നോട് ഒരുപാട് അടുത്ത് ഇടപഴകുന്നത് ശരിയുമല്ല. ഇതെല്ലാം അറിഞ്ഞിട്ടും എനിക്കവളെ കാണുമ്പോൾ പലപ്പോഴും പഴയത് പോലെ ആകണമെന്ന് തോന്നി പോകും. എന്റെ കയ്യകലത്തിൽ അവൾ വന്നിരിക്കുമ്പോൾ എന്നത്തേയും പോലെ ആ കൈകളിൽ തൊടണമെന്ന് തോന്നും. അതെല്ലാം ഒഴിവാക്കാൻ ഞാനും അവളിൽ നിന്ന് കുറച്ചു അകലം വയ്ക്കാൻ തീരുമാനിച്ചു.
ക്ലാസ്സിൽ അധികം കയറാതെ ഇരിക്കലായിരുന്നു അതിനുള്ള പോംവഴി. നല്ല കുട്ടിയായി എല്ലാ ക്ലാസ്സിലും കയറിയ സ്വഭാവം ഞാൻ ഉപേക്ഷിച്ചു വീണ്ടും കോളേജിന്റെ മൂലകളിൽ ചേക്കേറി. അവളെ മറക്കാൻ വേണ്ടി മാറ്റാരെയെങ്കിലും വെറുതെ നോക്കാൻ രാഹുൽ എന്നെ പലതവണ ഉപദേശിച്ചു നോക്കി. അവൻ മുമ്പ് പറഞ്ഞത് പോലെ അവളെന്റെ ഉള്ളിൽ ഒരുപാട് ആഴത്തിൽ ഇറങ്ങിയിരുന്നു എന്നെനിക്ക് തോന്നി. അത് കൊണ്ട് മാറ്റാരെയെങ്കിലും അവിടെ പുതുതായി നടാൻ എനിക്ക് സാധിച്ചില്ല..
ഇഷാനി ആയി ഇത്രയും അടുത്ത സ്‌ഥിതിക്ക് പെട്ടന്നൊരു അകൽച്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ജീവിതത്തിലേക്ക് ആരാണ് വരുന്നത് ആരാണ് നമ്മളെ വിട്ടു പോകുന്നത് എന്നൊന്നും ഒരിക്കലും നമുക്ക് ഗണിച്ചു പറയാൻ കഴിയില്ല.
ഇഷാനിയുടെയും എന്റെയും സൗഹൃദം വല്ലപ്പോഴും ക്ലാസ്സിൽ വച്ചു കണ്ടാൽ മിണ്ടുന്ന അവസ്‌ഥയിൽ എത്തിയ സമയം, ഒരു അവധി ദിവസമാണ് ലക്ഷ്മിയുടെ കോൾ എനിക്ക് വരുന്നത്. അത്യാവശ്യം ആണ് പെട്ടന്ന് സ്റ്റേഡിയം റോഡിൽ വരണമെന്ന് അവളെന്നോട് പറഞ്ഞു. സമയം രണ്ട് കഴിഞ്ഞിരുന്നുവെങ്കിലും ഞാൻ ഉച്ചക്കത്തെ കഴിക്കുന്നതെ ഉള്ളായിരുന്നു. പെട്ടന്ന് ചോറുണ്ട് ഞാൻ അവൾ നിൽക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നപ്പോൾ ഒരു ഓരത്ത് കാർ പാർക്ക് ചെയ്തു അവളതിനുള്ളിൽ ഇരിപ്പുണ്ട്. ഞാൻ ചെന്നു കാറിൽ കയറി ഇരുന്നു. നല്ല ചൂടാണ് പുറത്ത്. കാറിൽ ഏ സി ഓണാണ്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പുറത്തേക്കാൾ ചൂടിലാണ് അവളുടെ മുഖം.