അവൻ പറഞ്ഞതിനെ ഒന്നും എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു പരിധി വരെ അവൻ പറഞ്ഞത് ഒക്കെ സത്യം ആണ്
‘നീ അവളോട് ശരിക്കും ഒന്ന് സംസാരിക്കു. നിന്റെ മനസ്സിൽ ഉള്ളത് അവളോട് തുറന്നു പറ. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ.. അവൾക്ക് തീരുമാനം എടുക്കാൻ ഇനിയും സമയം ഉണ്ട്..’
രാഹുൽ എന്നെ ഉപദേശിച്ചു
‘അത് വേണ്ടടാ.. അങ്ങനെ അവളെ ഒരു കൺഫ്യൂഷനിൽ നിർത്തി ഇഷ്ടം വാങ്ങാനൊന്നും എനിക്ക് വയ്യ.. ഇപ്പൊ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്തെങ്കിലും അവളുടെ ഉള്ളിൽ ഉണ്ടെങ്കിൽ അവൾ അങ്ങനെ പറയില്ലായിരുന്നു. ഞാനിനി അവളുടെ പുറകേ നടന്നു ഇഷ്ടം പിടിച്ചു വാങ്ങാൻ പോയാൽ ഒരു മാതിരി ബെസ്റ്റി ലെവൽ ആകില്ലേ.. അതൊരു നാറിയ പരുപാടി ആണ്.. ഞാനത് വിട്ടു..’
‘അത് എന്ത് തന്നെ ആയാലും നീ ഇങ്ങനെ മാറി വന്നു ശോകം അടിച്ചു ഇരിക്കരുത്. നിനക്കത് ചേരില്ല..’
‘രേവതി പണ്ട് തേച്ചൊട്ടിച്ചിട്ട് പോയപ്പോ നീ ഇത് പോലെ സങ്കടപ്പെട്ടിരുന്നോ..?
എന്റെ ചോദ്യം കേട്ട് അവൻ വിഷാദം നിറഞ്ഞ ഒരു ചിരി ചിരിച്ചു. രേവതി അവൻ ആറേഴ് കൊല്ലം പ്രേമിച്ച പെൺകൊച്ചു ആയിരുന്നു. വളരെ ചെറിയ ക്ലാസ്സിൽ നിന്ന് തന്നെ പ്രണയിച്ചു തുടങ്ങിയവർ. എന്നാൽ ഒടുക്കം അവൾ നല്ല ഒന്നാന്തരം തേപ്പ് കൊടുത്തു അവനെ ഒഴിവാക്കി. അതിൽ പിന്നെ മച്ചാൻ ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല. ഇതൊക്കെ അവൻ പറഞ്ഞു എനിക്കറിയാമായിരുന്നു.
‘പിന്നെ… വിഷമം ഇല്ലാണ്ടിരിക്കുമോ.. നല്ല വണ്ണം വിഷമിച്ചിട്ടുണ്ട്..’
ഒരു നിരാശകാമുകന്റെ മട്ടിൽ അവനെന്നോട് പറഞ്ഞു
‘എന്നിട്ട് എങ്ങനാ ആ വിഷമം ഒക്കെ മാറ്റിയത്..?
‘അത് പതിയെ മാറും. പിന്നെ വിഷമം ഒക്കെ വരുമ്പോൾ നമുക്ക് ഇഷ്ടമുള്ള, നമ്മൾ അടിപൊളി ആയി ചെയ്യുന്ന എന്തെങ്കിലും കാര്യം ചെയ്യണം.. എനിക്ക് ഫുട്ബോൾ ആയിരുന്നു അത്.. ഞാൻ വേറൊന്നും ആലോചിക്കാതെ അതിൽ തന്നെ കോൺസൻട്രറ്റ് ചെയ്തു..’