‘പക്ഷെ നിനക്ക്.. അവനെ ഇഷ്ടമല്ലല്ലോ..’
എന്റെ ശബ്ദം പതറി..
‘അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് ഇരുത്തി ആലോചിച്ചപ്പോൾ എനിക്ക് ചേരുന്ന ആലോചന ആണെന്ന് തോന്നി.. ഓക്കേ പറഞ്ഞു..’
‘ഞാൻ കരുതി.. നിനക്ക് അവനോട് അങ്ങനെ ഒന്നുമില്ലെന്ന്..’
‘ഇങ്ങനെ ഒക്കെ അല്ലെ ഒരാളോട് ഇഷ്ടം തോന്നുന്നത്.. ഉണ്ണിയേട്ടൻ ആണേൽ ചെറുപ്പം തൊട്ട് എനിക്കറിയാവുന്ന ആളാണ്. എന്നെയും നല്ല പോലെ അറിയാം.. ഞങ്ങളായി നല്ല ചേർച്ച ഉള്ള ഫാമിലി.. പിന്നെ കല്യാണം കഴിഞ്ഞാലും എനിക്ക് ആ നാട്ടിൽ തന്നെ കഴിയാം.. ഇത്രയും ഒക്കെ പോരേ ഓക്കേ പറയാൻ..’
‘മ്മ്.. അപ്പോൾ കല്യാണം ഉടനെ ഉണ്ടോ..?
ഉള്ളിലെ വേദന പുറത്ത് വരാതെ ഞാൻ അവളോട് ചോദിച്ചു..
‘കല്യാണം ഉടനെ ഒന്നുമില്ല. എന്റെ പിജി കഴിഞ്ഞു ഒക്കെയേ കാണൂ. എൻഗേജ്മെന്റ് അടുത്ത വർഷം വേണമെന്നാണ് അവർ പറയുന്നത്.. ‘
ഒരു ചായ കുടിക്കുന്ന കാര്യം പറയുന്ന ലാഘവത്തോടെ അവൾ കല്യാണത്തെ കുറിച്ചൊക്കെ പറയുന്നത് കേട്ട് എനിക്ക് അധികനേരം അവിടെ ഇരിക്കാൻ പറ്റിയില്ല.. തിരിച്ചു ക്ലാസ്സിൽ വന്നിട്ടും എനിക്ക് ഒന്നിലും ശ്രദ്ധ കിട്ടിയില്ല. എന്റെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു. എന്റെ പെട്ടന്നുള്ള മാറ്റം രാഹുലും ആഷിക്കും ശ്രദ്ധിച്ചു.. അവരുടെ അടുത്ത് ഇഷാനിയുടെ കല്യാണത്തിന്റെ കാര്യം എനിക്ക് പറയേണ്ടി വന്നു.
‘അവൾ കല്യാണത്തിന് സമ്മതിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഓൾക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ടെന്നാണ് ഞാൻ കരുതിയത്.. ഇനി വല്ല തമാശയും പറഞ്ഞതാണോ..?
ആഷിക്ക് ചോദിച്ചു
‘അല്ലടാ.. അവൾ സീരിയസ് ആയിട്ട് പറഞ്ഞതാണ്.. അവൾ കുറച്ചു ദിവസം ആയി എന്നോട് അധികം മിണ്ടാട്ടവും ഇല്ലായിരുന്നു. ഇതാകും കാരണം..’
‘നീ അത് ഉറപ്പിക്കാൻ വരട്ടെ.. ഞാൻ അവളോട് ന്യൂട്രലിൽ കാര്യം തിരക്കാം..’
രാഹുൽ പറഞ്ഞു
‘അതൊന്നും വേണ്ടടാ. അവൾ എന്നോട് മാത്രം ആയി പറഞ്ഞതാണ്.. നിങ്ങളോട് ഞാൻ പറഞ്ഞു എന്ന് അവൾ അറിയണ്ട..’