‘ നീ എവിടാ…?
‘ഞാൻ.. ഞാൻ വീട്ടിലാ..’
‘വീട്ടിലോ.. എന്ത് പറ്റി. എന്താ ലാസ്റ്റ് പീരിയഡ് കേറാഞ്ഞത്..?
‘എനിക്ക് നല്ല തലവേദന. അതാ ഞാൻ പെട്ടന്ന് ഇങ്ങ് പോന്നത്..’
അർജുൻ കാര്യം അറിയാൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും തലവേദന പറഞ്ഞു അവൾ ഫോൺ വച്ചു. പെട്ടന്ന് ഒരു കാര്യവും ഇല്ലാതെ അവൾ തന്നെ ഒഴിവാക്കിയത് പോലെ അർജുന് തോന്നി.. അത് പിന്നീട് പതിവായി. അടുത്ത ദിവസം ഇഷാനി എന്നത്തേയും പോലെ ഹൂഡി ധരിച്ചാണ് വന്നത്. അതിനെ പറ്റി ചോദിച്ചപ്പോൾ താല്പര്യമില്ലാത്തത് പോലെ അവൾ പെരുമാറി. ഇടയ്ക്ക് തന്റെ അടുത്ത് വരുന്ന സമയങ്ങളിൽ ഒക്കെ അവൾ അർജുനിൽ നിന്ന് മാറി പോകാൻ ശ്രമിച്ചു. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ എന്ന് അർജുൻ ആലോചിച്ചെങ്കിലും അങ്ങനെ ഒന്ന് അവന് ഓർമ കിട്ടിയില്ല. അങ്ങനെ അർജുന് പിടി കൊടുക്കാതെ ഇഷാനി കുറച്ചു ദിവസങ്ങൾ അവനെ വിഷമിപ്പിച്ചു നടന്നു. ഒടുവിൽ ഒരു ദിവസം പെട്ടന്ന് പഴയത് പോലെ അവൾ അവനോട് ചിരിച്ചു സംസാരിച്ചു. അവന്റെ അടുത്ത് വന്നിരുന്നു. അന്ന് പതിവില്ലാതെ കോളേജിനു പുറത്തുള്ള ബേക്കറിയിൽ കൊണ്ട് പോയി അർജുന് ചെലവും ചെയ്തു.. ജ്യൂസ് വന്നു അത് കുടിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ ആണ് അവൾ കാര്യം പറയുന്നത്
‘അതേ… എന്റെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..’
‘ഓഹോ.. ആരാണ് ചെക്കൻ..’
അവൾ പറഞ്ഞത് ഒരു തമാശ ആയെ ഞാൻ ആദ്യം കരുതിയുള്ളു
‘ചെക്കനെ ഞാൻ ഒരു തവണ കാണിച്ചു തന്നിട്ടുണ്ട്.. നാട്ടിൽ വന്നപ്പോ ഒരു ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയത് ഓർമ ഇല്ലെ.. അതാണ് ആൾ..’
അവളുടെ മറുപടിയിൽ എന്തോ പന്തികേട് തോന്നി ജ്യൂസിൽ നിന്നും എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് പോയി. അവൾ വളരെ കൂളായാണ് സംസാരിക്കുന്നത്
‘ഉണ്ണിയേട്ടന്റെ വീട്ടുകാർ അവിടെ വന്നു ആലോചിച്ചു എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഈയിടെ. ആദ്യം ഞാൻ അത്ര പോസിറ്റീവ് ആയി മറുപടി കൊടുത്തില്ല.. പിന്നെ എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു..’