അങ്ങനെ ഞാൻ റെഹ്മാനിക്കയുടെ ജോലിക്കാരനായി. രാവിലെ 6 മണിക്ക് തുടങ്ങുന്ന ജോലി തീരുമ്പോൾ രാത്രി 10 മണി ആവും. അടുക്കളയോട് ചേർന്നുള്ള ചായ്‌പ്പിൽ കിടന്നുറങ്ങും. ആറേഴു മാസങ്ങൾ പെട്ടെന്ന് കടന്നു പോയി. ആ കടയിലെ എല്ലാ ജോലികളും ചെയ്യാൻ പഠിച്ചു. എല്ലാ പണിക്കാരും എന്നോട് നല്ല സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറാൻ തുടങ്ങി. വിധി എൻ്റെ ജീവിതത്തിൽ അടുത്ത വിളയാട്ടം ആരംഭിച്ചു. സൈതാപേട്ട സെന്തിൽ.
നാട് വിറപ്പിക്കുന്ന ഗുണ്ട, 12 ക്രിമിനൽ കേസിലെ പ്രതി. ജയിലിൽ നിന്നിറങ്ങി അടുത്ത ദിവസം കൂട്ടാളികളുമൊത്ത് കടയിൽ വന്നു മൂക്ക് മുട്ടെ തിന്നു. പൈസ ചോദിച്ച ബായിയെ കൗണ്ടറിനു മുകളിലൂടെ വലിച്ചു താഴെയിട്ട് ചവിട്ടി. 9 പേര് പണിക്കാരുണ്ടായിട്ടും ഒരുത്തനും അനങ്ങിയില്ല. ബിരിയാണി ചെമ്പ് അടുപ്പത്തു നിന്ന് ഇറക്കി വെച്ച് പുറത്തേക്കു വന്ന ഞാൻ കാണുന്നത് ബായിയെ അയാൾ ചവിട്ടിക്കൂട്ടുന്നതാണ്.
പാഞ്ഞു ചെന്നു ഗുണ്ടയുടെ കഴുത്തിനു പുറകിൽ ഒറ്റ വെട്ട്. തിരിഞ്ഞു വന്നപ്പോൾ ചൂണ്ടു വിരലിനു മർമ്മ സ്ഥാനത്തു ഒരു കുത്ത്. നാട് വിറപ്പിച്ച ഗുണ്ട ശ്വാസം വിലങ്ങി അനങ്ങാൻ പറ്റാതെ നിന്നുപോയി. അലറിയടുത്ത കൂട്ടാളികൾക്കെല്ലാം ചേർത്ത് മൂന്നു മിനിറ്റ്. എല്ലാം നിലത്തു കിടന്നിഴഞ്ഞു. ബായിയെ പിടിച്ചെഴുന്നേൽപ്പിച്ചു. പാവം, നന്നായി കിട്ടിയിട്ടുണ്ട്. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അവൻ ചവിട്ടി കൊന്നേനെ.
ബായി എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു, “തമ്പി ഉനക്ക് എന്ന വേണം???” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “ഏതും വേണ്ടാ ബായ്. എനക്ക് ഉള്ളെ നിറയാ വേലയിരിക്കു” ന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി. കടയിലുണ്ടായിരുന്നവരുടെ നടുക്കം അപ്പോഴും മാറിയിരുന്നില്ല. രാത്രി കടയടച്ചു ബായി എന്നെ വിളിച്ചു, “അനസ്, നീയിങ്കെ ഇനി പടുക്ക വേണാ. എൻ കൂടെ വാ.” എന്നെയും കാറിൽ കയറ്റി മുതലാളിയുടെ വീട്ടിലേക്കു പോയി. വീടിനോട് ചേർന്ന് ഒറ്റ മുറിയും ബാത്ത് റൂമും ഔട്ട് ഹൌസ് പോലെ. “നീയിനി ഇങ്കെ തങ്കനാൾ പോതും” ബായി പറഞ്ഞു. അടി കൊണ്ട് പോയവൻ രാത്രി തിരിച്ചു വന്നാൽ തല്ലാൻ ആള് വേണമല്ലോ. അതിനുള്ള മുൻകരുതൽ ആയിരുന്നുവെന്നു പിന്നീടാണ് എനിക്ക് മനസിലായത്.