“ചേട്ടാ റെയിൽവേ സ്റ്റേഷൻ എത്തുമ്പോൾ ഒന്ന് പറഞ്ഞേക്കണേ..”
ഒരു ഉറപ്പിനായി വഴിയിൽ കണ്ട എല്ലാ ബോർഡിലെയും സ്ഥലപ്പേര് നോക്കി യാത്ര തുടർന്നു. ബോർഡ് വായിച്ചത് കൊണ്ട് സ്റ്റേഷൻ എത്തും മുൻപേ മനസ്സിലായി റെയിൽവേ സ്റ്റേഷൻ എത്താറായി എന്ന് പോരാത്തതിന് കണ്ടക്ടർ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു
“റെയിൽവേ സ്റ്റേഷൻ ഇറങ്ങാൻ ഉള്ളവരൊക്കെ ഇറങ്ങിക്കോ…”
ബസിൽ നിന്ന് ഇറങ്ങി നേരെ കൗണ്ടറിലേക്ക് നടന്നു. അൽപ്പം പിശുക്ക് ജന്മനാ ഉള്ളത് കൊണ്ട് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് ആണ് വാങ്ങിയത്.
“സാർ ഏതു പ്ലാറ്റ് ഫോമിലാണ് ട്രെയിൻ വരുന്നത്…”
ടിക്കറ്റും ബാക്കി കാശും തന്നു കൊണ്ട് അയാൾ പറഞ്ഞു
“തേർഡ് പ്ലാറ്റ് ഫോം…”
തപ്പി നടന്ന് പ്ലാറ്റ് ഫോം കണ്ടെത്തി. അധികം വൈകാതെ തന്നെ ട്രെയിൻ വന്നു. സെക്കന്റ് ക്ലാസ്സ് എടുത്തതിൽ നല്ല വിഷമം തോന്നി. നല്ല തിരക്ക് സൂചി കുത്താൻ പോലും സ്ഥലം ഇല്ല ഒരുവിധം തള്ളി കയറി. ഞെരുങ്ങി ഞെരുങ്ങി ബാത്‌റൂമിനു അടുത്തായി അൽപ്പം സ്ഥലം കിട്ടി ഏതായാലും ആർക്കും ബാത്‌റൂമിലേക്ക് പോകേണ്ടി വരില്ല കാരണം അവിടെ വരെ തിങ്ങി ഞെരുങ്ങി ആളുകൾ നിൽപ്പുണ്ട്. കൂട്ടത്തിൽ ഞാനും ആ പകലിലും ഞാൻ നിന്നിരുന്ന സ്ഥലം നല്ല ഇരുട്ട് പോലെ തോന്നി. ഒന്നാമത് ബാത്‌റൂമിനു ഇടയിലായിട്ടുള്ള സ്ഥലം പോരാത്തതിന് നല്ല തിരക്കും. പതുക്കെ ട്രെയിൻ ചലിച്ചു തുടങ്ങി പിന്നിലായി ഒരു മൂലക്ക് കുറച്ച് സാധനങ്ങൾ നിറച്ച ചാക്കുകൾ ഉയരത്തിൽ അട്ടിയിട്ട് വച്ചിരുന്നു അതിന് ഇടത്തായി ഒരാൾക്ക് നിൽക്കാൻ ഉള്ള സ്ഥലം മാത്രമേ ഉള്ളൂ. അവിടെയായി നല്ല താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ നിന്നിരുന്നു. കാഴ്ചയിൽ തന്നെ പേടി തോന്നും മുഖത്തു അപകടത്തിൽ പറ്റിയത് പോലുള്ള ഒരു പാടുണ്ട് കറുത്ത നല്ല ഉയരം ഉള്ള ഒരാൾ അയാൾക്ക് മുന്നിലായി ആണ് ഞാൻ നിൽക്കുന്നത്. മുന്നിലെ ആളുകൾ പിന്നിലോട്ട് പിന്നിലോട്ട് എന്നെ തള്ളുന്ന പോലെ തോന്നി കുറച്ച് സ്ഥലമെങ്കിലും കിട്ടാനുള്ള ആളുകളുടെ കഷ്ടപ്പാട് കാണണം. ബസിൽ വന്നാൽ മതിയായിരുന്നു എന്ന് അപ്പോൾ തോന്നി.