സൈക്കിൾ ഉണ്ടായിട്ടും ആര്യൻ തൻ്റെകൂടെ നടക്കാൻ തീരുമാനിച്ചത് ലിയയുടെ മനസ്സിന് സന്തോഷം നൽകി. അവർ നടന്ന് ആര്യൻ്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ആര്യൻ അവിടെ നിന്നു.
“എങ്കിൽ ശരി മാഡം നാളെ കാണാം.”
“ഓഹ്…മറന്നൂ…ആര്യൻ ഇവിടെ വരെയേ ഉള്ളല്ലോ പറഞ്ഞപോലെ.” ആര്യൻ തൻ്റെ നടത്തം പെട്ടെന്ന് നിർത്തി അത് പറഞ്ഞപ്പോഴാണ് സംസാരിച്ച് സംസാരിച്ച് അവർ അവിടെ വരെ എത്തി എന്ന് ലിയക്ക് ബോധ്യം വന്നത്.
“അതേ മാഡം.”
“എങ്കിൽ ശരി ആര്യാ നാളെ കാണാം…പിന്നേ താങ്ക്സ്…”
“താങ്ക്സോ…എന്തിന്?”
“നാല് മണി വരെ എനിക്ക് കൂട്ടായി ഇരുന്നതിനും കരഞ്ഞപ്പോ ആശ്വസിപ്പിച്ചതിനും പിന്നെ ദാ ഇവിടെ വരെ എൻ്റെ കൂടെ നടന്നു വന്നതിനും.”
“അതിനൊക്കെ എന്തിനാ മാഡം താങ്ക്സ്…?”
“എൻ്റെ ഒരു ആശ്വാസത്തിന് പറഞ്ഞന്നേ ഉള്ളൂ ആര്യാ…”
“ഒരു താങ്ക്സ് പറഞ്ഞതുകൊണ്ട് മാഡത്തിന് ആശ്വാസം ആകുമെങ്കിൽ കുഴപ്പമില്ല…പക്ഷേ അത് ഇന്നത്തേക്ക് മാത്രം മതി നാളെ മുതൽ അതിൻ്റെ ആവശ്യം ഇല്ലാ കേട്ടല്ലോ…ഹഹ…”
“ഹഹഹ…ശരി ആര്യാ…”
“എങ്കിൽ ശരി മാഡം ബസ്സ് മിസ്സ് ആകണ്ടാ നാലേകാൽ ആയി.”
“ഹാ പിന്നേ ഈ മാഡം വിളി വേണ്ട കേട്ടോ ഇനി.”
“അയ്യോ ശീലിച്ചു പോയി ഇനി മാറ്റാൻ പ്രയാസം ആയിരിക്കും.”
“ഹാ അൽപ്പം പ്രയാസപ്പെട്ടോ എങ്കിൽ ഹഹ…ശരി എന്നാൽ പോട്ടെ നാളെ കാണാം.”
“ശരി…”
ലിയ നടന്നു പോകുന്നതും നോക്കി ആര്യൻ കുറച്ച് നിമിഷങ്ങൾ ഗേറ്റിന് അടുത്ത് തന്നെ നിന്ന ശേഷം അകത്തേക്ക് കയറി. വാതിൽ തുറന്നുകൊണ്ട് ആര്യൻ വീടിനുള്ളിലേക്ക് കയറി.
വേഷം എല്ലാം മാറി ഒന്ന് മേല് കഴുകിയ ശേഷം ആര്യൻ ചായ ഇടാൻ തുടങ്ങി. മനസ്സിൽ ഒരാൾ കൂടി ഈ നാട്ടിൽ വന്നതിനു ശേഷം കയറിക്കൂടി എന്ന താഥാർത്യം ആര്യൻ മനസ്സിലാക്കി. അവൻ ലിയയെ കുറിച്ചോർത്തുകൊണ്ട് ചായ കുടിച്ചു.
ചായ കുടിച്ചു കഴിഞ്ഞ ശേഷം ആര്യൻ സൈക്കിളും എടുത്ത് കൊണ്ട് ചുമ്മാ കടയിലേക്ക് ഇറങ്ങി. ചന്ദ്രിക ചേച്ചിയെ കണ്ട് വെള്ളം ഇറക്കാൻ തന്നെ കാര്യം.