“ഏയ് അത് സാരമില്ല മാഡം…എനിക്ക് മനസ്സിലാകും…ചോദിച്ച് വിഷമിപ്പിച്ചതിന് ഞാനാ സോറി പറയേണ്ടത്…സോറി…”
“ഛെ ഛെ…അങ്ങനൊന്നും വിചാരിക്കേണ്ട…അങ്ങനെയാണെങ്കിൽ ഞാൻ അല്ലേ ആര്യനോട് ആദ്യം ആവശ്യപ്പെട്ടത് ആര്യൻ്റെ കഥ എന്നോട് പറയാൻ…സാരമില്ല…ഒരു കണക്കിന് ആര്യൻ ചോദിച്ചതും നന്നായി…മനസ്സിൽ എവിടെയോ കെട്ടിക്കിടന്ന ബാക്കി ഉണ്ടായിരുന്ന വിഷമം കൂടി ആ കണ്ണീരിനൊപ്പം ഒലിച്ചു പോയപോലെ തോന്നുന്നു ഇപ്പോ…”
“ഏതായാലും മാഡം ഒന്ന് പോയി മുഖം എല്ലാം ഒന്ന് കഴുകി വാ…എഴുന്നേക്ക്…”
ആര്യൻ ലിയയുടെ കൈയിൽ പിടിച്ച് മെല്ലെ എഴുന്നേൽപ്പിച്ചു. അവള് ടോയ്‌ലറ്റിൽ കയറി മുഖം നല്ലപോലെ കഴുകിയ ശേഷം തിരിച്ച് വന്ന് അവൻ്റെ അരികിൽ തന്നെ ഇരുന്നു.
“ഹോ ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്…ആരെങ്കിലും വന്നിരുന്നെങ്കിൽ ഞാൻ ആകെ പെട്ടു പോയേനെ.”
ലിയ അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്.
താൻ ഈ നാട്ടിൽ ജോലിക്ക് വന്നിട്ട് നാല് മാസത്തോളം ആയെങ്കിലും ഇതുവരെ ആരോടും ഇത്രയും സംസാരിക്കുകയോ മനസ്സുകൊണ്ട് ഒരു അടുപ്പം തോന്നുകയോ ചെയ്തിട്ടില്ല. എന്നാൽ വെറും ഒരു ദിവസം കൊണ്ട് തന്നെ ആര്യൻ അവൻ്റെ പെരുമാറ്റ രീതികൊണ്ടും ആശ്വാസവാക്കുകൾ കൊണ്ടും അവനോട് ഒരു അനിയനോടെന്നപോലെയോ അല്ലെങ്കിൽ ഒരു സുഹൃത്തിനോടെന്നപോലെയോ ഒരു ഇഷ്ട്ടം തന്നിൽ തോന്നിപ്പിച്ചിരിക്കുന്നു എന്ന് ലിയ മനസ്സിൽ ചിന്തിച്ചു.
“മാഡം ഓക്കെ അല്ലേ…?”
“അതേ ആര്യാ…ഓക്കെ ആണ്.”
അവർ രണ്ടുപേരും കുറച്ച് നേരം മൂകമായി ഇരുന്ന ശേഷം വീണ്ടും മറ്റ് പല കാര്യങ്ങളും വിശേഷങ്ങളും ഒക്കെ ചോദിച്ചും പറഞ്ഞും നേരത്തെ ഉണ്ടായിരുന്ന മൂടിൽ നിന്നും മനസ്സിനെ തിരിച്ചുവിട്ടു.
നാല് മണി വരെ അവർ അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. അതല്ലാതെ മറ്റൊന്നും അവർക്ക് അവിടെ ചെയ്യാൻ ഉണ്ടായിരുന്നില്ല അന്നത്തെ ദിവസം. ഒടുവിൽ അവർ പോകാനായി ഉള്ള തയ്യാറെടുപ്പുകൾ നടത്തി.
മേശയും ലോക്കറും എല്ലാം പൂട്ടിയ ശേഷം ലിയ പുറത്തേക്കിറങ്ങിയതിനു പിന്നാലെ ആര്യൻ ഷട്ടർ താഴ്ത്തി താഴുകൾ ഇട്ടു പൂട്ടി. ശേഷം “താക്കോൽ ആര്യൻ തന്നെ വെച്ചോ” എന്ന് ലിയ പറഞ്ഞിട്ട് അവർ ഇരുവരും ഒന്നിച്ച് തന്നെ അവിടെ നിന്നും നടന്നു.