ജോലി എല്ലാം തീർത്തതിനു ശേഷം ഏകദേശം പതിനൊന്നരയോടെയാണ് ആര്യൻ തിരിച്ച് ഓഫീസിലേക്ക് എത്തിയത്.
“ആഹാ വിചാരിച്ച അത്ര താമസിച്ചില്ലല്ലോ…” ആര്യൻ വന്ന് കേറിയ ഉടനെ ലിയ ചോദിച്ചു.
“വഴിയിൽ ഒന്ന് രണ്ടു പേര് സഹായിച്ചു…പിന്നെ പാർസൽ കൊടുക്കാൻ പോയപ്പോ മോളി ചേട്ടത്തിയോട് ചോദിച്ചു പുള്ളിക്കാരിക്ക് എല്ലാ വീടുകളും അറിയാമായിരുന്നു അതുകൊണ്ട് ഒരുപാട് അലയേണ്ടി വന്നില്ല.”
“അത് ശരി…നാളെ മുതൽ ഇത്ര പോലും താമസിക്കേണ്ടി വരില്ല.”
“ഹാ ചുമ്മാതെ ഇരിക്കുന്നതിലും നല്ലതല്ലേ അതുകൊണ്ട് ഇതൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ട് മാഡം.”
“ഹാ നല്ല കാര്യം…അല്ലെങ്കിലും കഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് നമ്മൾക്ക് മടുപ്പ് തോന്നുന്നത്.”
“അതേ…മാഡത്തിന് ഇവിടെ എങ്ങനെ ഉണ്ടായിരുന്നു ഇതുവരെ?”
“ഒരു മൂന്ന് പേര് വന്നു കാണും…അതിൽ ഒരാള് സ്റ്റാമ്പ് മേടിക്കാൻ വന്നതാ…ഇതൊക്കെ ഉള്ളൂ ഇവിടുത്തെ പണി ജോലി ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവർക്ക് ഇവിടെ സുഖം ആണ്.”
“അതേ ഹഹ…”
അവർ രണ്ടുപേരും വരുന്ന ജോലികൾ എല്ലാം തീർത്തുകൊണ്ട് കൊച്ചു കൊച്ചു കഥകളും വിശേഷങ്ങളും ഒക്കെ പറഞ്ഞിരുന്ന് സമയം കളഞ്ഞു. ഏകദേശം ഒരു ഒന്നര ആയപ്പോഴേക്കും ആര്യൻ ഊണ് കഴിക്കാൻ ആയി കടയിലേക്ക് പോയി.
കുട്ടച്ചൻ്റെ കടയുടെ മുന്നിൽ എത്തിയതും രവി ആര്യനെ കണ്ട് കൈ വീശി കാണിച്ചു. ആര്യൻ സൈക്കിൾ അവിടെ വച്ചിട്ട് രവിയുടെ അടുത്തേക്ക് പോയി.
“കുഴപ്പം ഒന്നും ഇല്ലല്ലോ സൈക്കിളിന് അല്ലേ?”
“ഏയ് ഇല്ല രവി ചേട്ടാ ഓക്കെ ആണ്.”
“ഓക്കേ…ഊണ് കഴിക്കാൻ വന്നതാണോ?”
“അതേ…ചേട്ടൻ എങ്ങനെയാ വീട്ടിൽ പോയി കഴിക്കുവാണോ അതോ ഇവിടുന്നാണോ?”
“ഞാൻ ചില ദിവസങ്ങളിൽ വീട്ടിൽ പോയി കഴിക്കും ചില ദിവസങ്ങളിൽ ഇവിടുന്നും…ഇന്ന് ഇവിടുന്ന് ആണ് ഊണ്…കഴിച്ചില്ല കഴിക്കണം. ”
“ആഹാ എങ്കിൽ വാ ഒന്നിച്ച് കഴിക്കാം.”
“ഹാ എന്നാ പിന്നെ കഴിച്ചേക്കാം വാ…”
അവർ രണ്ടുപേരും കൂടി കൈകൾ കഴുകി ഒന്നിച്ച് കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ഇന്നലത്തെ പോലെ അല്ലാ ഇന്ന്. ആളുകൾ ഉണ്ട് കഴിക്കാൻ. ആര്യൻ മനസ്സിൽ ഓർത്തു. അവർ രണ്ടു പേരും ഒഴിഞ്ഞ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്നു.