“ആഹാ അത് ശരി. കഥയൊക്കെ ഒരു ദിവസം പറ നമ്മൾക്ക് എന്തായാലും ഇഷ്ട്ടം പോലെ സമയം ഉണ്ട് ഇവിടെ ഹഹ.”
“ഹാ മാഡം പറയാം…മാഡത്തിൻ്റെ മോൻ എത്രാം ക്ലാസ്സിൽ ആണ്?”
“മോൻ ഇപ്പോ എട്ടാം ക്ലാസ്സിൽ.”
“മാഡത്തിന് അപ്പോ എത്ര വയസ്സുണ്ട്?”
“എന്തേ മോൻ കോളജിലോ മറ്റോ പഠിക്കാൻ ഉള്ള പ്രായം കാണുമെന്ന് വിചാരിച്ചോ എന്നെ കണ്ടിട്ട്?”
“ഏയ് ഇല്ലില്ലാ…ഹഹഹ.”
“എനിക്ക് മുപ്പത്തിനാല് വയസ്സ്.”
“അത്രേ ഉള്ളൂലെ…”
“അത് പോരെ ഹഹ…”
“ചോദിച്ചന്നേ ഉള്ളൂ മാഡം.”
“ഏയ് ഞാൻ വെറുതെ പറഞ്ഞതാ ആര്യാ…എന്നാ പിന്നെ നമ്മൾക്ക് ജോലിയിലേക്ക് കടന്നാലോ…”
“ഹാ മാഡം ലെറ്റർ ബോക്‌സിൻ്റെ താക്കോൽ തന്നാൽ ഞാൻ അത് തുറന്ന് കത്തുകൾ ഉണ്ടോന്ന് നോക്കാം.”
“ഹാ ഇതാ ആര്യാ താക്കോൽ.”
ആര്യൻ തപാൽ പെട്ടി തുറന്ന് അതിൽ നിന്നും കത്തുകൾ എടുത്ത ശേഷം അതടച്ച് കത്തുകളുമായി അകത്തേക്ക് പോയി ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അത് ചെയ്യുമ്പോഴേക്കും മെയിൽ വണ്ടി വന്നു എന്ന് ലിയ വിളിച്ച് പറഞ്ഞു. ആര്യൻ മെയിൽ ബാഗ് എടുത്ത് അകത്ത് കൊണ്ട് മേശയിൽ വെച്ചു. ലിയ ചെന്ന് അതിൻ്റെ സീൽ അഴിച്ച ശേഷം ബാഗിന് അകത്തേക്ക് നോക്കി “ഹാ പതിവ് പോലെ തന്നെ ഒരുപാടൊന്നും ഇല്ല” എന്ന് പറഞ്ഞുകൊണ്ട് ഓരോന്നും സോർട്ട് ചെയ്തോളാൻ ആര്യനോട് പറഞ്ഞ ശേഷം തിരിച്ച് പോയി.
ആര്യൻ അതെല്ലാം മേശപ്പുറത്ത് കുടഞ്ഞിട്ട ശേഷം ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അധിക സമയം എടുക്കാതെ തന്നെ എല്ലാം കഴിഞ്ഞു. ഒരു പതിനേഴ് കത്തുകളും ഒരു പാർസലും രണ്ട് മണി ഓർഡറുകളും ആണ് ഉണ്ടായിരുന്നത്.
ആര്യൻ അതെല്ലാം എടുത്തുകൊണ്ട് ലിയയുടെ അടുത്തേക്ക് ചെന്നു.
“പതിനേഴ് കത്തുണ്ട്…ആദ്യത്തെ ദിവസം ആയതുകൊണ്ട് വീടുകൾ കണ്ടുപിടിച്ച് വരുമ്പോഴേക്കും സമയം പിടിക്കുമായിരിക്കും.”
“ഇത് കഴിഞ്ഞ മൂന്ന് ദിവസത്തെ കൂടെ ആയതുകൊണ്ടാണ് അല്ലെങ്കിൽ വെറും അഞ്ചോ ആറോ എണ്ണമ്മേ കാണുള്ളായിരുന്നു.”