“അയ്യോ അത് ആര്യന് ബുദ്ധിമുട്ടാവില്ലേ. മാത്രവും അല്ല ഇവിടെ അങ്ങനെ കാര്യമായി പണി ഒന്നും ഇല്ലാത്തോണ്ട് നല്ല മുഷിപ്പും ആയിരിക്കും.”
“അതിപ്പോ മാഡത്തിനും അങ്ങനെ തന്നെയല്ലേ മാഡം. എനിക്കൊരു കുഴപ്പവും ഇല്ല. പിന്നെ മാഡം ചെയ്യുന്ന പണി എനിക്കൂടെ പഠിക്കാമല്ലോ ഭാവിയിൽ അത് എനിക്ക് ഗുണവും ചെയ്യും.”
“ആര്യന് കുഴപ്പം ഒന്നും ഇല്ലെങ്കിൽ അങ്ങനെ ആവട്ടെ. ഇതിന് മുന്നേ ആര്യൻ എവിടെ ആയിരുന്നു?”
“ഇതെൻ്റെ ആദ്യത്തെ പോസ്റ്റിംഗ് ആണ് മാഡം.”
“ആഹാ അതേയോ…ആര്യന് എത്ര വയസ്സുണ്ട് അപ്പോ?”
“എനിക്ക് ഇരുപത്തിയഞ്ച് മാഡം.”
“അത് ശരി. ആര്യൻ്റെ ആ ഒരു പക്വത കണ്ടപ്പോ ഞാൻ കരുതി ഒന്ന് രണ്ട് വർഷം ജോലി ഒക്കെ ചെയ്ത് ഒരു ഇരുപത്തിയേഴ് വയസ്സ് ഒക്കെ ഉള്ള ഒരു ആൾ ആയിരിക്കുമെന്ന്.”
“അയ്യോ ഹഹഹ.”
“ഏയ് നല്ല രീതിയിലാണ് പറഞ്ഞത് കേട്ടോ പ്രായം ഒരുപാട് ഉണ്ടെന്ന് തോന്നും എന്നല്ല ഉദ്ദേശിച്ചത്.”
“ഹാ അത് മനസ്സിലായി മാഡം…മാഡത്തിൻ്റെ വീട്…?”
“ടൗണിന് അടുത്താ ഇവിടുന്ന് ഒരു മണിക്കൂർ യാത്ര ഉണ്ട് ബസ്സിന്.”
“ആണല്ലേ…ഫാമിലി ഒക്കെ.”
“വീട്ടിൽ അമ്മയും അച്ഛനും മോനും ഉണ്ട്.”
“അപ്പോ മാഡത്തിൻ്റെ ഹസ്ബൻ്റ് ഗൾഫിലോ മറ്റോ ആണോ?”
“ഹസ്ബൻ്റ് രണ്ട് വർഷം മുൻപ് മരിച്ചു.”
“അയ്യോ…സോറി മാഡം…ശ്ശേ…ഞാൻ അറിയാതെ…”
“ഏയ് അത് സാരമില്ല ആര്യാ…ഇപ്പോ ഇതൊന്നും അങ്ങനെ വലിയ കാര്യം ആക്കാറില്ല. പോയവർ പോയി നമ്മൾക്ക് ഇനി അവർക്ക് വേണ്ടി ജീവിക്കാൻ അല്ലേ പറ്റൂ.”
“അതേ മാഡം.” അത് പറയുമ്പോൾ ആര്യൻ്റെ കണ്ണുകളിലും ഒരു സങ്കടം നിഴലടിച്ച് കിടക്കുന്നത് ലിയ കണ്ടു.
“ആര്യൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?”
“അമ്മ മാത്രം.”
“ആഹാ എങ്കിൽ അമ്മയെ കൂടി ഇങ്ങു കൊണ്ടുവരാമായിരുന്നില്ലേ?”
“അമ്മ വരില്ല…എനിക്ക് പോലും വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു പിന്നെ മറ്റ് വഴികൾ ഇല്ലാഞ്ഞതുകൊണ്ട് ഇങ്ങു പോരേണ്ടി വന്നതാ. അതൊക്കെ ഒരു വലിയ കഥയാ…”