എല്ലാം നോക്കി തിരിച്ചു വന്ന ആര്യനെ കണ്ട അവർ “ഇത്രയൊക്കെ സൗകര്യങ്ങളെ ഉള്ളൂ ഇവിടെ” എന്ന് പറഞ്ഞു.
“ഓ ഇതൊക്കെ തന്നെ ധാരാളം ഹഹ.”
“എന്താ പേര്?”
“ആര്യൻ…മാഡത്തിൻ്റെയോ?”
“ലിയ…എവിടെയാ ആര്യൻ്റെ സ്ഥലമൊക്കെ?”
“കോട്ടയം.”
“ആഹാ…അപ്പോ എവിടെയാ ഇപ്പൊ താമസിക്കുന്നത്.”
“ഇവിടെ അടുത്ത് തന്നെയാ. തോമസ് വില്ലയുടെ ഓപ്പൊസിറ്റ് ഉള്ള വീട്ടിൽ. അവരുടെ തന്നെ പഴയ വീടാ.”
“ഹാ അറിയാം. മുൻപുണ്ടായിരുന്ന ആളും അവിടെ തന്നെ ആയിരുന്നു.”
“അതേ.”
“എന്നിട്ടാണോ ഇത്രയും നേരത്തെ വന്നത്?”
“അത് പിന്നെ ഇങ്ങു പോന്നു…മാഡം എപ്പോഴാ വരുക എന്നറിയില്ലായിരുന്നല്ലോ.”
“അത് ശരി…ഞാൻ ബസ്സിനാ വരുന്നത് അത് ഇവിടെ എത്തുമ്പോൾ എട്ടര കഴിയും.”
“ആണല്ലേ…?”
“ആ സമയം ആകുമ്പോഴേക്കും ഇറങ്ങിയാൽ മതി. അത് തന്നെ നേരത്തെയാ…ഇതിന് മുന്നേ ഉണ്ടായിരുന്ന ആള് ഉച്ച ആകുമ്പോളാ വന്നിരുന്നത് തന്നെ.”
“ഹാ എന്നോട് തോമാച്ചൻ പറഞ്ഞിരുന്നു ഹഹ.”
“മ്മ്…സത്യം പറഞ്ഞാൽ അതിനുള്ള പണിയേ ഉള്ളൂ ഇവിടെ എന്നാലും ഒരു ഗവൺമെൻ്റ് ഓഫീസ് അല്ലേ നമ്മൾക്ക് ഒരു ഉത്തരവാദിത്വം വേണ്ടേ…?”
“അതേ മാഡം തീർച്ചയായും.”
“എന്തായാലും…സോറി പേരെന്താണെന്നാ പറഞ്ഞത്…?”
“ആര്യൻ…”
“ഹാ ആര്യൻ…എന്തായാലും ആര്യൻ അയാളെ പോലെ അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു…അതുകൊണ്ട് താക്കോൽ ഞാൻ ആര്യനെ ഏൽപ്പിക്കാം. അഥവാ നേരത്തെ വന്നാലും ഓഫീസ് തുറന്ന് അകത്തിരിക്കാമല്ലോ.”
“അതിനെന്താ മാഡം ഞാൻ നേരത്തെ തന്നെ എത്തിക്കോളാം അതോർത്ത് മാഡം പേടിക്കണ്ട.”
“ഹാ പക്ഷേ ആര്യൻ്റെ ഡ്യൂട്ടി ടൈം രണ്ട് മണി വരെ അല്ലേ ഉള്ളൂ അതുകൊണ്ട് ആര്യൻ നാല് മണി ആകുമ്പോഴേക്കും വന്ന് താക്കോൽ വാങ്ങിക്കേണ്ടി വരും. അല്ലെങ്കിൽ ഞാൻ പോകുന്ന വഴി തരാം എന്താ?”
“അത് സാരമില്ല മാഡം എനിക്ക് രണ്ട് മണിക്ക് തന്നെ പോകണം എന്നൊന്നും നിർബന്ധമില്ല. മറ്റ് അത്യാവശ്യങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ഞാനും ഇരിക്കാം നാല് മണി വരെ.”