“മോളും അമ്മൂമ്മയും ഒന്നും എഴുന്നേറ്റില്ലേ?”
“ഇല്ല ഏഴാകും.”
“ആഹാ…അവര് കുളത്തിൽ ഒന്നും പോകില്ലാ കുളിക്കാൻ?”
“ഹമ്മ് നല്ല കഥയായി…കുളിമുറിയിലെ വെള്ളത്തിൽ പോലും തണുപ്പ് ആണെന്ന് പറഞ്ഞ് കുളിക്കില്ല…രണ്ടാൾക്കും ചൂട് വെള്ളം തന്നെ വേണം കുളിക്കാൻ.”
“ഹഹഹ അത് ശരി…മോളോട് പറ അമ്മയുടെ സൗന്ദര്യം കിട്ടണമെങ്കിൽ തണുത്ത വെള്ളത്തിൽ ഒക്കെ വല്ലപ്പോഴും കുളിക്കണമെന്ന്.”
“ഹാ തുടങ്ങിയല്ലോ അവൻ്റെ കളിയാക്കൽ.”
“ഇന്നിതു വരെ എന്നെ കളിയാക്കിയില്ലെ ഇനി കുറച്ച് അങ്ങോട്ടും മേടിക്ക് ഹഹ…”
“അയ്യടാ…”
“ഇന്നാ ഗ്ലാസ്സ് പിടിച്ചോ ഞാൻ പോവാ ചെന്നിട്ട് എന്തേലും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഇനി ജോലിക്ക് പോവാൻ…ആദ്യത്തെ ദിവസം അല്ലേ താമസിക്കണ്ടല്ലോ…”
“ഹാ എന്നാൽ പിന്നെ ഐശ്വര്യമായിട്ട് പോയി ചാർജ് എടുക്കൂ കുട്ടീ…”
“അനുഗ്രഹിച്ചാലും മഹതി.”
“അനുഗ്രഹിച്ചിരിക്കുന്നു…പോയി വരൂ.”
രണ്ടു പേരും ഒന്ന് ചിരിച്ച ശേഷം ആര്യൻ ശാലിനിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.
വീട്ടിലെത്തി കഴുകിയ തുണികൾ വിരിച്ചിട്ടതിന് ശേഷം ഉണങ്ങിയ തുണികൾ അഴയിൽ നിന്നും എടുത്ത് മുറിയിൽ കൊണ്ടുവന്ന് ഷെൽഫിൽ മടക്കി വച്ചു ആര്യൻ. എന്നിട്ട് അടുക്കളയിലേക്ക് പോയി ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം അത് കഴിച്ചിട്ട് പോയി വേഷം മാറി തൻ്റെ യൂണിഫോം എടുത്ത് ധരിച്ചു.
ഓഫീസിലേക്ക് പോകുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തിയ ശേഷം ആര്യൻ ചെറിയൊരു തുണി സഞ്ചിയും തോളത്തുകൂടി ഇട്ടുകൊണ്ട് കൈയിൽ ഒരുകുപ്പി വെള്ളവും എടുത്ത് വീട് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി.
സൈക്കിൾ എടുത്ത് ഗേറ്റ് കടന്നുകൊണ്ട് മെല്ലെ അവൻ അതിൽ കയറി പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി ചവിട്ടി. സമയം ഇനിയും ഉണ്ടെന്ന കാരണത്താൽ ആര്യൻ വളരെ പതുക്കെയാണ് സൈക്കിൾ ചവിട്ടിയത്. എന്നിരുന്നാൽ പോലും അഞ്ച് മിനുട്ടിൽ താഴെ മാത്രം സമയം എടുത്തുകൊണ്ട് തന്നെ അവൻ പോസ്റ്റ് ഓഫീസിൽ എത്തി.
സൈക്കിൾ ഒരു സൈഡിലേക്ക് ഒതുക്കി വച്ച ശേഷം അവൻ ഓഫീസിൻ്റെ പടിയിലേക്ക് കയറി നിന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടേകാൽ ആകുന്നതേയുള്ളൂ. ഇത്രയും നേരത്തെ ഇറങ്ങേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ അവൻ്റെ മനസ്സിൽ വന്നു.