“ഹാ എനിക്കും പോരെ…”
“ഹാ അതൂടെ പറ.”
“ഈ ചെക്കൻ…ഹാ അപ്പോ ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ നീ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂവെങ്കിലും നിന്നോട് സംസാരിക്കുമ്പോൾ നീ ഇവിടുത്തുകാരൻ തന്നെ അല്ലെങ്കിൽ കൊറേ നാള് പരിചയമുള്ള ഒരാളെ പോലെ തോന്നും. അത് നിൻ്റെ ഈ സംസാര മികവും ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള ഒരു കഴിവും കൊണ്ടുതന്നെയാ.”
“ഞാൻ അങ്ങനെ ആരെയും കൈയിലെടുക്കാൻ ആയിട്ട് പ്രത്യേക കഴിവുകൾ ഒന്നും ഉപയോഗിക്കുന്നില്ല എൻ്റെ നാട്ടിലും എല്ലാരോടും സംസാരിക്കുന്ന പോലെ തന്നെയാ നിങ്ങളോടും ഇടപഴകുന്നത്.”
“ഹാ അത് തന്നെയാ പറഞ്ഞത് നീ എന്ന മനുഷ്യൻ്റെ നല്ലൊരു ഗുണം അല്ലെങ്കിൽ കഴിവ് തന്നെയാവും അത്. ഇനി മതി ഞാൻ കൂടുതൽ നിന്നെ പൊക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം.”
“ഹമ്മ്…നല്ലത് പറയുമ്പോ എന്താ ഒരു മടി…കളിയാക്കാൻ ആണെങ്കിൽ നൂറ് നാവും.”
“ഇനിയും കളിയാക്കും എന്തേലും കുഴപ്പം ഉണ്ടോ?”
“അയ്യോ ഇല്ലേ ആക്കിക്കോ ആക്കിക്കോ…”
“ഹഹഹ…”
“പിന്നേ ഇന്നലെ കൊണ്ടുപോയ പുസ്തകം വായിച്ചോ?”
“ആടാ കുറച്ച് ഒരു ഇരുപത് പേജോളം ബാക്കി കൂടി ഇന്നിരുന്ന് വായിക്കണം.”
“ആഹാ ഇരുപത് പേജ് ആണോ ആകെ വായിച്ചത്.”
“അത് പിന്നെ ഇന്നലെ മോള് വീട്ടിൽ തന്നെ ഇല്ലായിരുന്നോ സമയം തരണ്ടേ അവള്…ഇന്ന് ഏതായാലും അവള് സ്കൂളിൽ പോകുമല്ലോ അപ്പോ പകൽ ഇരുന്ന് വായിക്കാം.”
“ഹാ…അമ്മു ഏത് സ്കൂളിലാണ് ചേച്ചി?”
“ഇവിടുത്തെ ഗവൺമെൻ്റ് സ്കൂളിൽ ആണെടാ…അതിവിടുന്ന് ഒരു രണ്ട് കിലോമീറ്റർ ഉണ്ട്.”
“ആഹാ അപ്പോ എങ്ങനെയാ പോണത്?”
“ഓട്ടോ ഉണ്ട്…കുട്ടച്ചൻ്റെ കടയുടെ അവിടെ വരും…അവിടെ വരെ ചില ദിവസങ്ങളിൽ ഞാൻ കൊണ്ടാക്കും ചിലപ്പോ അമ്മയും…തിരിച്ച് ഇങ്ങോട്ടും അങ്ങനെ തന്നെ.”
“അത് ശരി.”
സംസാരിച്ച് സംസാരിച്ച് അവർ ശാലിനിയുടെ വീടിന് മുന്നിൽ എത്തി നിന്നു. പത്രക്കാരൻ പത്രം എടുത്ത് ശാലിനിയുടെ മുറ്റത്തേക്ക് എറിഞ്ഞു. ഇത് കണ്ട ആര്യൻ ഓടിച്ചെന്ന് അതെടുത്തു.