പുറത്തെങ്ങും ഇരുട്ട് മാത്രം. നല്ല തണുപ്പും. ഇരുട്ടാണെങ്കിലും വഴിയും തൊട്ടടുത്തുള്ള ദൃശ്യങ്ങളും മങ്ങിയ വെളിച്ചത്തിൽ കാണുവാൻ സാധിക്കും. ശാലിനിയുടെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. ചിലപ്പോൾ കുളിക്കാനായി പോയി കാണും അല്ലെങ്കിൽ ഇപ്പോ വരുമായിരിക്കും എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ നടത്തം തുടർന്നു.
അധികം താമസിക്കാതെ തന്നെ ആര്യൻ കുളത്തിൽ എത്തിച്ചേർന്നു. ഇന്നലത്തെ പോലെ തന്നെ ഇന്നും അവൻ തന്നെയാണ് ആദ്യം എത്തിയത്. അവൻ ചന്ദ്രിക ഇന്നലെ പറഞ്ഞത് അനുസരിച്ച് സ്ത്രീകൾ കുളിക്കുന്ന പടവുകളിൽ നിന്നും മാറി പുരുഷന്മാരുടെ പടവിലേക്ക് പോയി.
വസ്ത്രങ്ങൾ ഊരി ഒരു കല്ലിന് മുകളിൽ വച്ച ശേഷം ആര്യൻ തോർത്ത് ധരിച്ച് കുളത്തിലേക്ക് ഇറങ്ങി. ഒന്ന് മുങ്ങി നിവർന്ന് തിരിച്ച് വന്ന് തുണികൾ കല്ലിൽ ഇട്ട് അലക്കാൻ തുടങ്ങിയതും ചന്ദ്രിക ചേച്ചിയും ഒപ്പം ശാലിനി ചേച്ചിയും പടവുകൾ ഇറങ്ങി വരുന്നത് കണ്ടു.
ആര്യൻ ഒരു മൂലയ്ക്ക് ആയിരുന്നതിനാൽ മങ്ങിയ വെളിച്ചത്തിൽ അവർക്ക് അത് ആരാണെന്ന് വ്യക്തമായിരുന്നില്ല. അവർ പരസ്പരം എന്തോ പിറുപിറുക്കുന്നത് ആര്യൻ കേട്ടു.
“ആരാ ചേച്ചി നമ്മളെക്കാൾ മുന്നേ?”
“അറിയില്ലെടി മോളെ…ഇനി ആര്യൻ ആണോ?”
“ഹാ അതേ ആയിരിക്കും.”
“ആര്യൻ ആണോടാ?” ചന്ദ്രിക ചേച്ചി പടവുകൾ ഇറങ്ങിക്കൊണ്ട് വിളിച്ച് ചോദിച്ചു.
“അടിയൻ ആന്നേ…”
“ഹഹഹ…ഞാൻ പറഞ്ഞില്ലേടീ അവൻ ആയിരിക്കുമെന്ന്. ഇന്നലെയും അവനാ ആദ്യം വന്നത് അതാ ഞാൻ ഊഹിച്ചത്.”
“ഹാ…ഇന്നലെ അവൻ പറഞ്ഞിരുന്നു ചേച്ചിയെ കണ്ട കാര്യം.”
“ആഹാ…അത് ശരി.” ചന്ദ്രിക അറിഞ്ഞില്ലെന്ന രീതിയിൽ അവളോട് പറഞ്ഞു.
“വരത്തന്മാരൊക്കെ നമ്മുടെ കുളം കൈയേറുമെന്ന് തോന്നുന്നല്ലോ ചേച്ചി…” ശാലിനി ആര്യൻ കേൾക്കാൻ എന്ന വണ്ണം താഴത്തെ പടവിൽ വന്ന് നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു.
“അതെയതെ…ഇങ്ങനെ പോയാൽ ഇനി എന്തൊക്കെ കൈയേറും എന്തോ ആവോ…”
“ഹാ ഇവിടുള്ളവർക്കൊന്നും വെളുപ്പിനെ എഴുന്നേറ്റ് വരാൻ വയ്യെങ്കിൽ വരത്തന്മാർ ഒക്കെ വന്ന് കൈയേറിയെന്നിരിക്കും…” അതിന് മറുപടിയെന്നോണം ആര്യനും ശബ്ദത്തിൽ പറഞ്ഞു.