അത് കേട്ടതും അഞ്ചന തറയില്‍ രണ്ടു കൈയും ആഞ്ഞടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
“അതിനേക്കാള്‍ എന്നെ നി കൊന്നു കളയ്…!” അവള്‍ ആർത്തു കരഞ്ഞു.
മറിയ പെട്ടന്ന് തറയിലിട്ട് അടിച്ചു കൊണ്ടിരുന്ന അഞ്ചനയുടെ കൈകളെ പിടിച്ചു വച്ചിട്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് അവളെന്നെ തുറിച്ചു നോക്കി.
ഒരുപാട് നേരം കഴിഞ്ഞ് അഞ്ചന കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് നിന്നിട്ട് എന്നോട് പറഞ്ഞു,
“നി വേറൊരു പെണ്ണിനെ കെട്ടുമെന്ന് സത്യം ചെയ്യ്.. അപ്പോൾ ഞാൻ അതൊക്കെ പറയാം.. പറയുക മാത്രമല്ല, നിന്നെ മറക്കുകയും ചെയ്യും.”
പക്ഷേ അങ്ങനെ ഒരു സത്യം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല.
“നീയൊഴികെ വേറൊരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ല. നീയെന്നെ വെറുത്താലും, എന്നെ വിട്ട് പോയാലും, എന്നെ മറന്നാലും.. എനിക്കൊന്നുമില്ല. പക്ഷേ എന്റെ മരണം വരെ നിന്നെ മാത്രമേ ഞാൻ സ്നേഹിക്കു… മരണത്തിന് ശേഷവും നിന്നെ ഞാൻ സ്നേഹിച്ച് കൊണ്ടേയിരിക്കും.”
അത്രയും പറഞ്ഞിട്ട് അവർ രണ്ടു പേരെയും ഞാൻ വാശിയോടെ നോക്കി. അഞ്ചന ഏങ്ങി കരഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ മറിയ വിഷമിച്ചിരുന്നു.
ഉടനെ ഞാൻ വേഗം നടന്ന് എന്റെ റൂമിൽ കേറി എന്റെ ബെഡ്ഡിൽ കിടന്നു. ശരീര വേദനയില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്ടി. പക്ഷേ എന്റെ മനസ്സിന് ആശ്വാസം കിട്ടാൻ എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. അവസാനം ക്ഷീണം കാരണമാവാം, ചിലപ്പോ വിശപ്പ് കാരണമാവാം… ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. *****************
ആരോ എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നത്.
“അഞ്ചന..?” വിശ്വസിക്കാൻ കഴിയാതെ അവളുടെ കൈയിനെ കണ്ണ് തുറക്കാതെ ഞാൻ തടവി നോക്കി.
അത് സ്വപ്നം അല്ലെന്ന് മനസ്സിലായതും കണ്ണുകൾ തുറന്ന് അവളെ ഞാൻ നോക്കി.
കട്ടിലില്‍ ചെരിഞ്ഞു കിടന്നിരുന്ന എന്റെ നെഞ്ചിന് അടുത്തായി ഇരുന്നുകൊണ്ട്.. സ്നേഹത്തോടെ എന്റെ മുടിയെ കോതി തന്നുകൊണ്ടിരുന്നു.
അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ വീർത്തിരുന്നു. കടിച്ചു മുറിച്ചത് പോലെ ചുണ്ടുകള്‍ പൊട്ടിയിരുന്നു. തലമുടി എല്ലാം വലിച്ചു പറിക്കാൻ ശ്രമിച്ചത് പോലെ അലങ്കോലമായിരുന്നു. ആകെ ഒരു ഭ്രാന്തിയുടെ കോലമായിരുന്നു അവള്‍ക്ക്.