അങ്ങനെ ഓരോ കാര്യങ്ങളും ആലോചിച്ചു കൊണ്ട് സമയം ഞാൻ തള്ളി നീക്കി.
ഇപ്പോഴൊന്നും അവളെ നാട്ടില്‍ പോകേണ്ട എന്ന് ചേട്ടൻ പറഞ്ഞാൽ, അയാളുടെ സമ്മതം ഇല്ലാതെ തന്നെ നാട്ടിലേക്ക് പോകാനും ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ അവരുടെ ഡിവേർസ്… ഞങ്ങളുടെ റജിസ്റ്റര്‍ മാര്യേജ്… വിസ റെഡി ആയതും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഒരു പോക്ക്. അതുകഴിഞ്ഞ് എപ്പോഴെങ്കിലും നാട്ടില്‍ വരണോ വേണ്ടയോ എന്ന് തീരുമാനിക്കും.
ഇതൊക്കെ ആയിരുന്നു പ്ലാൻ.
പെട്ടന്ന് എന്റെ കൈയിൽ ഉണ്ടായിരുന്ന ഫോൺ ശബ്ദിക്കുന്നത് കേട്ട് ഞാൻ നോക്കി.
പ്രഷോബ് ചേട്ടൻ ആണെന്ന് കണ്ടതും ഒരു ഭയം ഉള്ളില്‍ നിറഞ്ഞു. ദേഹത്തിന് ഒരു വിറയലും.
‘എന്താ ചേട്ടാ..?’ ഭയം മറച്ചു കൊണ്ട് ഞാൻ ചോദിച്ചു.
‘നി ഇങ്ങോട്ട് വാ.’ അയാള്‍ പറഞ്ഞിട്ട് വച്ചു.
അല്‍പ്പനേരം പേടിയോടെ ആലോചിച്ചു കൊണ്ട് നിന്നിട്ട് ഞാൻ അവരുടെ ഫ്ലാറ്റിലേക്ക് പോയി.
ചേട്ടനും അവളും ഹാളില്‍ രണ്ട് കസേരകളിലായി എതിരെതിരെ ആണ് ഇരുന്നത്. എനിക്കുവേണ്ടി മറ്റൊരു കസേര ഇട്ടിരുന്നത് ഞാൻ കണ്ടു. മൂന്ന് കസേരകളും കൂടി ത്രികോണാകൃതിയിൽ ആയിരുന്നു കിടന്നത്.
“ഇവിടെ വന്നിരിക്ക് വിക്രം.” ചേട്ടൻ കൂളായി പറഞ്ഞു.
ആ ഒഴിഞ്ഞ കസേരയില്‍ ഞാൻ ചെന്നിരുന്നു.
“എടാ വിക്രം, ഇവള്‍ ജോലിയില്‍ കേറീട്ടിപ്പോ രണ്ട് മാസം പോലും ആയില്ല. അവളുടെ ഇഷ്ടത്തിന് തന്നെയല്ലേ ഞാനും അവളെ ജോലിക്ക് വിട്ടത്. ഇപ്പൊ നാട്ടില്‍ പോണം പോലും!” അഞ്ചനയെ തുറിച്ചുനോക്കി കൊണ്ട് അയാള്‍ എന്നോടായി പറഞ്ഞു.
ഞാൻ മിണ്ടാതെ അയാളെ തന്നെ നോക്കിയിരുന്നു.
“ഒരു വര്‍ഷം എങ്കിലും കഴിയാതെ അവള്‍ക്ക് അവധി കൊടുക്കില്ല എന്ന് നീതന്നെ പറ.” അയാള്‍ എന്നെ നോക്കി പറഞ്ഞു.
സത്യത്തിൽ എനിക്ക് ചിരിക്കാനാണ് തോന്നിയത്.
“ചേട്ടാ…,” ഞാൻ വിളിച്ചു. “ചേച്ചി എന്റെ സ്റ്റാഫ് ആയിരിക്കാം. പക്ഷെ എന്റെ സ്റ്റാഫ്സിന് എന്തെങ്കിലും ആവശ്യം വന്നാല്‍ അത് ഞാൻ ചെയ്തു കൊടുക്കുമെന്ന കാര്യം ചേട്ടനും അറിയാം. അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നത്തില്‍ എന്നെയും വലിച്ചിഴയ്കരുത്. നിങ്ങളുടെ കാര്യം സ്വയം അങ്ങ് തീരുമാനിച്ചാല്‍ മതി… പ്ലീസ്.” ഞാൻ ഒഴിഞ്ഞുമാറിയതും അഞ്ചന വായ പൊത്തി ചിരിച്ചു.