പക്ഷേ ഒന്നും പറയാതെ മറിയ കുറച്ചു നേരം പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്.
ഞാൻ താഴേ നിന്ന് മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചതും അവർ പിന്നെയും എന്നെ താങ്ങി സഹായിക്കാൻ ശ്രമിച്ചു. പക്ഷേ അവരെ ഞാന്‍ തൂത്തു മാറ്റി കൊണ്ട് ചീറി.
“എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ആരുടെയും സഹായം എനിക്കു വേണ്ട. നിങ്ങളെ എനിക്ക് കാണണ്ട… നിങ്ങളോട് സംസാരിക്കാനും എനിക്ക് താല്പര്യമില്ല.” അതും പറഞ്ഞ് ഞാൻ എങ്ങനെയോ എഴുനേറ്റ് നടന്ന് എന്റെ റൂമിൽ കേറി വാതിലിനെ പൂട്ടി.
ഷവറിന് താഴെ ഒരു മണിക്കൂര്‍ എങ്കിലും ഞാൻ ചിലവഴിച്ചിട്ടുണ്ടാകും. അവസാനം എന്റെ ശരീരത്തിൽ ഉണങ്ങി പറ്റിപ്പിടിച്ചിരുന്ന രക്തമെല്ലാം ഒഴുകി പോയി.
നാവോ കവിളിന്‍റെ അകത്തേ ഭാഗമോ ഞാൻ അറിയാതെ കടിച്ചു മുറിച്ചെന്നും തോന്നി.. കാരണം വായില്‍ രക്തത്തിന്‍റെ ചുവയും ഉണ്ടായിരുന്നു.
വലത് ഉള്ളം കൈയില്‍ മാത്രം നല്ല നീളത്തിലും ആഴത്തിലും ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. പക്ഷേ അതിനെ മാറ്റി നിര്‍ത്തിയാല്‍, വെറും പോരലുകൾ മാത്രമാണ് എന്റെ ദേഹത്ത് അങ്ങിങ്ങായി ഉണ്ടായിരുന്നത്.
ഹോസ്പിറ്റലിൽ എന്റെ ഉള്ളം കൈ മുറിവിനെ കാണിക്കാൻ ഒന്നും താല്‍പര്യം ഇല്ലായിരുന്നു. കുളിച്ചു കഴിഞ്ഞതും ഞാൻ പല്ലും തേച്ചു. അതിനു ശേഷമാണ് വായിലെ രക്തത്തിന്‍റെ ചുവ മാറിയത്.
അതുകഴിഞ്ഞ് റൂമിൽ തന്നെ സൂക്ഷിച്ചിരുന്ന എന്റെ ഫസ്റ്റ്-എയ്ഡ് ബോക്സ് എടുത്ത് കൈയിലെ മുറിവിനെ ഞാൻ കെട്ടി.
അത് കഴിഞ്ഞ് ഒരു പാന്റും ഷർട്ടും ഇട്ടിട്ട് വാതിൽ തുറന്ന് പുറത്തേക്ക് ചെന്നപ്പോ അഞ്ചനയും മറിയയും ചേര്‍ന്ന് ഹാളില്‍ എല്ലാത്തിനേയും ഒതുക്കി വൃത്തിയാക്കി, വേസ്റ്റ് എല്ലാം പുറത്തേക്ക് കൊണ്ട് കളയുകയും ചെയ്തിരുന്നു.
എന്റെ പൊട്ടി നുറുങ്ങിയ മൊബൈലിനെ മാത്രം അവരില്‍ ആരോ ഒരു മൂലയ്ക്ക് മാറ്റി വച്ചിരുന്നു.
ഇപ്പോൾ അവർ രണ്ടുപേരും ശബ്ദം താഴ്ത്തി എന്തോ തർക്കിക്കുകയായിരുന്നു. അവസാനം ഹാളില്‍ ഞാൻ നില്‍ക്കുന്നതിനെ കണ്ടതും അഞ്ചന എന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് എന്റെ കണ്ണിലേക്ക് അവള്‍ നോക്കി.
അവള്‍ ശെരിക്കും കരഞ്ഞിരുന്നത് കാരണം അവളുടെ രണ്ട് കണ്ണുകളും ചുവന്നു കലങ്ങി വീർത്തിരുന്നു.