എന്റെ മനസ്സിലെ അതേ ഭയം തന്നെ അവളുടെ മനസ്സിലും പ്രതിഫലിച്ചതും ഞാൻ ഞെട്ടി.
“അപ്പോ നിന്റെ ജീവിതത്തിൽ ഞാൻ ഇല്ലാത്ത സാഹചര്യം വന്നാല്‍…?” ഭയന്നു കൊണ്ട് ഞാൻ ചോദിച്ചു.
“എന്റെ ജീവിതത്തിൽ നിന്നും നിന്നെ നഷ്ടമാകുന്ന നിമിഷം ഞാനും ഈ ലോകത്തോട് വിട പറയും.” ഒട്ടും ചിന്തിക്കാതെ അവള്‍ തീര്‍ത്തു പറഞ്ഞു.
കുറച്ചുനേരം കുടി കഴിഞ്ഞിട്ട് അവള്‍ എന്റെ മടിയില്‍ നിന്ന് എഴുനേറ്റു.
“ഇനി നി റെസ്റ്റ് എടുക്ക്. കഴിക്കാൻ ഞാൻ എന്തെങ്കിലും തയ്യാറാക്കീട്ട് വരാം.” അതും പറഞ്ഞ് അവള്‍ കിച്ചണിലേക്ക് പോയി.
ഞാനും അങ്ങനെ ഇരുന്ന് മയങ്ങി പോയി. തുടരെത്തുടരെ കുറെ ദുഃസ്വപ്‌നങ്ങൾ ഞാൻ കണ്ടു. എല്ലാം എന്റെ മരണത്തിലാണ് അവസാനിച്ചത്.
അവസാനം അവളുടെ വെപ്രാളം പിടിച്ചുള്ള ഉലുക്കലും വിളിയും കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.
കട്ടിലില്‍ എന്റെ വയറിനടുത്തായി ഇരുന്നിട്ട് എന്റെ രണ്ട് ചുമലിലും പിടിച്ചായിരുന്നു അവൾ എന്നെ ഉലച്ചത്.
“ഉറക്കത്തിൽ നി എന്തിനാ കരഞ്ഞത്….?” കൈ കൊണ്ട് എന്റെ രണ്ട് കണ്ണും മുഖവും തുടച്ചു തന്ന് കൊണ്ട് അവള്‍ വിഷമത്തോടെ ചോദിച്ചു.
അപ്പോഴാണ് എന്റെ കണ്ണും കവിളും നനഞ്ഞിരുന്നത് ഞാൻ അറിഞ്ഞത്. “എന്തോ ദുഃസ്വപ്‌നം കണ്ടതാ.” ഞാൻ നടുങ്ങി കൊണ്ട് പറഞ്ഞു. “ശരി എണീക്ക് നമുക്ക് കഴിക്കാം.” വിരലുകള്‍ കൊണ്ട് എന്റെ മുടി കോതി ഒതുക്കി വച്ചിട്ട് അവളെന്നെ സൂക്ഷിച്ചു നോക്കി.
“എനിക്ക് ഒന്നുമില്ലടി…” അവളുടെ കോട്ടി വച്ചിരുന്ന ചുണ്ടില്‍ സോഫ്റ്റ് ആയി പിടിച്ചു തടവി കൊണ്ട് ഞാൻ പറഞ്ഞു. ഉടനെ അവളെന്റെ കൈയിനെ അവളുടെ ചുണ്ടോട് ഒരു നിമിഷത്തേക്ക് ചേര്‍ത്തു പിടിച്ചു. എന്നിട്ട് അതിൽ ഉമ്മ തന്നിട്ട് അവള്‍ എഴുന്നേറ്റു.
“വാ കഴിക്കാം.” സ്നേഹത്തോടെ അവള്‍ വിളിച്ചു.
എന്റെ റൂമിലുള്ള മേശയിലാണ് അവള്‍ ആഹാരം കൊണ്ട് വെച്ചിരുന്നത്. ഹാളിലെ ടേബിളും മറ്റും പൊട്ടിച്ച് കളഞ്ഞത് ഓര്‍ത്ത് എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി.
ഞാൻ ബാത്റൂമിൽ ചെന്ന് മുഖം കഴുകി. ഉള്ളം കൈയിലെ മുറിവ് കാരണം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.