കട്ടിലിന്‍റെ തലപ്പത്ത് ചാരിയിരുന്നു കൊണ്ട് വാതിൽ മുഖത്തേക്ക് തന്നെ നോട്ടവും നട്ടാണ് അവളിരുന്നത്.
എന്നെ കണ്ടതും അവളുടെ കണ്ണുകൾ അല്‍പ്പം വിടര്‍ന്നു. അതോടെ എന്റെ കണ്ണിലേക്ക് തന്നെ അവള്‍ നോക്കിയിരുന്നു.
അകത്തേക്ക് പോണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഒരു മടിയോടെ ഞാൻ നില്‍ക്കുന്നത് കണ്ടിട്ട് അവള്‍ തലയാട്ടി വിളിച്ചു.
ഞാൻ അകത്ത് കേറി റൂമിൽ ഉണ്ടായിരുന്ന കൈയില്ലാത്ത കസേര എടുത്ത് അവള്‍ക്കരികിലായി ഇട്ടിട്ട് അതിൽ ഞാൻ ഇരുന്നു.
“നിനക്കിപ്പോ വേണ്ടത് എന്നോട് പറയടാ മോനു. അതൊക്കെ അംഗീകരിക്കാന്‍ ഞാൻ ഒരുക്കമാണ്.” എന്തോ തീരുമാനിച്ചുറച്ചത് പോലെ അവള്‍ പറഞ്ഞു. “ഞാൻ നിന്റെ കൂടെ വരണം, അല്ലേ?. ഞാൻ നിന്റെ ഭാര്യയായി തീരണം, അല്ലേ?” അവള്‍ ചോദിച്ചു.
അവളുടെ ചോദ്യത്തിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. അവളുടെ മനസ്സിനെ വായിക്കാനും എനിക്ക് കഴിഞ്ഞില്ല.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറെ നേരം അവളുടെ കണ്ണിലേക്ക് തന്നെ ഞാൻ നോക്കിയിരുന്നു.
“നി വെറുമൊരു സ്ത്രീയല്ല, നീയൊരു ഭാര്യയാണ്. അതുകൊണ്ട് എന്റെ ആഗ്രഹത്തിനും തീരുമാനത്തിനും ഒരു പ്രസക്തിയും ഇല്ല.” ഞാൻ പറഞ്ഞു.
അതുകേട്ട് അവളുടെ നോട്ടം എന്റെ കണ്ണുകളെ തുളച്ചു കൊണ്ട് ആഴ്ന്നിറങ്ങി, എന്റെ മനസ്സിൽ എന്തിനേയോ തിരയുന്നത് പോലെ.
എനിക്ക് അസ്വസ്ഥത ഉണ്ടായതും ഞാൻ ചോദിച്ചു, “നിനക്ക് എന്താണോ വേണ്ടത് അതിനെ ഞാനും അംഗീകരിക്കാന്‍ തയാറാണ്. നിനക്ക് നിന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാം — ഒരിക്കലും ഒരു ശല്യമായി ഞാൻ ഇടയിലേക്ക് കടന്നുവരില്ല. ഒരിക്കലും നിന്നെ മുതലെടുക്കാനും ഞാൻ ശ്രമിക്കില്ല. എന്നെങ്കിലും എന്റെ മനസ്സിന് നിന്നെ മറക്കാൻ കഴിഞ്ഞാല്‍ ഞാൻ ഏതെങ്കിലും പെണ്ണിനെ കെട്ടി ജീവിക്കുകയും ചെയ്യാം.” അവസാനത്തെ വാക്കുകളെ അവളുടെ കണ്ണില്‍ നോക്കാതെയാണ് ഞാൻ പറഞ്ഞത്.”
ഒരിക്കലും ഞാൻ മറ്റൊരു പെണ്ണിനെ കെട്ടാന്‍ പോണില്ല എന്ന സത്യാവസ്ഥയെ അവള്‍ മനസ്സിലാക്കുക തന്നെ ചെയ്തു.
അവള്‍ മറുപടി പറയാതെ എന്നെ തന്നെ നോക്കിയിരുന്നു.
ഞങ്ങളുടെ മൗനം എന്നെ അസ്വസ്ഥതമാക്കാൻ തുടങ്ങിയതും, അതില്‍നിന്ന് രക്ഷപ്പെടാൻ ഞാൻ ചോദിച്ചു, “പ്രഷോബ് ചേട്ടൻ വിളിച്ചായിരുന്നോ..?”
“ഇല്ല, വിളിച്ചില്ല.” അവള്‍ വെറുപ്പോടെ പറഞ്ഞു.