തറയില്‍ ചുരുണ്ടുകൂടി കിടന്ന് കരയുന്നവളേയും നോക്കി ഞാൻ വെറുതെ നിന്നു.
എന്റെ മരവിച്ച മനസ്സ് എപ്പോഴോ അലിഞ്ഞു പോയി പഴയത് പോലെ അവളെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു.
അവളുടെ കരച്ചില്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ നടന്നു ചെന്ന് അവള്‍ക്ക് അടുത്തായി മുട്ടുകുത്തി ഇരുന്നു.
“അഞ്ചന…!” അവളുടെ ഒരു ചുമലില്‍ പിടിച്ചുകൊണ്ട് അനുകമ്പയോടെ ഞാൻ വിളിച്ചു. എന്റെ സ്നേഹവും.. എന്റെ ക്ഷമയും.. എന്റെ എല്ലാ വികാരങ്ങളെയും അവളുടെ ചുമലിലൂടെ അവളുടെ മനസ്സിലേക്ക് പടർത്താൻ എന്റെ ആത്മാവിനോട് കെഞ്ചി അപേക്ഷിച്ച് കൊണ്ടാണ് അവളെ ഞാൻ മൃദുവായി പിടിച്ചിരുന്നത്.
എന്റെ കൈയിനെ തട്ടി മാറ്റാത്തത് കൊണ്ട് അല്‍പ്പം ആശ്വാസം തോന്നി. എന്റെ ആത്മാവ് അവളെ ആശ്വസിപ്പിക്കുന്നത് പോലെ അവളുടെ കരച്ചില്‍ കുറഞ്ഞു വന്നു.. അവസാനം തേങ്ങൽ മാത്രമായി മാറി.
ഉടനെ രണ്ട് ചുമലിലും പിടിച്ച് അവളെ എണീപ്പിക്കാൻ നോക്കിയപ്പോ അവള്‍ ബലം പിടിച്ചു കിടന്നു. പക്ഷേ അങ്ങനെ വിട്ടുകളയാൻ എനിക്ക് മനസ്സിലായിരുന്നു.
ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കോരിയെടുത്തു. ഭാഗ്യത്തിന് അവള്‍ എതിർത്തില്ല. പകരം എന്റെ ശരീരത്തോട് അവള്‍ ഒതുങ്ങി കിടന്നു. അഞ്ചന ഉപയോഗിച്ചിരുന്ന റൂമിലാണ് അവളെ ഞാൻ കൊണ്ട് കിടത്തിയത്. കിടത്തിയ ഉടനെ അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
അവള്‍ റസ്റ്റ് എടുക്കാൻ വിട്ടിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.
കൂടുതൽ സ്ട്രെയിൻ കൊടുത്തത് കൊണ്ട് എന്റെ വലത് കൈയിലെ മുറിവിനെ കെട്ടിയിരുന്ന പ്ലാറ്റർ മൊത്തം രക്തത്തില്‍ കുതിര്‍ന്ന് പോയിരുന്നു. അഞ്ചനയുടെ തല മുടിയിലും ദേഹത്തും ഡ്രസ്സിലൊക്കെ എന്റെ രക്തം പുരണ്ടിരുന്നതും ഞാൻ കണ്ടതാണ്.
ഞാൻ എന്റെ കൈയിലെ കെട്ടൊക്കെ അഴിച്ചു കളഞ്ഞിട്ട് ഒന്ന് കുളിച്ചു.
എന്നിട്ട് എന്റെ ബെഡ്ഡിൽ കിടന്ന അഞ്ചനയുടെ മൊബൈൽ എടുത്ത് സമയം നോക്കി. ഞായറാഴ്ച വൈകിട്ട് നാല് മണി എന്ന് കണ്ടതും ഞാൻ ഞെട്ടി. എല്ലാം തകർത്തിട്ട് ഇന്നലെ മയങ്ങി പോയ ഞാൻ ഇന്നാണ് ഉണര്‍ന്നിരിക്കുന്നത്.
തലയാട്ടി കൊണ്ട് കുറേനേരം ഞാൻ അവിടേ തന്നെയിരുന്നു.
ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ പ്രഷോബ് ചേട്ടൻ വരും. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ അവളുടെ മൊബൈലും എടുത്തുകൊണ്ട് അഞ്ചനയുടെ റൂമിന്റെ വാതില്‍ക്കല്‍ നിന്ന് അകത്തേക്ക് നോക്കി.