എനിക്ക് വിഷമം തോന്നി. പക്ഷേ എന്റെ മരവിച്ചിരുന്ന മനസ്സ് അലിയാൻ തുടങ്ങിയെങ്കിലും അവളോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല.
“എന്നെ വേദനിപ്പിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നെ ഓര്‍ത്ത് വിഷമിക്കാനും… എന്നോട് ക്ഷമ ചോദിക്കാനും മാത്രം ഞാൻ നിന്റെ ഭർത്താവും അല്ല. നീയെന്നെ സ്നേഹിക്കുന്ന കാര്യം എനിക്കും അറിയാം, പക്ഷേ അതിന്‍റെ ആയിരം ഇരട്ടി വേദനയും നി എനിക്ക് തന്നു കഴിഞ്ഞു. ഇതില്‍ കൂടുതൽ വേദനയെ താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ മനസ്സിലുള്ള ഓര്‍മകളുമായി ഞാൻ തനിയേ ജീവിച്ചോളാം. ഇനി ഒരിക്കലും നമ്മുടെ ഈ ബന്ധവും പറഞ്ഞ് നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല. ഇനി നി പോയി നിന്റെ ജീവിതം ജീവിക്ക്. നിന്റെ ദൈവമായ ഭർത്താവിന്റെ കൂടെ പോയി ആ നരകത്തിൽ തന്നെ നി നശിക്ക്.” ഞാൻ കടുപ്പിച്ച് പറഞ്ഞു.
ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞതും പെട്ടന്നവള്‍ വിരണ്ടു താഴെ വീണ് എന്റെ കാല്‍ പാദങ്ങളില്‍ മുഖം അമർത്തി. എന്നിട്ട് എന്റെ പദങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഭ്രാന്തിയെ പോലെ അലമുറയിട്ട് കരയാനും തുടങ്ങി.
അവളുടെ വേദനയും, എന്റെ കാലില്‍ കിടന്നുള്ള കരച്ചിലും കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളെ വാരിയെടുത്ത് കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി. പക്ഷെ എന്റെ മനസ്സിന്റെ ഒരു മൂലയില്‍, ഇത്രനാളും ഞാൻ അനുഭവിച്ചത് പോലത്തെ വേദന അവളും അനുഭവിക്കണം എന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്, ഞാൻ അനങ്ങാതെ ഇരുന്നു.
ആർത്തു കരഞ്ഞു കൊണ്ട് അവളുടെ കണ്ണീരാൽ അവളെന്റെ പദങ്ങളെ കഴുകി. എന്റെ നനഞ്ഞ പാദങ്ങളെ ഉമ്മകൾ കൊണ്ടവൾ തുടച്ചു. എന്നിട്ടും എന്റെ ദയ കിട്ടാതെ വന്നപ്പോൾ അവള്‍ എങ്ങലടിച്ചു കൊണ്ട് മെല്ലെ എഴുനേറ്റ് മുട്ടുകുത്തി നിന്നു. എന്നിട്ട് കൈകൂപ്പി കൊണ്ട് എന്നെ നോക്കി.
“എന്നോട് ക്ഷമിക്കടാ വിക്രം. ഇനിയും താങ്ങാനുള്ള ശേഷി എനിക്കില്ല. ഇല്ലെങ്കില്‍ എന്നെ കൊന്നു കള.” കണ്ണീരോടെ അവള്‍ കേണു. പക്ഷേ ഞാൻ മിണ്ടിയില്ല.
ഉടനെ എന്തോ തീരുമാനിച്ച പോലെ അവൾ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു, “ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു, ഒരുപാട് ദ്രോഹിച്ചു. നിന്നോട് ക്ഷമ ചോദിക്കാൻ എനിക്ക് അര്‍ഹത പോലുമില്ല… മാപ്പും ഞാൻ അര്‍ഹിക്കുന്നില്ല. പക്ഷേ നിന്റെ അവജ്ഞ എനിക്ക് താങ്ങാന്‍ കഴിയുന്നില്ല… ഇങ്ങനെ എനിക്ക് ജീവിക്കാനും കഴിയില്ല. അതുകൊണ്ട് ഞാൻ മരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കിലും നിന്റെ ദേഷ്യം തീരട്ടെ.. എന്നോടുള്ള നിന്റെ ഭ്രാന്ത് മാറട്ടെ. നിനക്ക് നല്ലോരു ജീവിതവും ലഭിക്കട്ടെ.”