” ഞാനിപ്പോ ചാടും ..നീയെന്നെ കള്ളാന്ന് വിളിച്ചല്ലേ … നീയെന്നെ കള്ളാന്നു വിളിച്ചല്ലേ ..” അവന്‍ കൈവരിയുടെ മുകളില്‍ കയറി ഭീഷണി മുഴക്കി .
‘ അഷ്‌റഫെ ..എന്തായീ കാണിക്കുന്നേ .. ഇറങ്ങ് …ഇറങ്ങവിടുന്നു” ലക്ഷ്മി തലയില്‍ കൈ വെച്ച് ഉറക്കെ പറഞ്ഞു .
‘ ഞാന്‍ ഇറങ്ങൂല്ല ..ഇറങ്ങണേല്‍ ഷിനി പറയണം …എന്നെ ഇഷ്ടമാന്നും പറയണം ” അഷ്‌റഫ് കൈ വരിയില്‍ നിന്ന് പിടി വിട്ടു താഴേക്ക് ചാടുന്ന പോലെ നിന്നു
” എടി ..ഷിനി …അവനോടു പറയടി …ചാടരുതെന്ന് പറയടി” ലക്ഷ്മി ഷിനിയുടെ കൈ പിടിച്ചു ..
” ഷിനി ..അവന്‍ ചാടുവോ ? ” തുളസിക്കും വേവലാതിയായി ..
‘” ഞാന്‍ ചാടാന്‍ പോകുവാ …ഇപ്പ ചാടും …” അഷ്‌റഫ് വീണ്ടും ഭീഷണി മുഴക്കി .
” എടി പറയടി ഷിനി …” രേവതിയും ഷിനിയെ നിര്‍ബന്ധിച്ചു ..ഷിനി മറിഞ്ഞു കിടക്കുന്ന സൈക്കിള്‍ മറി കടന്നു മുന്നോട്ടു നീങ്ങി ..പിള്ളേരെല്ലാം എന്തു സംഭവിക്കുമെന്ന് നോക്കി നില്‍പ്പാണ് …
” എടി നല്ല വെള്ളമുണ്ട് ഷിനി … അടിയൊഴുക്കും … പേടിയാവുന്നു ദേവീ ..” ലക്ഷ്മി തലയില്‍ കൈ വെച്ച് ഷിനിയെ നോക്കി
‘ ഞാന്‍ ചാടാന്‍ പോകുവാ …ഷിനി പറയുന്നുണ്ടോ ” അഷ്‌റഫ് അവസാനമെന്നോണം പറഞ്ഞു
ഷിനി തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു
” അയ്യോ …..ആണ്ടെ ….” ലക്ഷ്മിയുടെ കാറിച്ച കേട്ട് ഷിനി തിരിഞ്ഞു നോക്കുമ്പോള്‍ കൈ വരിയില്‍ അഷ്‌റഫ് ഇല്ല
” ബ്ലും ” വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് പിള്ളേരെല്ലാം കൂടി എത്തി നോക്കി …
‘ എന്നതാ …എന്നതാ പിള്ളേരെ ”
പിള്ളേരെല്ലാം പാലത്തിന്റെ കൈ വരിയില്‍ നിന്നെത്തി നോക്കുന്നത് കണ്ടപ്പോള്‍ മൂന്നാറില്‍ നിന്ന് തേയില കയറ്റി വന്ന വാന്‍ നിര്‍ത്തി അതിലെ ആളുകള്‍ പാലത്തിന്‍റെ സൈഡിലെക്ക് ഓടിയെത്തി .
‘ ദൈവമേ ..നല്ല ഒഴുക്കാണല്ലോ ആരാ ചാടിയെ … പിള്ളേര് വല്ലോമാണോ ?”
പിന്നെയും വണ്ടികള്‍ നിര്‍ത്തുന്നത് കണ്ടപ്പോള്‍ രേവതി ഷിനിയെയും ലക്ഷ്മിയെയും പിടിച്ചു വലിച്ചു കൊണ്ടോടി…