പിറ്റേന്ന് പച്ചിലത്തണ്ടുകള്‍ പറിച്ചിട്ടു , ഷിനി കൂട്ടുകാര്‍ക്കും മുന്‍പേ സ്കൂളിലെത്തി .. ഗെറ്റ് കടക്കും മുന്‍പേ അവളുടെ കണ്ണുകള്‍ അഷ്‌റഫിന്‍റെ കടയിലേക്ക് നീണ്ടു .. കട തുറന്നിട്ടില്ല ..നന്നാക്കുവാനുള്ള പഴയ രണ്ടുമൂന്നു സൈക്കിളുകള്‍ അടഞ്ഞു കിടക്കുന്ന തട്ടിയുടെ മുന്നില്‍ ചാരി വെച്ചിട്ടുണ്ട് .
അവള്‍ രേവതി വരാനായി കാത്തിരുന്നു .. ന്യൂസ് എന്തെങ്കിലും കിട്ടണമെങ്കില്‍ അവള്‍ വരണം .
‘ എടി … അവന്‍ രക്ഷപെട്ടന്നാ കേട്ടെ …’ രേവതി വന്ന പാടെ പറഞ്ഞു ..അത് കേട്ടപ്പോള്‍ ഷിനിക്ക് പാതിയാശ്വാസമായി… അവളുടെ മുഖം താമരപ്പൂ പോലെ വിടര്‍ന്നു .
‘ ഉം ഉം.. പെണ്ണിന്‍റെ മുഖമിപ്പോഴാ തെളിഞ്ഞേ ..മം മം ..പ്രേമം തുടങ്ങീന്നാ തോന്നുന്നേ ..” തുളസിയവളെ കളിയാക്കി .
‘ അല്ലേലും അഷ്‌റഫിനെന്താ കുഴപ്പം .. നല്ലതല്ലേ കാണാന്‍ … പിന്നെ പ്രേമിച്ചാലെന്താ കുഴപ്പം ?’
താന്‍ കാരണം ഒരാളുടെ ജീവന്‍ പോകുമല്ലോയെന്നോര്‍ത്തു ഭയന്നിരുന്ന ഷിനിയുടെ മുഖം തെളിഞ്ഞതിന്‍റെ കാരണമറിയാതെ , കൂട്ടുകാരികളവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു .
അന്ന് വൈകുന്നേരം സ്‌കൂൾ വിട്ടു പോകുമ്പോൾ ആരെയോ തിരഞ്ഞെന്ന പോലെ പിന്തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . അത് അവനെ ഇഷ്ടമായിട്ടൊ .അതോ തലേന്ന് ചാടിയത് കൊണ്ടുള്ള സഹതാപമോ, കരുണയോ, അതോ അവനു വല്ലതും പറ്റിയോ എന്നറിയാനുള്ള ഉധ്വേഗമോ എന്നു വേർതിരിച്ചറിയാൻ ഷിനിക്കായില്ല.
പിറ്റേന്ന് വൈകിട്ട് സ്‌കൂൾ ഗേറ്റിൽ കൂട്ടുകാരോട് സംസാരിക്കുന്നെന്ന പോലെ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു അഷ്‌റഫ്.
നേര്യമംഗലം പാലം കഴിയാറായപ്പോൾ പുറകിൽ സൈക്കിൾ ബെൽ കേട്ടവൾ നടത്തം പതിയെയാക്കി..
“ഇന്ന് തുളസിയെന്തിയെ ലക്ഷ്മി?”
ചോദ്യം ലക്ഷ്മിയോടായിരുന്നുവെങ്കിലും നോട്ടം ഷിനിയിലായിരുന്നു. അവൾ അവനെയൊന്നു പാളി നോക്കിയെങ്കിലും മുഖം കുനിച്ചു നടന്നു കൊണ്ടിരുന്നു.
” അവളിന്ന് വന്നില്ല….ഇന്നലേ എന്തിനാ ചാടിയെ അഷ്റഫെ ….എന്നിട്ട് വല്ലോം പറ്റിയോ?”
” ഊ..ഹും..ആൾക്കാര് കൂടിയെന്നെ രക്ഷിച്ചു …. ” അഷ്‌റഫ് ഒന്ന് നിര്‍ത്തിയിട്ട് ഷിനിയുടെ നേരെ നോക്കി ” എന്നാലും ലക്ഷ്മിടെ കൂട്ടുകാരി ഭയങ്കര സാധനമാ കേട്ടോ ..ചത്തോ ജീവിച്ചിരിപ്പുണ്ടോഎന്ന് പോലും അന്വേഷിച്ചില്ല ..”