മൂന്നാർ ഭാഗത്തേക്കുള്ള വശത്തേക്കാണ് തിരികെ പോകാനുള്ള സഞ്ചാരികളുടെ ബഹളം…
ആളുകൾക്കിടയിൽ അകപ്പെട്ടു നിന്നാലും,അവർ പോയിക്കഴിഞ്ഞാൽ പിടിക്കപ്പെടും …
സെൽവൻ അവിടെ വന്നിട്ടില്ലെങ്കിൽ രക്ഷപ്പെടാൻ വാഹനവുമില്ല…
താൻ പിടിച്ചിരിക്കുന്നന്ന അമ്മയുടെ കൈ വിറയ്ക്കുന്നത് അവനറിഞ്ഞു…
അമ്മ…… !
തന്റെ അമ്മ !
ജീവിക്കാനുള്ള കൊതി കൊണ്ടാണല്ലോ പ്രാണരക്ഷാർത്ഥം തന്നെയും കൂട്ടി പലായനം ചെയ്തത്…
പകുതി വഴിക്ക് ഈ യാത്ര അവസാനിച്ചു കൂടാ…
കാര്യം മയത്തിലൊക്കെയാണ് സംസാരിച്ചതെങ്കിലും അവരുടെ ഉദ്ദേശം മറ്റൊന്നാകാമല്ലോ…
തന്നെ തള്ളി റോഡിലിട്ടിട്ട് അമ്മയേയും കൊണ്ട്…………..
ഭീതിദമായ ചിന്തയുടെ നടുക്കം അവനെ ഗ്രസിച്ചു..
പാടില്ല……
അവന്റെ അന്തരംഗം മുരണ്ടു…
അടുത്ത നിമിഷം ഒരു പൊലീസ് വാഹനത്തിന്റെ സൈറൺ കേട്ടു…
വിറ കൊണ്ടാലെന്നവണ്ണം അഭിരാമി അവനെ പിന്നിൽ നിന്നും പുണർന്നു പിടിച്ചു ….
“അജൂട്ടാ………. “
കരയുന്ന പോലെയായിരുന്നു അഭിരാമിയുടെ സ്വരം .
” നടക്കെടാ… “
പിന്നിൽ നിന്നയാൾ അവനു നേരെ തിമിട്ടി……
അജയ് പിന്നിലേക്ക് തിരിഞ്ഞ് അവനെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി..
അടുത്ത നിമിഷം വളരെ തൊട്ടടുത്തു നിന്നെന്നവണ്ണം ഒരു കൊമ്പന്റെ ചിന്നം വിളി കേട്ടു…
നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുകയറിയത് അവനറിഞ്ഞു …
ഉടുമ്പു പിടിച്ചതു പോലെ തന്റെ ദേഹത്തു ചുറ്റിയ അമ്മയുടെ കൈ മുറുകുന്നത് അജയ് അറിഞ്ഞു..
തന്റെ മുന്നിലുള്ളയാൾ വേഗത്തിൽ നടക്കുന്നത് അജയ് ശ്രദ്ധിച്ചു..
റോഡിലേക്ക് മിലിറ്ററി കോൺവോയ് പോലെ പൊലീസ് വാഹനങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാഹനങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാഹനങ്ങളും ആംബുലൻസും വന്നു നിരന്നു……