” ഒരു സർപ്രൈസ് കൂടി ഇറുക്ക്… “
“എന്താ… ….? “
അജയ് ചോദിച്ചു …
” നീങ്ക ഡ്രസ്സ് ചേഞ്ചു പണ്ണുങ്കോ തമ്പീ..”
മുനിച്ചാമി ചിരിയോടു കൂടി തന്നെ പറഞ്ഞു……
അടുത്ത നിമിഷം ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.
മുനിച്ചാമിയുടെ അത്രയും പ്രായം തോന്നുകയില്ലെങ്കിലും ഏകദേശം അതേ കോലത്തിൽ ഒരാൾ…
അയാളും ചിരിച്ചു കൊണ്ട് തന്നെയാണ് പുറത്തിറങ്ങിയത്……
” ഇത് എന്നുടെ നൻപൻ.. സെൽവൻ..”
മുനിച്ചാമി അയാളെ അവർക്ക് പരിചയപ്പെടുത്തി…
അജയ് അയാളെ നോക്കി ചിരിച്ചു …
കാന്തല്ലൂരുള്ള സഹോദരിയെ കാണാൻ വന്നതാണ് മുനിച്ചാമിയുടെ സുഹൃത്തായ സെൽവൻ.. അയാൾ കാന്തല്ലൂരിന് പോകുന്ന വഴിയാണ്… കൂടെ പോയി സ്ഥലങ്ങളൊക്കെ ഒന്നു കണ്ടു വരാനാണ് മുനിച്ചാമി പറഞ്ഞ സർപ്രൈസ്……
അയാൾ സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴി അജയ് യേയും അഭിരാമിയേയും ഇവിടെ തിരികെ എത്തിക്കും……
” നീങ്ക പോയി പാത്തു വാ തമ്പീ… “
മുനിച്ചാമി നിർബന്ധിച്ചു..
“കാന്തല്ലൂരിന് ഇവിടെ നിന്ന് നല്ല ദൂരമില്ലേ… ….?”
അജയ് ചോദിച്ചു …
” ഈ മലയ്ക്കപ്പുറം താൻ കാന്തല്ലൂർ…… ഏള് കിലോമീറ്റർ ഡിസ്റ്റൻസ് ഇറുക്കും.”
അയാൾ ഇടതു വശത്തെ മലയിലേക്ക് കൈ ചൂണ്ടി പറഞ്ഞു …
കോടമഞ്ഞല്ലാതെ മറ്റൊന്നും മലയിലേക്ക് നോക്കിയ അവന് കാണാൻ സാധിച്ചില്ല …
” ഏള് കിലോമീറ്റർ താൻ ഫോറസ്റ്റ്… “
മുനിച്ചാമി കൂട്ടിച്ചേർത്തു…
പറയുന്നത് മുനിച്ചാമിയാണ്..
അജയ് മനസ്സിലോർത്തു.
“മാട്ടുപ്പെട്ടി, മൂന്നാർ വളി താൻ റോഡ്…”