റോക്കി [സാത്യകി]

Posted by

‘ഞാൻ ചേട്ടന്റെ ക്ലാസ്സിൽ തന്നെ ഉള്ളതാണ് ‘

 

ഒരു നിമിഷം എന്റെ മനസ് മൊത്തം കിളി പാറി. ഞാൻ ഇവിടെ വന്നിട്ട് രണ്ട് ആഴ്ച എങ്കിലും ആയി. എന്നിട്ടും ഇത് പോലൊരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടെന്ന് ഞാൻ കണ്ടില്ല എന്ന് പറഞ്ഞാൽ..? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കയ്യിലിരുന്ന നായ്ക്കുട്ടിയെ മഴ നനയാതെ അടുത്തുള്ള വരാന്തയിൽ ഇറക്കി വിട്ടിട്ട് ഞാൻ പടവുകൾ ഇറങ്ങി ഗ്രൗണ്ടിലൂടെ നടന്നു. സൂചി മുന പോലെ മഴത്തുള്ളികൾ മേലെ നിന്നും വീഴാൻ തുടങ്ങിയിരുന്നു. എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായത് കൊണ്ട് മഴ ദേഹത്ത് പതിക്കുന്നത് പോലും ഞാൻ മറന്നു

മഴ കനത്തെങ്കിലും ഗ്രൗണ്ടിൽ ഫുട്ബോൾ കളി ആവേശം കുറയാതെ തന്നെ മുന്നോട്ടു പോയിരുന്നു. മിക്ക ദിവസവും ഫുട്ബോൾ പ്രാക്ടീസ് ഉണ്ടാകും. രാഹുൽ എല്ലാ ദിവസവും പ്രാക്ടീസ് ന് നിക്കും. ചിലപ്പോളൊക്കെ ഞാനും കളി കണ്ടോണ്ട് ഇരിക്കും. മഴയുടെ വാശിക്ക് മുന്നിൽ തോൽവി സമ്മതിച്ചത് കൊണ്ടാണോ കുറച്ചു നേരം കൊണ്ട് തന്നെ കളി നിർത്തി എല്ലാവരും തിരിച്ചു കയറി. ടവൽ ഇല്ലാഞ്ഞിട്ട് ഇട്ട ഷർട്ട്‌ കൊണ്ട് തല തോർത്തുക ആയിരുന്നു രാഹുൽ. ഞാൻ പതിവില്ലാതെ ചിന്തമഗ്നനായി ഇരിക്കുന്നത് കണ്ട് രാഹുൽ കാര്യം തിരക്കി

 

‘ഞാനിപ്പോ ഒരു കൊച്ചിനെ പരിചയപ്പെട്ടെടാ..’

‘അതാണോ നീ പകൽസ്വപ്നം കണ്ട് ഇരുന്നത്. ആട്ടെ കൊച്ചു കാണാൻ എങ്ങനാ?

‘അത് ഞാൻ മുഖം കണ്ടില്ലെടാ ‘ പക്ഷെ കണ്ണ് കൊള്ളാം ‘

 

‘മുഖം കണ്ടില്ലെന്നോ. അതെന്താ നീ വല്ല പർദ്ദ ഇട്ടവളെ ആണോ പരിചയപ്പെട്ടത്? അവളുടെ പേരെന്താ?

 

‘പേര് ഞാൻ ചോദിക്കാൻ വിട്ട് പോയെടാ ‘ ഞാൻ നിരാശയോടെ പറഞ്ഞു

 

‘മുഖവും കണ്ടില്ല പേരും ചോദിച്ചില്ല. പക്ഷെ പരിചയപ്പെട്ടു. എന്ത് വധൂരി ആട നീ ‘

 

അവന്റെ കളിയാക്കൽ ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു

‘എടാ ഒരു ട്വിസ്റ്റ്‌ ഉണ്ട്. അവൾ പറഞ്ഞത് അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്നു എന്നാണ്. എന്നിട്ട് ഞാൻ ഇത് വരെ അവളെ കണ്ടിട്ടില്ല ‘

Leave a Reply

Your email address will not be published. Required fields are marked *