സത്യത്തിൽ എനിക്ക് പോലും എന്നോട് പുച്ഛം തോന്നിപ്പോയി. ഒന്നും പറയാനാവാതെ എന്റെ തല ഞാൻ താഴ്ത്തി.
“നാളെ വേറെ ഒരുത്തൻ കൂടി എന്നെ സ്നേഹിച്ചു കൊണ്ട് വന്നാല്‍, അവന്റെ കൂടെയും ഞാൻ പോണോ? അതുകഴിഞ്ഞ് പിന്നെയും പിന്നെയും ആളുകൾ വന്നാല്‍.., ഇവരൊക്കെ എന്നെ സ്നേഹിക്കുന്നു എന്നതുകൊണ്ട് ഞാൻ എല്ലാവരുടെയും കൂടെ പോകണോ!? സ്നേഹത്തിന്‍റെ പേരില്‍ ഞാൻ വ്യഭിചരിച്ച് നടക്കണോ?” അവള്‍ വെറുപ്പോടെ എന്നെ കുറ്റപ്പെടുത്തി കൊണ്ട് ചോദിച്ചതും മോന്തയ്ക്ക് അടി കിട്ടിയത് പോലെ ഞാൻ പുളഞ്ഞു പോയി.
എന്തൊക്കെയാണ് ഇവള്‍ പറയുന്നത്!! മനസ്സിൽ ഞാൻ കരഞ്ഞു വിളിച്ചു. അവസാനം എനിക്ക് വായും പൊളിച്ച് ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
“അയാൾ കുടിക്കുന്നു എന്നത് എന്റെ വീട്ടിലും പരിസരത്തും എല്ലാവർക്കും അറിയാം.. പക്ഷേ ഒരിക്കല്‍ പോലും ഞങ്ങൾ തമ്മില്‍ പ്രശ്‌നം ഉണ്ടായതായി വീട്ടുകാർ ഉള്‍പ്പടെ ആരും തന്നെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അങ്ങനെ കാര്യമൊന്നും ഇല്ലാതെ എന്റെ ഭർത്താവിനെ ഡിവേർസ് ചെയ്തിട്ട് നിന്റെ കൂടെ വന്നാല്‍ നമ്മുടെ സമുദായം എന്നെ ഏതു തരത്തില്‍ പഴിചാരും എന്നറിയാമോ..?”
“കാര്യം ഒന്നും ഇല്ലാതയോ?!” അവളുടെ വിവരമില്ലാത്ത പറച്ചില്‍ കേട്ട് കലിയിളകി ഞാൻ അലറി. “വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്ക് കാര്യങ്ങളൊന്നും അറിയില്ലെങ്കിലും.. എല്ലാം നിനക്ക് അറിവുള്ളതല്ലേ? ഇപ്പോൾ തന്നെ അയാള്‍ കാണിക്കുന്ന കാര്യങ്ങളില്‍ കൂടുതലായി എന്താണ് വേണ്ടത്..?!
പക്ഷേ ഞാൻ പറഞ്ഞത് കേള്‍ക്കാത്ത പോലെ അവള്‍ തുടർന്നു,
“എന്തുതന്നെയായാലും ജീവിതത്തില്‍ ഇതൊക്കെ നടക്കാറുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഇതുപോലത്തെ കാരണങ്ങള്‍ക്ക് എന്റെ ഭർത്താവിനെ വേണ്ടെന്ന് വച്ചിട്ട് നിന്റെ കൂടെ വന്നു എന്നിരിക്കട്ടെ…, ഈ ലോകം എന്നെ എങ്ങനെ വിലയിരുത്തും എന്നറിയാമോ….?” ദേഷ്യവും ഭയവും കലര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു.
ഞാൻ സംസാരിക്കാന്‍ തുടങ്ങിയപ്പോൾ അവള്‍ തടഞ്ഞു.
“ഈ ലോകവും സമുദായവും പോട്ടെ എന്നു വയ്ക്കാം.. പക്ഷേ എന്റെയും നിന്റെയും വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിച്ചു നോക്കിയോ..?”
അവള്‍ ചോദിച്ചു. എന്റെ അമ്മയും അനിയത്തിമാരും അനിയനും എന്ത് പറയുമെന്ന് ചിന്തക്കും മുന്നേ അവള്‍ പിന്നെയും പറച്ചില്‍ തുടർന്നു.