അഞ്ചന ചേച്ചി 6 [Cyril]

Posted by

 

മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ മെല്ലെ എഴുനേറ്റ് നടന്നു. വീട്ടില്‍ വന്നപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. അഞ്ചന കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ റെഡിയായിട്ടാണ് നിന്നത്.

 

അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. എന്നെ കുറ്റപ്പെടുത്തി നോക്കുന്ന ആ കണ്ണുകളെ നേരിടാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. അവൾ എന്റെ മുഖത്ത് നോക്കിയോ എന്നൊന്നും അറിയില്ല. ഞങ്ങൾ പരസ്പരം സംസാരിച്ചുമില്ല…

 

മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി അടച്ചു വെച്ചിരുന്നത് ഞാൻ കണ്ടു.

 

ഒടുവില്‍ ഞാനും കുളിച്ച് വന്ന ശേഷം ഒരുമിച്ച് തന്നെയാ കഴിച്ചത്. എത്ര ശ്രമിച്ചിട്ടും ഒരിക്കല്‍ പോലും തല ഉയർത്തി അവളെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല.

 

അവസാനം ഫ്ലാറ്റും പൂട്ടി ഞങ്ങളിറങ്ങി. അവളുടെ മൗനവ്രതത്തെ ഞാനായിട്ട് മുടക്കാനും ശ്രമിച്ചില്ല.

 

മരവിച്ച മനസ്സോടെ ഞാൻ വണ്ടി ഓടിച്ചു. എന്റെ ജീവനറ്റ കണ്ണുകള്‍ ചിമ്മുന്നുണ്ടോന്ന് പോലും ഞാൻ അറിഞ്ഞില്ല. ഹൃദയത്തില്‍ ഭാരം മാത്രം നിറഞ്ഞു നിന്നു.

 

ഓഫിസിലെ എന്റെ സീറ്റില്‍ ഇരുന്നുകൊണ്ട് ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. ഉച്ചക്ക് റാം, മറിയ, അഞ്ചന എന്നിവർ ഓരോരുത്തരായി വന്ന് എന്നോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.. പക്ഷേ എന്റെ കേള്‍വി നഷ്ട്ടപ്പെട്ടത് പോലെ എനിക്കൊന്നും കേട്ടില്ല. ചിലപ്പോ കഴിക്കാൻ പോകുന്നില്ലെ എന്നോ മറ്റോ ചോദിച്ചതാവാം. ഞാൻ ആരെയും നോക്കിയില്ല.

 

ആരോടും മിണ്ടാതെ ഞാൻ ലാപ് ടോപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. പിന്നീടാരും എന്നെ ശല്യം ചെയ്യാൻ വന്നില്ല.

 

എപ്പോഴോ എന്റെ ചിന്തകളെ വീണ്ടെടുത്ത് കൊണ്ട്‌ കമ്പനി കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ ജോലി ഉണ്ടായിരുന്നത് കൊണ്ട്‌ എന്റെ ശ്രദ്ധയെ ഞാൻ അതിൽ ചെലുത്തി.

 

അഞ്ച് മണിക്ക് ഞാൻ തല്‍ക്കാലത്തേക്ക് ജോലി നിർത്തി എഴുന്നേറ്റ് പുറത്തേക്ക്‌ നടന്നു.

 

അഞ്ചനയും മറിയയും എന്നെയും കാത്ത് നിന്നിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കാതെ അവര്‍ക്കൊപ്പം നടന്ന് ലിഫ്റ്റിൽ കേറി.

 

താഴെ എന്റെ വണ്ടിക്കടുത്തു തന്നെ മറിയയുടെ കാറും ഉണ്ടായിരുന്നു. എന്റെ വണ്ടിയെ അൺലോക്ക് ചെയ്ത് ഞാൻ അകത്ത് കേറി. പക്ഷേ അഞ്ചന മടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *