ഒന്നും പറയാൻ കഴിയാതെ ഞാൻ അവളെ തന്നെ നോക്കി.
“എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. എല്ലാം സ്വയം മനസ്സിലാക്കേണ്ട വിവരം നിനക്കുണ്ട്. ദയവായി ഇനിയെങ്കിലും എനിക്ക് കുറച്ച് സമാധാനം തരുമോ?” കഠിന കോപത്തോടെ പറഞ്ഞിട്ട് അവള്‍ പാചകം തുടർന്നു.
മറിയ ഇവളെ എന്തോ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ട്, സംശയമേയില്ല. അവള്‍ക്ക് എന്തിന്‍റെ കേടായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല.
“മറിയ നിന്നോട് എന്താണ് പറഞ്ഞത്?” ഞാൻ ചോദിച്ചതും അവളെന്നെ തുറിച്ചു നോക്കി.
“എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാ മറിയയും പറഞ്ഞത്.”
“പക്ഷേ അവള്‍ എന്താണ് പറഞ്ഞത്..!?”
“എനിക്ക് നി സമാധാനം തരില്ലേ, വിക്രം?” കയ്യിലിരുന്ന കരണ്ടിയെ ദേഷ്യത്തില്‍ എറിഞ്ഞു കൊണ്ട് അവൾ അലറി. “ഇനിയും എന്നെ ശല്യം ചെയ്താൽ ഇവിടന്ന് ഞാൻ ഇറങ്ങി പോകും..” കോപത്തിൽ കരഞ്ഞു കൊണ്ട് അവൾ ഒച്ച വച്ചു.
അവളുടെ അലര്‍ച്ചയും കരച്ചിലും കേട്ട് ഞാൻ ഞെട്ടി വിറച്ചു നിന്നു. സങ്കടം എന്നില്‍ നിറഞ്ഞു.. കണ്ണില്‍ കണ്ണുനീര്‍ മുട്ടി നിന്നു.. എന്റെ ചുണ്ടുകള്‍ പോലും വിറച്ചു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു.
എന്റെ അകവും പുറവും എല്ലാത്തിനെയും തിളച്ച എണ്ണയില്‍ മുക്കി പിടിച്ചത് പോലെയാണ് വേദനിച്ചു പൊള്ളിയത്.
ശരീരം വിറച്ചു തുള്ളി.. വിറച്ചു കൊണ്ട് ഞാൻ എങ്ങനെയോ നടന്ന് ഹാളിലേക്ക് വന്ന് സോഫയ്ക്ക് അടുത്തതായി ഇരുന്നിട്ട് അതിലേക്ക് ചാരി.
എത്ര നേരം വെറും പ്രതിമ കണക്കെ ഇരുന്നെന്നറിയില്ല… അവള്‍ ഫുഡ് എല്ലാം. മേശപ്പുറത്തു കൊണ്ട് വന്നപ്പോള്‍ ആണ് ഞാൻ അനങ്ങുകയെങ്കിലും ചെയ്തത്.
“വന്ന് കഴിക്ക്, വിക്രം.” ഒരു മയവുമില്ലാതെ അവള്‍ പറഞ്ഞു. ഞാനും യാന്ത്രികമായി പോയിരുന്ന് കഴിച്ചിട്ട് എന്റെ പാത്രവും കഴുകി വച്ച ശേഷം ബാൽക്കണിയിലേക്ക് വന്നു.
എത്രയോ മണിക്കൂര്‍ കഴിഞ്ഞ് ഞാൻ അകത്ത് വന്നപ്പോ അവളുടെ റൂം പൂട്ടിയിരുന്നത് കണ്ടു. ഞാനും എന്റെ റൂമിലേക്ക് ചെന്നു.
രാത്രി മുഴുവനും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിച്ച പോലെ രാവിലെ നാല് മണിക്ക് ഞാൻ വിരണ്ടു നടന്നു. അല്‍പ്പം സമാധാനം കിട്ടാൻ വേണ്ടി അന്നേരം തന്നെ ജോഗിംഗിന് ഇറങ്ങി. ഒരു ഭ്രാന്തനെ പോലെയാണ് ഞാൻ ഓടിയത്. ഒരു ലക്ഷ്യവും ഇല്ലാതെ ഞാൻ ഓടി. അവസാനം എനിക്ക് ഓടാൻ കഴിയാതെ വന്നതും ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നുകൊണ്ട് പേപ്പട്ടിയെ പോലെ കിതച്ചു.