“അയാളുടെ താഴാതെ ആവേശത്തെ ചീറ്റിച്ച് കളയാനുള്ള വെറും കളിപ്പാട്ടമാണ് നി.” കടുപ്പിച്ച് തന്നെ പറഞ്ഞിട്ട് ഞാൻ വാക്കുകളെ നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.
പക്ഷേ കഴിയാതെ ഞാൻ തുടർന്നു, “അയാള്‍ക്ക് നിന്നോട് സ്നേഹമില്ല, നീയും അയാളെ സ്നേഹിക്കുന്നില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് നി അയാളുടെ കൂടെ ജീവിക്കുന്നത്…?” വെറുപ്പോടെ ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.
“എന്തിനാണ് ആ അഗ്നിഗുണ്ടത്തിന് മുകളിലെ ദ്രവിച്ച ചരടിൽ തൂങ്ങി ഇനിയും ഇങ്ങനെ വെന്തു നീറുന്നത്? എപ്പോ വേണമെങ്കിലും ആ ചരടറ്റ് വീണു നി നശിക്കുമെന്ന് ഇതുവരെ മനസ്സിലായില്ലേ?!” അവസാനം കഴിയുന്നത്ര സമാധാനപരമായി ഞാൻ ചോദിച്ചു.
അവളുടെ കോപത്തിൽ തിളച്ചു കൊണ്ടിരുന്ന കണ്ണുകൾ എന്നെ ചുട്ടെരിക്കുന്നത് പോലെ നോക്കി. പക്ഷേ ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്ന് മനസ്സിലായിട്ടും അതിനെ നിരസിക്കാൻ ശ്രമിക്കുന്ന അവളുടെ ചിന്തകളേയും ഞാൻ വായിച്ചു.
“എന്റെ ഭർത്താവിനെ എനിക്ക് ഇഷ്ട്ടമല്ലെന്ന് നിയങ്ങ് സ്വയം തീരുമാനിച്ചാല്‍ മതിയോ..?” കുപിതയായി അവൾ ചോദിച്ചു.
ആ ചോദ്യത്തിൽ ഞാൻ വിളറി പോയി. പതറി പോയ ഞാൻ അവൾടെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി.
എന്തിനു വേണ്ടിയാണ് ഇവൾക്കീ ദുര്‍വാശി? നുണയിൽ പൊതിഞ്ഞ ആ വാക്കുകൾ കൊണ്ട് ആരെയാണ് ഇവള്‍ ബോധിപ്പിക്കാൻ ശ്രമിക്കുന്നത്!? മനസിലെ വേദന കൊണ്ട് എന്തോ നിഷേധിക്കുന്ന പോലെ എന്റെ തല ഞാൻ ആട്ടി.
“തോന്നുമ്പോ ഒന്നിനെ കളയാനും, തോന്നുമ്പോള്‍ മറ്റൊന്നിനെ അണിയാനും ദാമ്പത്യത്തെ വെറും നിസ്സാരമായിട്ടാണോ നി കരുതി വച്ചിരിക്കുന്നത്…?” അവള്‍ കടുപ്പിച്ച് ചോദിച്ചു.
എന്റെ ചെകിടത്തടിച്ചത് പോലെയാണ് ആ ചോദ്യം എന്നെ ബാധിച്ചത്. നാവിറങ്ങി ഞാനിരുന്നു.
“ദാമ്പത്യ ജീവിത്തില്‍ പ്രശ്നങ്ങൾ ഉണ്ടായതും നിസ്സാരമായി എല്ലാം കളഞ്ഞിട്ട് പോകാൻ കഴിയും എന്നാണോ നി കരുതിയത്..? എന്നെ നി സ്നേഹിക്കുന്നു എന്നത്കൊണ്ട് എന്റെ ഭർത്താവിനെ കളഞ്ഞിട്ട് നിന്റെ കൂടെ വരണം എന്ന ആ വാക്കുകളെ നിനക്ക് പോലും പുച്ഛിക്കാൻ തോന്നുന്നില്ലേ..?” കത്തിയെരിയുന്ന കണ്ണുകളോടെ ഓരോ ചോദ്യത്തെയും അവള്‍ ഊന്നി ഊന്നിയാണ് ചോദിച്ചത്.”