അവസാനം നാലര ആയപ്പോ ഞാനും അഞ്ചനയും ഓഫിസിൽ നിന്നിറങ്ങി. മറിയ നിരാശയോടെ എന്നെ നോക്കി നിന്നു.
ഞങ്ങൾ പോകുന്ന വഴിക്ക് അഞ്ചന തുടങ്ങി, “അപ്പോ സർ, എന്റെ —”
“എഡി..! നിന്നെ ഞാൻ കൊല്ലുവേ…” ഞാൻ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
“ഓഹോ.. ഇപ്പൊ എന്റെ മോന് ദേഷ്യം വന്നോ..?” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്നെ നി ചേച്ചി എന്ന് വിളിക്കുമ്പോ എനിക്കും ഇങ്ങനെയാ ദേഷ്യം വന്നത്, ഇപ്പൊ മനസ്സിലായോ?” അവള്‍ ചിരി നിർത്തി ചോദിച്ചു.
ഒന്നും മിണ്ടാതെ ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.
“ഇനി നീ എന്നെ ചേച്ചിയെന്ന് വിളിച്ച ഞാൻ നിന്നെ സർ എന്ന് വിളിക്കും.. പറഞ്ഞേക്കാം.” അവള്‍ ഭീഷണിപ്പെടുത്തി.
ആ ഭീഷണി കേട്ട് ചിരിയാണ് വന്നത്.
“എന്നെ കൊന്നാലും നിന്നെ ഞാൻ ചേച്ചി എന്ന് വിളിക്കില്ല, പോരെ..?” ഞാൻ ചോദിച്ചു.
“അത് മതി..” അവൾ കൊഞ്ഞനം കുത്തി കാണിച്ചിട്ട് ചിരിച്ചതും ഞാനും ചിരിച്ചു.
“ശരി അതുപോട്ടെ, എനിക്ക് എത്ര സാലറി തരും..?”
“എത്ര വേണം..?”
“അത് ഞാനാണോ തീരുമാനിക്കുന്നത്..?” അവള്‍ ചോദിച്ചു.
“നിന്റെ അഗ്രിമെർറ്റ് സൈൻ ചെയ്തപ്പോ ഇതൊന്നും നോക്കാതെ ആണോ ഫിംഗര്‍ പ്രിന്‍റും ഒപ്പും അതിൽ വെച്ചത്…?” ഞാൻ ചോദിച്ചു.
“അതിൽ ഉണ്ടായിരുന്നോ..?” അവള്‍ കവിളിൽ തടവി കൊണ്ട് ചോദിച്ചു. “ഞാൻ പിന്നേ അതൊന്നും ചിന്തിച്ചില്ല. എന്തോ ചിന്തയില്‍ ഒന്നും നോക്കാതെ എല്ലാം ചെയ്തു.”
“എട്ട് മണിക്കൂര്‍ ബേയ്സിക് സാലറി 3,500 വച്ചിട്ടുണ്ട്. പിന്നെ എന്നും രണ്ട് മണിക്കൂര്‍ ഓവർ ടൈം കിട്ടും. പിന്നെ ഫുഡ് അലവൻസ്, ഫോൺ റീച്ചാർജ്. അങ്ങനെ എല്ലാം കൂടെ ചേര്‍ത്ത് 5,700 ദിർഹംസ് കിട്ടും.”
അവളെന്നെ മിഴിച്ചു നോക്കി.
“അത്രയും ഞാൻ പ്രതീക്ഷിച്ചില്ല..!” ആശ്ചര്യത്തോടെയാണ് അവള്‍ പറഞ്ഞത്. അതിന് ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.
പിന്നേ ലുലു മാളിൽ കേറി ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം വാങ്ങി. കൂട്ടത്തില്‍ അവള്‍ക്ക് കുറെ നൈറ്റ് ഡ്രസ്സും മറ്റ് ഡ്രെസ്സുകളും എല്ലാം വാങ്ങി. അവള്‍ എതിര്‍ക്കും എന്നാണ് കരുതിയത്, പക്ഷേ എതിരൊന്നും പറഞ്ഞില്ല. ഞാൻ സെലക്ട് ചെയ്തതൊക്കെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞപ്പോ എനിക്ക് സന്തോഷമായി.