കർമ്മഫലം [ഋഷി]

Posted by

എൻ്റെയടുത്തിരുന്ന സ്ത്രീയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകൾ എന്നെയുറ്റു നോക്കുന്നു.

മലയാളിയാണോ? താഴ്ന്ന സ്വരം. ഭീതിയലിഞ്ഞു ചേർന്ന ആകാംക്ഷയോടെയുള്ള നോട്ടം. എനിക്ക് വല്ലാതെ തോന്നി.

നിക്ക് ഈ ഭാഷയൊന്നും അറീല്ല്യ. രാമേശ്വരത്തിനു പോണ വണ്ടിയേതാണെന്ന് ഒന്നു കാട്ടിത്തരാമോ കുട്ടീ?

ട്രെയിനപ്പഴേക്കും പ്ലാറ്റ്ഫോമിലെത്തി നിന്നു.

ഞാനെണീറ്റു. വരൂ! ഭാണ്ഡക്കെട്ട് ചുമലിലേറ്റി. ആ സ്ത്രീയുമെഴുന്നേറ്റു. നല്ല ഉയരമുണ്ട്. എൻ്റെ തോളുവരെ വരും. ആകെ മൂടിപ്പുതച്ചതുകൊണ്ട് കരഞ്ഞു വീങ്ങിയ മുഖം മാത്രം കാണാം.

ഞാൻ മുന്നോട്ടു നടന്നു. ഒരു സഞ്ചിയും മാറോടടുക്കിപ്പിടിച്ച് പിന്നാലെ ആ സ്ത്രീയും. പെട്ടെന്നൊരു കാര്യം കത്തി! ഞാൻ നിന്നു.

ടിക്കറ്റുണ്ടോ? അവരോടു ചോദിച്ചു.

കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന പേപ്പർ ചുരുൾ അവർ നീട്ടി. ഓ! എന്നെപ്പോലെ ജനറൽ സീറ്റാണ്. ഞാൻ നേരെ ജനറൽ കമ്പാർട്ട്മെൻ്റു തപ്പി. ഭാഗ്യത്തിന് തൊട്ടുമുന്നിൽത്തന്നെയുണ്ട്! കേറി നോക്കിയപ്പോൾ വലിയ തിരക്കില്ല. എന്തൊരത്ഭുതം! ധാരാളം ഒഴിഞ്ഞ സീറ്റുകൾ! ഒരാണും രണ്ടു സ്ത്രീകളുമിരുന്ന നീളമുള്ള സീറ്റിൻ്റെ എതിരേയുള്ള വിൻഡോ സീറ്റിലേക്ക് ഞാൻ കൈ ചൂണ്ടി. ഒന്നും മിണ്ടാതെ അവരവിടെയിരുന്നു. ഞാനടുത്ത ബേയിലേക്കു പോവാൻ തിരിഞ്ഞു. പെട്ടെന്നെൻ്റെ കൈത്തണ്ടയിൽ ഒരു തണുത്ത മൃദുസ്പർശം.

നോക്കിയപ്പോൾ ആ ചേലത്തുണി ഫ്രെയിം ചെയ്ത രണ്ടു വലിയ കണ്ണുകൾ! ദുഖവും പതർച്ചയും ഖനീഭവിച്ചു കിടന്ന ആ നനയുന്ന മിഴികൾ.

മോനെങ്ങോട്ടാണ്?

ഞാനും രാമേശ്വരത്തേക്കു തന്നെ. ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. ദയനീയമായി പരാജയപ്പെട്ടു.

നിക്കൊന്നും അറിയില്ല. മോനിവിടെ ഇരിക്കാമോ?

ഓഹ്! ഇവർ ഒരു ഭാരമാവുകയാണല്ലോ! എന്നാലും ആ കണ്ണുകളിലെ യാചന അവഗണിക്കാനായില്ല. ശരി. ഞാൻ ഭാണ്ഡമെടുത്ത് സീറ്റിനടിയിലേക്കു തള്ളി.

അവർ ജനാലയ്ക്കടുത്തുനിന്നും ഉള്ളിലേക്ക് നീങ്ങിയിരുന്നു. ഞാൻ വിൻഡോസീറ്റിലമർന്നു. എതിരേ ഒന്നു കണ്ണോടിച്ചു. ഒരു കെഴവനും രണ്ടു പെണ്ണുങ്ങളും. നോർത്ത് ഇൻഡ്യൻസാണെന്നു തോന്നുന്നു. ചുറ്റുപാടുകളെ തീർത്തും ഗൗനിക്കാതെ ഏതോ ഏഷണിച്ചർച്ചകളിൽ മുഴുകി ഇരിപ്പാണ്. അത്രയും നല്ലത്.

ഒന്നുമാലോചിക്കാതിരിക്കാൻ ശ്രമിച്ചു. ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ഇനി ടീട്ടീയാറു വരുമ്പം രണ്ടു റിസർവേഷന് അപേക്ഷിക്കണം.. പിന്നെ… നേരിയ തണുത്ത കാറ്റെന്നെ തഴുകി. കണ്ണുകളടഞ്ഞുപോയി. പിന്നൊന്നും ഓർമ്മയില്ല.

ഓളങ്ങളിൽ മെല്ലെയാടുന്ന തൊട്ടിലിൽ ശാന്തമായുറങ്ങുന്ന കുഞ്ഞ് മയക്കത്തിൻ്റെ പിടിയിൽ നിന്നുമുണരുന്നു. സുഖമുള്ള, മാർദ്ദവമേറിയ തലയിണ. പാതി തുറന്ന കണ്ണുകൾ വീണ്ടുമിറുക്കിയടച്ചു… വിരലുകൾ മുടിയിലിഴയുന്നുവോ? അഞ്ചാറു ദിവസം കൊണ്ട് താടി വളർന്നിരിക്കുന്നു…ആ വിരലുകൾ കവിളിൽ തലോടുന്നോ? ഇതു സ്വപ്നമാണോ?

Leave a Reply

Your email address will not be published. Required fields are marked *