എന്റെ കരച്ചിൽ സെന്തിൽ കണ്ടു.അവൻ തോളിൽ രണ്ടു തട്ട് തട്ടി പുറത്തേക്ക് ഇറങ്ങി തന്നു.
സൈഡിലുള്ള ചുമരിൽ ചാരി നിന്ന ഏട്ടത്തി എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടു ഞെട്ടി. അവരുടെ കണ്ണിൽ എന്നെയശ്വസിപ്പിക്കാൻ പോലുമുള്ള വാക്കുകളില്ല. വേണം എന്ന് വിചാരിച്ചാലും അവർക്ക് കഴിയില്ലായിരുന്നു.അത്രക്ക് തളർന്നിരുന്നു പാവം. ആകെ ആശ്വാസമായ ഞാനും കൂടെ കരഞ്ഞാ അവരെന്ത് ചെയ്യും. ഞാൻ ഏട്ടത്തിയുടെ മുന്നിലേക്ക് നടന്നു.വാവയെ ഒന്ന് കൂടെ ഉമ്മവെച്ചു ഞാൻ അവർക്ക് കൊടുത്തു.
“ഏട്ടത്തി…പേടിക്കണ്ട… ആരും ഇനി ഇറക്കിവിടാൻ ഒന്നും പോണില്ല. ന്നെ വിളിച്ചാ മതി.. ഇല്ലേൽ അവനെ കണ്ടാ മതി….” എന്നെ വിട്ട് പോവാൻ മടി കാണിച്ച വാവയെ എങ്ങനെയൊക്കെയോ എടുത്തു ഏട്ടത്തി എന്നോട് തലയാട്ടി കാണിച്ചു.
നേരത്തെ രണ്ടു വട്ടം മുരണ്ട ഫോൺ കീശയിൽ നിന്ന് വീണ്ടും മുരണ്ടു.എടുത്ത് നോക്കിയപ്പോ അമ്മയാണ്. കിണ്ടി. ചന്ദ്രന്റെ വിളി അവിടെ എത്തിക്കാണും. കുറേ പൈസയുടെയും, തറവാടിത്വത്തിന്റെയും കാര്യം മാത്രം നോക്കിയാൽ പോരാ നല്ല മനസ്സും വേണം..എന്തേലും കാണിക്കട്ടെ ഞാനെടുക്കാൻ നിന്നില്ല.ഏട്ടത്തിയോട് ഞാൻ എന്തോ പറയാൻ വന്നിരുന്നു അതും മറന്നു പോയി. ഫോൺ വീണ്ടുമടിച്ചു.
ഇത്തവണ ഞാനെടുത്തു..
“വീട്ടിലേക്ക് വാ….” അമ്മയുടെ പതിഞ്ഞ ശബ്‌ദം.. ഓഹ് തൊടങ്ങി.
“അമ്മേ അത്….” എന്തൊക്കെയാണ് വീട്ടില്‍ ചെന്നാൽ നടക്കാൻ പോവുന്നേന്നുള്ള ഊഹം കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി.
“നീയിപ്പോ വീട്ടിലെത്തണം…!!” അമ്മയുടെ ഉറച്ച വാക്കുകൾ. എനിക്ക് പിന്നെ ഒന്നും മിണ്ടാൻ ആയില്ല. ഫോൺ കട്ടായി. ഏട്ടത്തി എന്റെ മുഖമാറ്റം മനസ്സിലാക്കി നോക്കി. അമ്മയാണെന്ന് ഏട്ടത്തിക്കും തോന്നിക്കാണും. ഒന്നുമില്ലാന്ന് കാണിക്കാൻ ഞാൻ ചിരിച്ചു കാട്ടി.
“ഞാൻ പോയി വരാം..എന്താണേലും എന്നെയൊന്നു വിളിച്ചാ മതി.” ഞാൻ കീശയിൽ പൈസയുണ്ടോന്ന് നോക്കി.. ഒന്നുമില്ലായിരുന്നു. എന്റെ തിരയൽ കണ്ട് ഏട്ടത്തി എന്തോ പറയാൻ വന്നു. ആ ചുണ്ടുകൾ അനങ്ങിയത് കണ്ടു ഞാൻ ഏട്ടത്തിയെ സ്നേഹത്തോടെ നോക്കി. അവിടെ പരുങ്ങൽ മാത്രം. എന്നെ നോക്കാൻ എന്തോ പ്രയാസം അവർക്കുണ്ട്. വാവയുടെ കവിളിൽ ഒന്ന് പിച്ചി ഞാൻ പുറത്തേക്കിറങ്ങി.
അമ്മയുടെ എടുത്ത് നിന്നുള്ള ആട്ടോ തുപ്പോ കിട്ടുവാണേൽ കിട്ടട്ടെ. ഇറക്കിവിടുവാണേൽ അത്രേം സന്തോഷം. ഇങ്ങനെ പാവങ്ങളെ പിഴിഞ്ഞ് കിട്ടുന്ന പൈസക്ക് അമ്മയുടെ കൂടെ നിക്കണ്ടല്ലോ!!