തമ്പുരാട്ടി 3 [രാമന്‍]

Posted by

“നിലക്കൽ തറവാട്ടിലെ മരുമോളാണ്.. എന്റെ ഏട്ടത്തിയാണ്..വേണ്ടാത്ത എന്തേലും സാധനം ആരുടേലും വായിൽ നിന്ന് പുറത്തുവന്നാ… ഞങളുടെ സ്വഭാവം അറിയാലോ….” ഞാൻ നാട്ടുകാരെ നോക്കിപ്പറഞ്ഞു കൈ ചൂണ്ടി.

“അമ്മയെ മാത്രമേ നീയൊക്കെ കണ്ടുള്ളു…എന്നെനീയൊക്കെ കാണാൻ കിടക്കുന്നേയുള്ളൂ ചന്ദ്രാ…” ദേഷ്യം തീരാതെ ഞാൻ ആയാൾക്കിട്ട് വീണ്ടും കൊട്ടി. മുന്നിൽ നിറഞ്ഞു നിൽക്കുന്ന ആളുകളുടെ നോട്ടവും ഭാവവും അമ്മയെ കാണുന്ന പോലെയായിരുന്നു. ഏട്ടത്തിയുടെ കയ്യും പിടിച്ചു ഞാൻ മുകളിലേക്ക് കേറി. ഇത്രയൊക്കെ വലിയ വാക്കുകൾ ഞാൻ പുറത്തേക്ക് ഇട്ട് പൊട്ടിച്ചെങ്കിലും. കരയാൻ തൊണ്ട വരെ നിറഞ്ഞു നിൽക്കുന്നുണ്ട്. അത് എന്റെ കയ്യിൽ മുറികെപ്പിടിച്ചു എന്നോടുള്ള വിശ്വാസത്തിൽ കൂടെ വരുന്ന പെണ്ണിനോടുള്ള ക്ഷമപറച്ചിലിന് വേണ്ടിയാണ്.

എന്റെ കുടുംബമല്ലേ ഏട്ടത്തിയെ ഇങ്ങനെ കണ്ണീരിൽ ആഴ്ത്തുന്നത്. ആദ്യം ചേട്ടൻ, ഇപ്പോ ഞാനടങ്ങുന്ന എന്റെ കുടുംബം. ഒരു ദാക്ഷണ്യമില്ലാതല്ലേ.. ഇറങ്ങിപ്പോവാൻ പറയുന്നത്. എങ്ങട്ട് പോവാൻ? അന്യമതത്തിൽ പെട്ട കാമുകന്റെ കൂടെ കുടുംബത്തെ വിട്ട് പോന്ന പെണ്ണിന് തിരിച്ചാ വീട്ടിലേക്ക് ചെല്ലാൻ പറ്റുവോ?പുരോഗമനം പറഞ്ഞാലും ആളുകളുടെ നെഞ്ച് പൊളിച്ചു നോക്കിയാൽ കാണാം വെറുപ്പിന്റെയും വേർതിരിവിന്റെയും മാറാലകൾ.ചേട്ടന്റെയും അമ്മയുടെയും ഈ പ്രവർത്തിക്കൊക്കെ ഞാനങ്ങനെ ഏട്ടത്തിയോട് മാപ്പ് പറയും.

നെഞ്ചിൽ കിടക്കുന്ന വാവ..അതിന്റെ കുഞ്ഞിക്കൈ വെച്ചെന്റെ മുഖത്തു തഴുകി. എന്റെ മുഖത്തേക്ക് നോക്കി ചിരിക്കാണ്.. ഞാനാ കുഞ്ഞിക്കവിളിലേക്ക് മുഖം അമർത്തി.എന്റെ താടിയിലും കവിളിലും എന്തോ കണ്ടപോലെ പെണ്ണ് പിടിച്ചു വലിച്ചു.

സ്റ്റെപ്പ് കേറി മുകളിൽ എത്തിയപ്പോ.. സെന്തിൽ താക്കോലും കൊണ്ട് എന്റെ പുറകിലുണ്ടായിരുന്നു. കണ്ണ് തുടക്കുന്ന ഏട്ടത്തിയെ ഒരുനോക്ക് ഞാൻ നോക്കി. എന്റെ കൈയ്യിൽ പിടിച്ചു നിൽക്കുന്നത് വെറും കൈ മാത്രമല്ല ആ പെണ്ണിന്റെ മുഴുവൻ വിശ്വാസവും, തണലുമാണെന്ന തോന്നൽ. എന്ത് വന്നാലും ഏട്ടത്തിയെ ഇനി കരയിക്കരുത് എന്ന പ്രതിക്ഞ എന്റെയുള്ളിൽ നിറച്ചു.

സെന്തിൽ വാതിൽ തുറന്നു തന്നു.ഞാനും ഏട്ടത്തിയും ഉള്ളിൽ കേറി. ആ മുറിയുടെ കോലം പോലും ദയനീയമായിരുന്നു. ഒരു ഫാൻ പോലുമില്ലാതെ ഈ ചൂടിൽ ചെറിയ കുട്ടിയേയും വെച്ച് ഏട്ടത്തിക്ക് കഴിയേണ്ടി വന്നല്ലോ… മുറിയിൽ കേറി ചുറ്റും നോക്കുന്ന എന്റെ കണ്ണിലൂടെ,പിടിച്ചു വെച്ച കണ്ണുനീർ ഒലിച്ചിറങ്ങി. നെഞ്ചിൽ കുസൃതി കളിക്കുന്ന വാവയെ ചേർത്ത് പിടിച്ചു ഞാൻ വിതുമ്പിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *