അങ്ങാടിയിൽ എത്തിയപ്പോ. വലിയ ആളുകളെ ഒന്നും കണ്ടില്ല.. രണ്ടു വശത്തും നീണ്ട കടകളുടെ നടുവിലൂടെ,റോട്ടിലൂടെ,തലയ്ക്കു മുകളിൽ കത്തുന്ന സൂര്യന്റെ ചൂടിൽ കുഴങ്ങി,കിതച്ചു ഞാൻ നടന്നു.
കാഴ്ച കാണാൻ പോവാത്ത ചില ആളുകൾ എന്റെ വരവ് കണ്ട് നോക്കുന്നുണ്ട്. ഞാൻ പോവുന്നത് എവിടെക്കാന്ന് മനസ്സിലാക്കിയ അവർ എന്റെ പിന്നിൽ കൂടി. എന്തേലും ചെയ്യട്ടെ..നാറികൾ!
മൂന്നും കൂടിയ റോഡിന്റെ വലത്തേക്ക്,ബൈക്ക് വർക്ക് ഷോപ്പിന്റെ സൈഡിലൂടെ ഞാൻ കേറി ഇറങ്ങിയപ്പോ ഏട്ടത്തി നിന്ന ബിൽഡിങ്ങിന്റെ മുന്നിൽ കുറച്ചാളുകൾ ഉണ്ടായിരുന്നു.എല്ലാരും ചന്ദ്രന്റെ വാക്ക് കേട്ട് വന്നതാവും. അയാൾക് ഇങ്ങനെ നാട്ടുകാർക്ക് മസാല നാടകം കാണിക്കാൻ നല്ല താല്‍ര്യമാണ്.
“ഇങ്ങ് പോര്…. എല്ലാമെടുത്തല്ലോ ല്ലേ…” സ്ഥാപനം നോക്കി നടത്തുന്ന വയറുചാടിയ രതീഷ് എന്ന് പറയുന്ന തെണ്ടി ഉള്ളിലേക്കു കേറുന്ന സ്റ്റെപ്പിന്റെ താഴെ നിന്ന് പറഞ്ഞപ്പോ,എന്റെ കണ്ണിനൊപ്പം നാട്ടുകാരുടെ കണ്ണും അങ്ങട്ടായി. ഏട്ടത്തി ഒരു ബാഗും തൂക്കി, കരയുന്ന ചെറുതിനെ ഒക്കത്ത് എടുത്തു,കലങ്ങിയ കണ്ണുമായി ഇറങ്ങി വരുന്നു.ആ കോലം പിന്നേയും മോശമായിട്ടുണ്ട്. ദിവസവും കരയായിരുന്നിരിക്കണം. ചെറുതിന്റെ കരച്ചിലും, ചേച്ചിയുടെ മുഖം ആളുകളുടെ മുന്നിൽ താഴ്ന്നതും കൂടെ കണ്ട് എന്റെ പിടി വിട്ടു. ശക്തിയിൽ എന്റെ കാല് മുന്നിലേക്ക് ചലിച്ചു.. എന്റെ വരവ് കണ്ട പലരും മുന്നിൽ നിന്ന് മാറി
“ഡാ…..” ചേച്ചിയെ ഇറക്കി വിടുന്ന രതീഷിനെ നോക്കി ഞാൻ വിളിച്ചു. അവൻ എന്റെ വരവ് കണ്ടു ഞെട്ടി.എല്ലാരും നടന്നടുത്തു വരുന്ന എന്റെ നേരയാക്കി കണ്ണ്.
“എന്തായിത്… ഞാനറിയാതെ എങ്ങനെയെയാടാ നീ കേറി അവരെ ഇറക്കി വിടുന്നത്…”ഇന്ന് വരെയില്ലാത്ത കട്ടിയും ഒച്ചയും എന്റെ വാക്കിലുണ്ടായിരുന്നു.മുനിലേക്ക് ഇറങ്ങി പേടിയോടെ നിൽക്കുന്ന ഏട്ടത്തി എന്നെ നോക്കുന്നൂന്ന് മനസ്സിലായിരുന്നു. പക്ഷെ അവരുടെ മുഖം കണ്ടാൽ ഞാൻ തകർന്നു പോവും.
ചുറ്റിനും നിന്ന ആളുകളുടെ നടുവിലെത്തിയപ്പോ സൈഡിൽ ചന്ദ്രയുണ്ടായിരുന്നു. ഞാൻ നോക്കാൻ നിന്നില്ല.എന്റെ ഈ വരവ് കണ്ട് ആളുകൾ ചെറുതായി പിറുപിറുക്കാൻ തുടങ്ങി.
“ഡാ ചെക്കാ നീയിതില് ഇടപെടാൻ നിക്കണ്ടാ… “ചന്ദ്രന്റെ ഒച്ച പൊന്തി “പൈസ കൊടുത്തില്ലേല്ല് ഇറക്കി വിടും.. പിന്നേം പോയില്ലേൽ തല്ലി ഇറക്കി വിടും..എല്ലാത്തിലും കേറി ഇടപെടാൻ നിന്നാല് …” അയാള്‍ പുച്ചിച്ചു ചിരിച്ചു.”മോന് കാര്യങ്ങളൊന്നും അറീല്ല..വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക് ” വേണ്ടന്ന് വിചാരിക്കുമ്പോ അപ്പോക്കേറി ചന്ദ്രൻ ഇങ്ങനെ ചിലച്ചോണ്ട് നിക്കും. ഞാനിത് രതീഷിൽ ഒതുക്കിയേനെ ഇയ്യാളിത് സമ്മതിക്കൂല.