അടുക്കളയിലേക്ക് കാലെടുത്തുവെച്ചത് ആരേലുമുണ്ടോന്ന് ശ്രദ്ധിച്ചാണ്. ഇനിയിപ്പോ നസീമ താത്തയുടെ എടുത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. ചേച്ചിയും ഹിബയും എന്തായാലും എത്താനായിട്ടുണ്ട്. എന്നാലും തത്തയെ നോക്കി ഇരിക്കുന്നത് തന്നെ ഒരു സുഖമാണ്. ഇരുമ്പ് വാതിൽ തുറന്ന് അകത്തേക്ക് കേറിയതും പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ മെല്ലെ ഒച്ച പൊക്കി മുഴങ്ങി. ഞാൻ പെട്ടന്നെടുത്തു പവർ ബട്ടൻ ഞെക്കി ഒച്ച പോക്കി. ഡിസ്പ്ലയിൽ സെന്തിന്റെ പേര്.
അടുക്കളയിൽ നിന്ന് ഇറങ്ങി ബാത്‌റൂമിനോട് ചേർന്ന് പരുങ്ങി ഞാൻ ഫോൺ ചെവിയിൽ വെച്ചു.
“ഹലോ…”
“എടാ നീ എവിടെയാ.ആ ചന്ദ്രനിറങ്ങി വിലസുന്നുണ്ട്. ഇന്നായിരുന്നു ഏട്ടത്തിക്ക് കൊടുത്ത അവധി അവസാനിക്കുന്നേന്ന ഇവിടെയൊക്കെ പറയണത്…ഇറക്കാനുള്ള പുറപ്പാടാടാ ..എന്തേലും ചെയ്തില്ലേൽ…!!.” അവൻ എന്റെ വാക്കുകൾക്ക് വേണ്ടി നിർത്തി.എന്റെയുള്ളിൽ സങ്കടം പൊട്ടി.ഏട്ടത്തിയെ പുറത്താക്കിയാൽ പടച്ചോനെ! പാവം എവിടെ പോവാനാ…അമ്മയുടെ ഈ വൃത്തികെട്ട മനസ്സാണ് എനിക്കിഷ്ടമില്ലാത്തത്. ഒന്നുമില്ലേലും സ്വന്തം മരുമോളല്ലേ.ഇറക്കി വിടുന്നത് മരുമോളെയും ഒന്നുമറിയാത്ത പേരകുട്ടിയേയുമല്ലേ?
“ആദി…അലോചിച്ച് തീർക്കാൻ സമയമില്ലട്ടോ.. നാട്ടുകാർ നാറികളൊക്കെ കാഴ്ച കാണാൻ കൂടിയിട്ടുണ്ട്…” എനിക്ക് പെരു വിരലിലൂടെ തരിപ്പങ്ങ് കേറി.
“നീ അവിടെ ണ്ടാവണം ഞാൻ അങ്ങട്ട് വരാം…” ഫോൺ പോക്കറ്റിലിട്ട് ഞാൻ വീടിന്റെ മുൻ വശത്തേക്ക് നടന്നു.തയ്ക്കുന്ന മുറിയിൽ നസീമതാത്ത തിരക്കിലാണ്. വന്ന പെണ്ണ് വാ അടക്കുന്നുമില്ല. ഒരു നോട്ടം കിട്ടിയാൽ പോയി എന്നെകിലും പറയാമായിരുന്നു. എന്നെ കണ്ടതേയില്ല. സമയമില്ല.ഞാൻ വീട്ടിൽ നിന്നും ഇറങ്ങി വഴിയിലൂടെ ഓടി. ആളുകളുടെ നടുവിൽ അന്ന് ഞാൻ കണ്ട,ഏട്ടത്തി കരഞ്ഞു നിൽക്കുന്ന കാഴ്ചയാണ് എന്റെ മുന്നിൽ നിറയെ. അതുപോലെ ഞാൻ ചെന്നില്ലേൽ ഇന്നുമുണ്ടാവും.സമ്മതിക്കരുത്!! അമ്മ അറിയുന്നേൽ അറിയട്ടെ!പോയി പണി നോക്കാൻ പറയണം. ചേട്ടനെ പോലെ എന്നെ പുറത്താക്കാനാണ് തീരുമാനമെങ്കിൽ അങ്ങു പുറത്താക്കട്ടെ.
നടവഴിയിലൂടെ ഓടി നീങ്ങുമ്പോ പല കണക്കു കൂട്ടലും എന്റെ മനസ്സിൽ വന്നു. ചേച്ചിയെയും ഹിബയെയും വഴിയിലൊന്നും കണ്ടില്ല. അവർ ചിലപ്പോ വേറെ എവിടേക്കെങ്കിലും പോയി കാണും. ഇനി വേണേൽ എന്നെ വിളിച്ചു നോക്കട്ടെ അത്രേം നേരം ഞാൻ അവിടെ നിന്നതല്ലേ..
ദൃതിയിലുള്ള നടത്തത്തിൽ ഞാൻ കുഴങ്ങി.. കമല ടീച്ചറുടെ വീടിന്റെ അടുത്ത വഴിയിലൂടെ ഞാൻ ഓടിയതാണ്.